ആരാവും ഏഷ്യൻ ബെസ്റ്റ്...?
text_fields
ദോഹ: ലോകകപ്പ് ഫുട്ബാളിൽ വമ്പൻ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച മണ്ണിൽ വീണ്ടുമൊരു ഫുട്ബാൾ താര രാവ്. ലോകകപ്പിന് ആതിഥേയരായി ഏറ്റവും മികച്ച വിശ്വമേള സമ്മാനിച്ച ഖത്തറിലേക്ക് വൻകരയുടെ താരപ്രഖ്യാപനമെത്തുമ്പോൾ ഏറെ പ്രത്യേകതകളുമുണ്ട്. 2019 ഏഷ്യൻ കപ്പ് ഫുട്ബാളിനു പിന്നാലെ ഖത്തറിലെ താരങ്ങൾ തിളങ്ങിയ പുരസ്കാര രാവ് കൂടിയായിരുന്നു അത്. കോവിഡ് വ്യാപനത്തെ തുടർന്ന് 2020 മുതൽ 2022 വരെ പുരസ്കാരം നൽകിരുന്നില്ല.
തുടർച്ചയായി നാലു വർഷം മുടങ്ങിയ ശേഷം ഇത്തവണ കൂടുതൽ വിപുലമായാണ് അഭിമാനകരമായ പുരസ്കാരം തിരികെയെത്തുന്നത്. മികച്ച പുരുഷ-വനിത താരങ്ങൾ, അന്താരാഷ്ട്ര തലത്തിൽ വിവിധ ക്ലബുകൾക്കായി മിന്നും പ്രകടനം നടത്തുന്ന താരങ്ങൾക്കുള്ള ‘ഏഷ്യൻ ഇന്റർനാഷനൽ െപ്ലയർ പുരസ്കാരം’, ഫുട്ബാൾ െപ്ലയർ ഓഫ് ദി ഇയർ, മികച്ച പുരുഷ-വനിത കോച്ചുമാർ, മികച്ച യുവതാരങ്ങൾ, വിവിധ വിഭാഗങ്ങളിലായി മികച്ച അസോസിയേഷനുകൾ, ഗ്രാസ് റൂട്ട് ഫുട്ബാൾ, റഫറീസ് അവാർഡ് എന്നിങ്ങനെ വ്യത്യസ്ത അവാർഡുകൾ താര രാവിൽ പ്രഖ്യാപിക്കും.
ഏഷ്യൻ ചാമ്പ്യന്മാർ കൂടിയായ ഖത്തർ ആദ്യമായാണ് ഏഷ്യൻ ഫുട്ബാളിലെ താര രാജാക്കന്മാരെ കണ്ടെത്തുന്ന ചടങ്ങിന് വേദിയാകുന്നത്. എ.എഫ്.സി ഭാരവാഹികൾ, ഫിഫ പ്രതിനിധികൾ, ഏഷ്യൻ വൻകരയിൽ നിന്നുള്ള പ്രമുഖ താരങ്ങളും മുൻകാല താരങ്ങളും, വിവിധ ടീമുകളുടെ പരിശീലകർ, വിവിധ ദേശീയ അസോസിയേഷൻ ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. വർണാഭമായ പരിപാടികളോടെയാണ് 17ഓളം വിഭാഗങ്ങളിലെ ജേതാക്കളെ പ്രഖ്യാപിക്കുന്നത്.
ഈയിടെ അന്തരിച്ച എ.എഫ്.സി വൈസ് പ്രസിഡന്റും ഫിഫ കൗൺസിൽ അംഗവുമായ സൗദ് അസിസ് അൽ മുഹന്നദിക്ക് ആദരാഞ്ജലി അർപ്പിച്ചായിരിക്കും അവാർഡ്ദാന ചടങ്ങുകൾക്ക് തുടക്കം കുറിക്കുക. ഏഷ്യൻ ഫുട്ബാളിനും ഖത്തറിലെയും മേഖലയിലെയും ഫുട്ബാൾ വളർച്ചയിലും ശ്രദ്ധേയ പങ്കുവഹിച്ച സൗദ് അൽ മുഹന്നദി ഈ വർഷം ജനുവരി 10നായിരുന്നു അന്തരിച്ചത്.
