മൽഖ റൂഹിക്കായി ലക്ഷം റിയാൽ സംഭാവനയുമായി വെൽകെയർ ഗ്രൂപ്
text_fieldsദോഹ: എസ്.എം.എ ടൈപ്പ് വൺ ബാധിതയായ മൽഖ റൂഹിയെന്ന പിഞ്ചുകുഞ്ഞിന്റെ ചികിത്സ ധനസമാഹരണത്തിലേക്ക് ഒരു ലക്ഷം റിയാൽ സംഭാവന ചെയ്ത് ഖത്തറിലെ പ്രമുഖ ഫാർമസി ഗ്രൂപ്പായ വെൽകെയർ. സംഭാവനയുടെ ചെക്ക് വെൽകെയർ ഗ്രൂപ് മാനേജിങ് ഡയറക്ടർ കെ.പി. അഷ്റഫ് ഖത്തർ ചാരിറ്റി പ്രതിനിധികൾക്ക് കൈമാറി. സ്പൈനൽ മസ്കുലാർ അട്രോഫി (എസ്.എം.എ) ടൈപ്പ്-1 എന്ന ഗുരുതര രോഗം ബാധിച്ച അഞ്ചു മാസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സക്കു വേണ്ടി മരുന്ന് ലഭ്യമാക്കാനുള്ള ഖത്തർ ചാരിറ്റിയുടെ അഭ്യർഥനയിലാണ് വെൽകെയർ ഗ്രൂപ് മുൻകൈയെടുത്ത് തങ്ങളുടെ ജീവനക്കാർക്കിടയിൽ ധനസമാഹരണ സംരംഭത്തിന് തുടക്കം കുറിച്ചത്.
കമ്പനിയിലെ ഉദാരമതികളായ ജീവനക്കാരുടെ കൂട്ടായ പരിശ്രമത്തിലൂടെ ലക്ഷ്യംവെച്ച തുകയായ ഒരു ലക്ഷം റിയാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ സമാഹരിക്കാൻ വെൽകെയർ ഗ്രൂപ്പിനായി.ഖത്തറിൽ മികച്ച ആരോഗ്യ സേവനങ്ങളുമായി ഏറെ മുൻനിരയിലുള്ള വെൽകെയർ ഗ്രൂപ് നൂറിലധികം ബ്രാൻഡുകളാണ് വിതരണം ചെയ്യുന്നത്. കൂടാതെ 90ലധികം ഫാർമസികളുടെയും വിതരണ ചാനലുകളുടെയും വലിയ ശൃംഖലയും വെൽകെയറിനുണ്ട്. സ്ഥാപനത്തിലെ ജീവനക്കാരുടെയും മാനേജ്മെന്റിന്റെയും പിന്തുണക്കും വിശാലമനസ്സിനും നന്ദി അറിയിക്കുന്നുവെന്നും അതിൽ അഭിമാനിക്കുന്നുവെന്നും മാനേജിങ് ഡയറക്ടർ അഷ്റഫ് കെ.പി പറഞ്ഞു. മൽഖക്ക് അടിയന്തര ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിൽ ഖത്തർ ചാരിറ്റിയുടെ പങ്കാളിത്തത്തിനും നന്ദി അറിയിക്കുകയാണെന്നും വെൽകെയർ ഗ്രൂപ് വാർത്തക്കുറിപ്പിൽ അദ്ദേഹം കൂട്ടിച്ചേർത്തു. മൽഖ റൂഹിക്കായുള്ള ധനസമാഹരണ സംരംഭത്തിലേക്ക് ഉദാരമായ സംഭാവനകൾ നൽകിയ വെൽകെയർ ഗ്രൂപ്പിന് ഹൃദ്യമായ നന്ദി രേഖപ്പെടുത്തുന്നതായി ഖത്തർ ചാരിറ്റി അറിയിച്ചു. വെൽകെയറിന്റെ പിന്തുണയോടെ മൽഖക്ക് വേണ്ടിയുള്ള പരിചരണം നൽകുന്നതിന് ഒരുപടികൂടി അടുത്തതായും ഖത്തർ ചാരിറ്റി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.