ചോദ്യങ്ങളെന്തുമാവാം, ഉത്തരവുമായി താലിബുണ്ട്
text_fieldsദോഹ: പഠനവും വിദ്യാഭ്യാസവും സംബന്ധമായ എല്ലാ ചോദ്യങ്ങൾക്കും ഉത്തരങ്ങളുമായി ഇനി വിളിപ്പുറത്ത് ‘താലിബ്’ ഉണ്ടാകും. വിദ്യാർഥികൾ, രക്ഷിതാക്കൾ, പൊതുജനങ്ങൾ എന്നിവരുടെ സംശയങ്ങൾക്ക് മറുപടി നൽകുന്ന ‘താലിബ്’ ചാറ്റ് ബോട്ടിന് വിദ്യാഭ്യാസ മന്ത്രാലയം തുടക്കം കുറിച്ചു.
അറബിയിലും ഇംഗ്ലീഷിലുമായി ഖത്തറിലെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധികൃതരുമായി ഇനി സംവദിക്കാം. വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയമാണ് നൂതന സംവിധാനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. വിദ്യാഭ്യാസ രംഗത്തെ സാങ്കേതികവത്കരണ പദ്ധതികളുടെ തുടർച്ചയായാണ് ചാറ്റ് ബോട്ട് സേവനം.
ഖത്തർ ദേശീയ വിഷൻ 2030ന് അനുസൃതമായി വിദ്യാഭ്യാസ മന്ത്രാലയം മികച്ച നേട്ടം കൊയ്യുമ്പോൾ, വിദ്യാഭ്യാസ മേഖലയുടെ ഭാവി വിഭാവനം ചെയ്യുന്നതിലും പുരോഗതിയുടെ പുതിയ തലങ്ങൾ വിശാലമാക്കുന്നതിലും ഇത്തരം നവീകരണങ്ങൾ വലിയ പങ്ക് വഹിക്കുന്നതായി മന്ത്രാലയം അസി.അണ്ടർ സെക്രട്ടറി ഡോ. ഇബ്റാഹിം സാലിഹ് അൽ നുഐമി പറഞ്ഞു.
ചാറ്റ് ബോട്ടിലൂടെ ഉന്നയിക്കുന്ന സംശയങ്ങൾക്ക് നിശ്ചിത സമയത്തിനുള്ളിൽ മറുപടി ലഭ്യമാക്കിയിട്ടില്ലെങ്കിൽ ചോദ്യം മന്ത്രാലയത്തിലെ ബന്ധപ്പെട്ട വകുപ്പിലേക്ക് കൈമാറും.
പുതിയ സേവനത്തെക്കുറിച്ചുള്ള പൊതുജനങ്ങളുടെ പ്രതികരണം അറിയാൻ ഏറെ താൽപര്യമുണ്ടെന്നും, സമയവും അധ്വാനവും ലാഭിക്കുന്നതോടൊപ്പം മികച്ച ആശയവിനിമയം സാധ്യമാക്കുന്നുവെന്നും അസി.അണ്ടർ സെക്രട്ടറി അറിയിച്ചു.
മന്ത്രാലയത്തിന്റെ ‘edu.gov.qa’ എന്ന വെബ്സൈറ്റിൽ പ്രവേശിക്കുന്നതോടെ ചാറ്റ്ബോട്ട് സന്ദർശകരെ സ്വാഗതം ചെയ്യുന്നു. സ്കോളർഷിപ്പ് പ്രോഗ്രാം, അക്കാദമിക് സർടിഫിക്കറ്റ് എങ്ങനെ നേടാം, സ്വകാര്യ സ്കൂളുകളിലെ വിദ്യാഭ്യാസ വൗച്ചറുകൾ സംബന്ധിച്ചുള്ള തുടങ്ങി ഏതു സംശയങ്ങൾക്കും ഇവിടെ ഉത്തരമുണ്ടായിരിക്കും. ഒറ്റക്ലിക്കിൽ സംശയങ്ങൾക്കെല്ലാം മറുപടി നൽകുന്നതാണ് ചാറ്റ്ബോട്ട് സേവനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.