പുരസ്കാരത്തിന് വിവിധ വിഭാഗങ്ങളിലായി നാമനിർദേശം ചെയ്തവരിൽ ആസ്ട്രേലിയൻ, ഇറാൻ താരങ്ങൾക്കാണ് മേധാവിത്വം. മികച്ച പുരുഷ, വനിത താരങ്ങൾ, പുരുഷ ടീം കോച്ച്, റഫറിമാരുടെ പട്ടികയിലെ മൂന്നു പേർ ഉൾപ്പെടെ ഏഴ് ആസ്ട്രേലിയക്കാരാണ് അവാർഡിനുള്ള ചുരുക്കപ്പട്ടികയിൽ തിളങ്ങുന്നത്. ഫുട്സാലും ഏഷ്യൻ ഇന്റർനാഷനലും ഉൾപ്പെടെ ഇറാനിൽനിന്നും, മികച്ച വനിത താരങ്ങൾ, കോച്ച്, യുവതാരങ്ങളുടെ പട്ടികയിൽ ജപ്പാൻ താരങ്ങളും ഇടം നേടിയിട്ടുണ്ട്.
ഇന്നു രാത്രി എട്ടു മുതൽ
നാലു വർഷത്തെ ഇടവേളക്കു ശേഷമുള്ള ആദ്യ ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ അവാർഡുകൾക്ക് ദോഹ ഖത്തർ നാഷനൽ കൺവെൻഷൻ സെൻററാണ് വേദിയാവുന്നത്. അൽ മയാസ തിയറ്ററിൽ നടക്കുന്ന പുരസ്കാര ചടങ്ങുകൾ ഖത്തർ സമയം രാത്രി എട്ടിന് ആരംഭിക്കും. ഏഷ്യൻ ഫുട്ബാൾ ആരാധകർക്ക് എ.എഫ്.സിയുടെ ഡിജിറ്റൽ ചാനലുകളിൽ തത്സമയം കാണാം.
മൂവരിൽ ആര്..
അൽ മുഈസ് അലി
(അൽ ദുഹൈൽ/ഖത്തർ)
ഖത്തർ ദേശീയ ടീമിന്റെയും ചാമ്പ്യൻ ക്ലബായ അൽ ദുഹൈൽ എസ്.സിയുടെ പ്രധാന താരമാണ് അൽ മുഈസ് അലി. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെ കാലമായി ദേശീയ ടീമിന്റെ ഭാഗം. 2016 മുതൽ അൽ ദുഹൈലിന്റെ മുന്നേറ്റ നിരയിലുണ്ട്. കഴിഞ്ഞ സീസണിൽ ക്ലബ് കുപ്പായത്തിൽ 200 മത്സരങ്ങൾ പൂർത്തിയാക്കിയ താരവുമായി. ഖത്തർ സ്റ്റാർസ് ലീഗ് കിരീടവും എ.എഫ്.സി ചാമ്പ്യൻസ് ലീഗ് യോഗ്യതയും നൽകിയതിനൊപ്പം അമീർ കപ്പ്, ഖത്തരി സ്റ്റാർസ് കപ്പ്, ഖത്തർ കപ്പ് കിരീടങ്ങളിലും അൽ ദുഹൈലിനെ എത്തിച്ചു. ദേശീയ ടീമിനായി ഇതുവരെ 42 ഗോളുകൾ നേടി മുൻനിരയിലുമുണ്ട്.
മാത്യൂ ലെകി
(മെൽബൺ സിറ്റി/ആസ്ട്രേലിയ)
16 വർഷത്തിനിടെ ആസ്ട്രേലിയ ലോകകപ്പ് ഫുട്ബാളിന്റെ നോക്കൗട്ട് റൗണ്ടിൽ ഇടംപിടിച്ച ഖത്തർ ലോകകപ്പിൽ സോക്കറൂസിന്റെ സൂപ്പർതാരമായിരുന്നു മാത്യൂ ലെക്കി. ഗ്രൂപ് റൗണ്ടിലെ നിർണായകമായ അവസാന മത്സരത്തിൽ കരുത്തരായ ഡെന്മാർകിനെ സോക്കറൂസ് അട്ടിമറിച്ചപ്പോൾ വിജയ ഗോൾ 60ാം മിനിറ്റിൽ മാത്യൂ ലെക്കി മധ്യവരകടന്നെത്തിയ പന്തിനെ മെരുക്കിയെടുത്ത് നേടിയ മനോഹര ഗോൾ ചരിത്രമായി. ടീമിന് പ്രീക്വാർട്ടർ ബർത്തും നൽകി. ക്ലബ് സീസണിൽ മെൽബൺ സിറ്റിക്കായി നാല് അസിസ്റ്റ് ഉൾപ്പെടെ മികച്ച പ്രകടനവും പുറത്തെടുത്തു.
