കെ.എം.സി.സിയെ ആരു നയിക്കും; ഇന്ന് തെരഞ്ഞെടുപ്പ്
text_fieldsദോഹ: പ്രവാസി കൂട്ടായ്മ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച. മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിന്റെ സാന്നിധ്യത്തിലാണ് പ്രവാസി മലയാളികൾ ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ്. പതിറ്റാണ്ടുകാലമായി സംഘടനയെ നയിക്കുന്ന എസ്.എ.എം ബഷീറിന്റെ നേതൃത്വത്തിലുള്ള സംഘം അധികാര തുടർച്ചക്കായി ശ്രമിക്കുമ്പോൾ, ‘നവ നേതൃത്വം പുതു യുഗം’എന്ന വാഗ്ദാനവുമായി ഡോ. സമദിന്റെ നേതൃത്വത്തിൽ മറുവിഭാഗവും രംഗത്തുണ്ട്.
രണ്ടു ദിവസം മുമ്പു തന്നെ ദോഹയിലെത്തിയ മുസ്‍ലിം ലീഗ് ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ വോട്ടെടുപ്പ് ഒഴിവാക്കി സമവായത്തിലൂടെ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കാനാണ് ആദ്യ ശ്രമം. ഇതു വിജയം കണ്ടില്ലെങ്കിൽ ജനാധിപത്യ മാർഗത്തിൽ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കി.
വെള്ളിയാഴ്ച ദോഹയിലെ ഗൾഫ് പാരഡൈസിലാണ് സംസ്ഥാന കൗൺസിൽ യോഗം. പഞ്ചായത്ത്, മണ്ഡലം, ജില്ല കമ്മിറ്റികൾ നേരത്തെ തന്നെ നിലവിൽ വന്നു. കീഴ്ഘടകങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 360 സംസ്ഥാന കൗൺസിലർമാരാണ് സംസ്ഥാന ഭാരവാഹികളെ കണ്ടെത്തുന്നത്.
ദീർഘകാലമായി സംഘടനയെ നയിക്കുന്ന നിലവിലെ പ്രസിഡന്റ് എസ്.എ.എം ബഷീർ ഉൾപ്പെടെ ഭാരവാഹികൾ മാറി പുതിയ നേതൃത്വം വരണമെന്ന ആവശ്യവുമായി ഡോ. സമദ് (കോഴിക്കോട്) പ്രസിഡന്റും, സലിം നാലകത്ത് (മലപ്പുറം) ജനറൽ സെക്രട്ടറിയും, പി.എസ്.എം ഹുസൈൻ (തൃശൂർ) ട്രഷററുമായി പുതു സംഘത്തെ അവതരിപ്പിക്കുന്നത്.
‘നവ നേതൃത്വം, പുതു യുഗം’എന്ന സന്ദേശവുമായി പ്രകടന പത്രിക പുറത്തിറക്കിയാണ് ഡോ. സമദും സംഘവും നേതൃമാറ്റം ആവശ്യപ്പെടുന്നത്. ആധുനിക സാങ്കേതിക സംവിധാനത്തോടെ ആസ്ഥാന മന്ദിരം, കെ.എം.സി.സി നിയന്ത്രണത്തിൽ ഇന്റർനാഷണൽ സ്കൂൾ, അംഗങ്ങൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്ന സ്നേഹ സുരക്ഷാ പദ്ധതി.
സമഗ്ര പ്രവാസി പെൻഷൻ പദ്ധതി, സമഗ്ര ആരോഗ്യ സുരക്ഷാ സ്കീം, സമ്പൂർണ ഡാറ്റാ ബാങ്ക്, തൊഴിൽ ദാതാക്കളെയും അന്വേഷകരെയും ബന്ധിപ്പിക്കുന്ന ജോബ് സെൽ, വളന്റിയർമാരുടെ സോഷ്യൽ ഗാർഡ്, രാഷ്ട്രീയ ബോധവൽകരണ പദ്ധതിയായി ഹിസ്റ്ററി ക്ലബ് തുടങ്ങിയ നിരവധി വാഗ്ദാനങ്ങൾ ഇവർ മുന്നോട്ട് വെക്കുന്നു.
അതേസമയം, ‘പരിചയ സമ്പന്നതയും നേതൃത്വ ഗുണവും’എന്നതാണ് സ്ഥാനത്തുടർന്ന തേടുന്ന എസ്.എ.എം ബഷീറിന്റെ വാഗ്ദഗാനം. കോഴിക്കോട് നിന്നുള്ള ബഷീർ ഖാൻ ജനറൽ സെക്രട്ടറിയായും, പി.പി അബ്ദുൽ റഷീദ് (മലപ്പുറം) ട്രഷററുമായാണ് സ്ഥാന തുടർച്ചക്കായി ശ്രമിക്കുന്നത്.
2017ലാണ് നിലവിലെ സംസ്ഥാന കമ്മിറ്റി അധികാരത്തിൽ വന്നത്. കോവിഡ് കാലത്തെ പ്രവർത്തനങ്ങളും ജീവകാരുണ്യ മേഖലയിലെ മികവുമെല്ലാം എസ്.എ.എം ബഷീറിനെ പിന്തുണക്കുന്ന സംഘത്തിന് നേട്ടമാകും. സംസ്ഥാന കൗൺസിലിൽ 132 അംഗങ്ങളുള്ള കോഴിക്കോടും, 99 അംഗങ്ങളുള്ള മലപ്പുറവുമായിരിക്കും കെ.എം.സി.സിയുടെ പുതിയ കമ്മിറ്റിയെ ആര് നയിക്കണമെന്ന് തീരുമാനിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.