ഓൺലൈൻ ഷോപ്പിങ്ങിന് പ്രിയമേറുന്നു
text_fieldsദോഹ: സൂഖുകളും ഹൈപ്പർമാർക്കറ്റുകളും മാളുകളുമായി തകൃതിയായ വിപണിക്കൊപ്പം രാജ്യത്തെ ഓൺലൈൻ വ്യാപാരവും കുതിച്ചുയരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളിലെ സൂചനകൾ പ്രകാരം ഓൺലൈൻ വിപണയിൽ ഉപഭോക്താക്കളുടെ എണ്ണം വർധിക്കുന്നതായാണ് സൂചന.
ഈ വർഷം ഒാൺലൈൻ വ്യാപാര മേഖല സ്ഥിരമായ വളർച്ച രേഖപ്പെടുത്തിയതായി വ്യത്യസ്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ പ്രധാന നട്ടെല്ലായി ഒാൺലൈൻ വ്യാപാരവും ഷോപ്പിങ്ങും മാറുന്നുവെന്നതിന്റെ സൂചനയാണിത്.
നോമ്പും പെരുന്നാളും ഉൾപ്പെടെ ആഘോഷങ്ങളും പ്രവാസികളായ വിവിധ കമ്യൂണിറ്റികളുടെ ഉത്സവങ്ങളുമെല്ലാം എത്തുമ്പോൾ വസ്ത്രം, ഗാർഹിക ഉൽപന്നങ്ങൾ, സ്റ്റേഷനറി, ഗിഫ്റ്റ്, സ്മാർട്ട് ഫോൺ-അനുബന്ധ ഉൽപന്നങ്ങൾ, ഇലക്ട്രോണിക്സ് തുടങ്ങിയവക്ക് ഓൺലൈൻ വിപണിയിൽ ആവശ്യക്കാർ കൂടുന്നു.
ഒാൺലൈനിൽ ഇഷ്ട സാധനങ്ങൾ വാങ്ങുന്നതിനുള്ള സൗകര്യവും വഴക്കവും എളുപ്പവുമാണ് ഒാൺലൈൻ വ്യാപാരത്തെ തെരഞ്ഞെടുക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നത്. കോവിഡിന്റെ തുടക്കത്തോടെ നിർബന്ധിതരായി ഒാൺലൈൻ ഷോപ്പിങ്ങിലേക്ക് മാറിയവർ ഇപ്പോഴും അത് തുടരുന്നു.
പ്രമുഖ ഹൈപ്പർ മാർക്കറ്റുകൾ, മറ്റ് ഇലക്ടോണിക് ഷോപ്പുകൾ, സൂപ്പർമാർക്കറ്റ് എന്നിവയെല്ലാം ഓൺലൈൻ വിൽപനയിലും സജീവമാണ്. ഷോപ്പുകളിൽ നേരിട്ട് സാധനങ്ങൾ വാങ്ങുന്നതിനേക്കാൾ സൗകര്യപ്രദമാണ് ഒാൺലൈൻ ഷോപ്പിങ്ങെന്നും പ്രയാസമില്ലാതെ തങ്ങളുടെ സൗകര്യത്തിനനുസരിച്ച് ഉൽപന്നങ്ങൾ തെരഞ്ഞെടുക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കുന്നുവെന്നും സ്ഥിരമായി ഒാൺലൈൻ ഷോപ്പിങ്ങിനെ ആശ്രയിക്കുന്ന മലയാളിയായ പ്രവാസി വീട്ടമ്മ ആയിഷ പറഞ്ഞു.
ലുലു, കാരിഫോർ, നംഷി എന്നിവിടങ്ങളിൽനിന്ന് ഒാൺലൈനായാണ് പർച്ചേസ് ചെയ്യുന്നത്. ഒറ്റക്ലിക്കിലൂടെ നിരവധി ഉൽപന്നങ്ങൾ സെർച് ചെയ്യാൻ സാധിക്കുന്നതിനൊപ്പം സമയലാഭവുമാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത് തിരക്കേറിയ അന്തരീക്ഷമോ സമ്മർദങ്ങളോ ഇല്ലാതെ മറ്റുള്ള ഷോപ്പുകളെ അപേക്ഷിച്ച് വിലക്കിഴിവും അല്ലെങ്കിൽ താങ്ങാവുന്ന വിലയും ഒാൺലൈൻ ഷോപ്പിങ് തെരഞ്ഞെടുക്കുന്നതിൽ പ്രധാന ഘടകങ്ങളാകുന്നുണ്ട്.
ഉപഭോക്താക്കൾക്കൊപ്പം സംരംഭകരുടെ വലിയ പ്രചാരണവും ഒാൺലൈൻ വ്യാപാരത്തെ വളർത്തുന്നതിൽ മികച്ച പങ്ക് വഹിക്കുന്നുണ്ട്. പ്രാദേശിക സമൂഹത്തിനും സമ്പദ് വ്യവസ്ഥക്കും ഒാൺലൈൻ ഷോപ്പിങ് വലിയ പ്രയോജനം ചെയ്യുമെന്നാണ് സംരംഭകർ അവകാശപ്പെടുന്നത്.
ഖത്തറിലെ വളർന്നുവരുന്ന യുവതലമുറ അവരുടെ സൗകര്യത്തിനും ഉപഭോക്തൃ സേവനത്തിനുമായി സമൂഹമാധ്യമങ്ങളിലൂടെയാണ് അധികവും ഷോപ്പിങ് നടത്തുന്നത്. കോവിഡ് മഹാമാരിക്കാലത്താണ് വിപണി കീഴടക്കി ഒാൺലൈൻ, ഇ-കോമേഴ്സ് സ്ഥാപനങ്ങൾ ഖത്തറിൽ സജീവമായിത്തുടങ്ങിയത്.
കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതോടെ ഒാൺലൈൻ വ്യാപാരമേഖലയിൽ ഇടിവ് വരുമെന്ന ആശങ്കയുണ്ടായിരുന്നെങ്കിലും 2023ലും ഒാൺലൈൻ വ്യാപാരമേഖലയിലെ വളർച്ചയിൽ രേഖപ്പെടുത്തിയിരിക്കുന്ന സ്ഥിരത സംരംഭകരെ സംബന്ധിച്ച് ഏറെ ആശാവഹമാണ്.
രാജ്യത്തെ ഇ-കോമേഴ്സ് വിപണി കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കുന്നതായി നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. കൂടുതൽ ഉപഭോക്താക്കളും റീട്ടെയിൽ സ്ഥാപനങ്ങളും ഒാൺലൈൻ പ്ലാറ്റ്ഫോമുകളിലേക്ക് ചേക്കേറുന്നതും പതിവ് കാഴ്ചയായിരിക്കുന്നു. നേരത്തേ ഫാഷൻ, തുണിത്തരങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ മാത്രമായിരുന്നു കൂടുതലായും ഒാൺലൈനിൽ ലഭ്യമായിരുന്നതെങ്കിൽ ഇപ്പോൾ ഭക്ഷ്യ സാധനങ്ങൾ മുതൽ പലചരക്കുകൾ വരെ ഒറ്റക്ലിക്കിൽ വീട്ടിലെത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.