സലിം അൽ ദൗസരി
(അൽ ഹിലാൽ, സൗദി)
2022 ലോകകപ്പിലൂടെ ഈ യുവതാരത്തിന്റെ മികവ് ലോകം തിരിച്ചറിഞ്ഞതാണ്. ആദ്യ മത്സരത്തിൽ അർജന്റീനയെ സൗദി അട്ടിമറിച്ചപ്പോൾ വിജയ ഗോളും ഉശിരൻ മുന്നേറ്റങ്ങളുമായി 32കാരനായ താരം തിളങ്ങി. അന്ന് അന്താരാഷ്ട്ര ഫുട്ബാളിലെ ആരാധകരുടെയും വിദഗ്ധരുടെയും ഫേവറിറ്റ് ലിസ്റ്റിൽ ഇടം നേടുകയായിരുന്നു ഇദ്ദേഹം. 2018 റഷ്യയിലും അൽ ദൗസരി സ്കോർ ചെയ്തിരുന്നു. 2012 മുതൽ സൗദിക്കു വേണ്ടി കളിക്കുന്ന താരം 22 ഗോളുകൾ നേടിയിട്ടുണ്ട്. അൽ ഹിലാലിനായി 228 മത്സരങ്ങൾ പൂർത്തിയാക്കി. കിങ്സ് കപ്പ്, സൗദി പ്രോ ലീഗ്, ചാമ്പ്യൻസ് ലീഗ് എന്നിവയിൽ ക്ലബ് കുപ്പായത്തിലും താരം തിളങ്ങി.
2019 എ.എഫ്.സി ബെസ്റ്റ് െപ്ലയർ പുരസ്കാരവുമായി അക്രം അഫീഫ്
അഫീഫും കരീമും മുത്തമിട്ട പുരസ്കാരം
ദോഹ: ഏഷ്യൻ ഫുട്ബാൾ അവാർഡുദാന ചടങ്ങിന് ഖത്തർ ആദ്യമായാണ് വേദിയാകുന്നതെങ്കിലും ഏറ്റവും ഒടുവിൽ മികച്ച താരങ്ങളായി രണ്ടുവട്ടം തിരഞ്ഞെടുക്കപ്പെട്ടത് ഖത്തറിൽ നിന്നുള്ളവരായിരുന്നു. 2018ൽ അൽ സദ്ദിന്റെ അബ്ദുൽ കരീം ഹസനും 2019ൽ അൽ സദ്ദിന്റെ തന്നെ അക്രം അഫീഫും. 2019ൽ ഏഷ്യൻ കപ്പ് വിജയത്തിലെ നിർണായക പ്രകടനമായിരുന്നു അക്രം അഫീഫിന് നേട്ടത്തിലേക്ക് വഴിയൊരുക്കിയത്. സെമിയിൽ യു.എ.ഇക്കെതിരെ മൂന്നും ഫൈനലിൽ ജപ്പാനെതിരെ രണ്ടും ഉൾപ്പെടെ 10 അസിസ്റ്റുകളുമായി അഫീഫ് സൂപ്പർ താരമായി. എ.എഫ്.സി ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ വരെയെത്തിച്ച അൽ സദ്ദിന്റെ പ്രകടനത്തിലും അക്രം അഫീഫ് തിളങ്ങി.
ഏഷ്യൻ ഇന്റർനാഷനൽ െപ്ലയർ
● മെഹ്ദി തരേമി (എഫ്.സി പോർട്ടോ, ഇറാൻ), കൗറു മിതോമ (റോയൽ യൂനിയൻ, ബ്രൈറ്റൺ- ജപ്പാൻ), കിം മിൻ ജി (ഫെനർബാഷെ/നാപോളി- ദ. കൊറിയ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.