ലബനാന് പിന്തുണ തുടരും -ഖത്തർ
text_fieldsദോഹ: ഇസ്രായേലിന്റെ ആക്രമണം തുടരുന്ന ലബനാനിലെ ജനങ്ങൾക്കുള്ള പിന്തുണ തുടരുമെന്ന് ആവർത്തിച്ച് ഖത്തർ. ലബനാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാരിസില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ ഖത്തര്‍ വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിന്‍ അബ്ദുൽ അസീസ് ബിന്‍ സാലിഹ് അല്‍ ഖുലൈഫിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഐക്യരാഷ്ട്ര സഭയും യൂറോപ്യന്‍ യൂനിയനും അടക്കം ലബനാനിലേക്ക് സഹായമെത്തിക്കുന്ന ഏജന്‍സികളുമായി കൈകോര്‍ത്ത് ഖത്തർ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘ലബനാനിനെതിരെ ഇസ്രായേല്‍ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്.
നിലവിലെ ആക്രമണങ്ങള്‍ സൈനിക നടപടിയായി കാണാനാവില്ല. ഒരു രാജ്യത്തിന്റെ അഖണ്ഡതക്കുമേലുള്ള കടന്നുകയറ്റമാണ് ഇസ്രായേല്‍ നടത്തുന്നത്’ -ഖത്തര്‍ കുറ്റപ്പെടുത്തി.
മേഖലയെ മുഴുവന്‍ യുദ്ധത്തിലേക്ക് വലിച്ചിഴക്കുക മാത്രമല്ല ഇസ്രായേല്‍ ചെയ്യുന്നത് ആഗോള സമാധാനത്തിനും സുരക്ഷക്കും വെല്ലുവിളി ഉയര്‍ത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലബനാനിലെ യു.എൻ സേനക്കെതിരായ ആക്രമണത്തെയും ഖത്തർ അപലപിച്ചു.
ആക്രമണം ആരംഭിച്ചതിനു പിന്നാലെ നടപ്പാക്കിയ എയർ ബ്രിഡ്ജ് വഴി ഖത്തർ 150 ടണ്ണിലേറെ സഹായ വസ്തുക്കൾ ബെയ്റൂത്തിലെത്തിച്ചതായും വിദേശകാര്യ സഹമന്ത്രി ചൂണ്ടിക്കാണിച്ചു. വ്യാഴാഴ്ചയും അമിരി വ്യോമസേനാ വിമാനം സഹായ വസ്തുക്കളുമായി ലബനാനിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.