വെസ്റ്റ് ഏഷ്യൻ അത്ലറ്റിക്സ്: ബർഷിമിന് സ്വർണം
text_fieldsദോഹ: ഖത്തർ വേദിയാവുന്ന വെസ്റ്റ് ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ആതിഥേയരുടെ സൂപ്പർ താരം മുഅതസ് ബർഷിമിന് സ്വർണനേട്ടം. നീണ്ട ഇടവേളക്കു ശേഷം, ഫീൽഡിലിറങ്ങിയ ഒളിമ്പിക്സ്, ലോകചാമ്പ്യൻ താരം 2.20 മീറ്റർ ചാടിയാണ് സ്വർണമണിഞ്ഞത്. അടുത്തയാഴ്ച നടക്കുന്ന വേൾഡ് അത്ലറ്റിക്സ് ഡയമണ്ട് ലീഗിനുള്ള തയാറെടുപ്പായ മത്സരത്തിൽ പ്രതീക്ഷ നൽകുന്ന തുടക്കമാണ് ബർഷിമിനിത്. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയായിരുന്നു ബർഷിമിന്റെ കുതിപ്പ്. ഒമാനിന്റെ ഫാതിഖ് അബ്ദുൽ ഗഫൂർ വെള്ളിയും (2.05 മീ.), ഇറാഖിന്റെ ഹുസൈൻ ഫലാഹ് വെങ്കലവും നേടി.
വനിതാ ട്രിപ്ൾ ജംപിൽ 11.62 മീറ്റർ ചാടിയ ഖത്തറിന്റെ ബഷായർ ഉബൈദിനായിരുന്നു ചാമ്പ്യൻഷിപ്പിലെ ആദ്യ സ്വർണം. 100 മീറ്ററിൽ 10.13 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഖത്തറിന്റെ ഫെമി ഒഗുനോഡെ അതിവേഗ താരമായി മാറി. സൗദി അറേബ്യയുടെ അബ്ദുല്ല അബൂബക്കർ (10.23 സെ.) വെള്ളിയും ഖത്തറിന്റെ ടോസിൻ ഒഗുനോഡെ (10.31 സെ.) വെങ്കലവും നേടി. പുരുഷ 3000 സ്റ്റീപ്പ്ൾ ചേസിൽ ഖത്തറിന്റെ യാസിൻ സാലിം സ്വർണം നേടി.
ശനിയാഴ്ച വരെ നീണ്ടുനിൽക്കുന്ന മേളയിൽ ഖത്തർ, സൗദി, കുവൈത്ത്, ഒമാൻ, ബഹ്റൈൻ, യു.എ.ഇ, ഇറാഖ്, ലബനാൻ, ജോർഡൻ, ഫലസ്തീൻ, യമൻ, സിറിയ തുടങ്ങിയ രാജ്യങ്ങളാണ് പങ്കെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.