പ്രവാസികളുടെ സ്വപ്നം പൂവണിയും; 100 ടിക്കറ്റുകൾ നൽകി ഖത്തർ വ്യവസായി റിയാസ് ആദം
text_fieldsദോഹ: അർഹതയുണ്ടായിട്ടും ടിക്കറ്റിന് പണമില്ലാത്തതിനാൽ നാട്ടിലെത്താൻ കഴിയാത്ത പ്രവാസികൾക്കായി ഗൾഫ് മാധ്യമവും മീഡിയ വണ്ണും ചേർന്നൊരുക്കുന്ന ‘വിങ്സ് ഒാഫ് കംപാഷൻ’ പദ്ധതി നാട് ഏറ്റെടുക്കുന്നു. ദിനംതോറും പദ്ധതിയുമായി സഹകരിക്കാൻ ഉദാരമനസ്കർ എത്തുകയാണ്.
പദ്ധതിയിലേക്ക് ഖത്തറിലെ പ്രമുഖ വ്യവസായിയും ദോഹ ആസ്ഥാനമായ ബെയ് വൂ ഇൻറര്‍നാഷനല്‍ കമ്പനി ഉടമയുമായ റിയാസ് ആദം 100 വിമാനടിക്കറ്റുകൾ നൽകി. ഓയില്‍ ആൻഡ് ഗ്യാസ് മേഖലയിലെ പ്രമുഖ സ്ഥാപനമാണിത്. മെഡിക്കല്‍ രംഗത്തെ സുരക്ഷാ ഉപകരണങ്ങളുടെ മൊത്ത വിതരണക്കാര്‍ കൂടിയാണ്. നിലവില്‍ ഖത്തറിലെ സര്‍ക്കാര്‍ മേഖലയിലടക്കം കോവിഡ് പ്രതിരോധ മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതും ബെയ് വൂ ആണ്.
എല്ലാ അര്‍ത്ഥത്തിലും നിരാലംബരായ പ്രവാസികള്‍ക്ക് പ്രവാസ ലോകത്തുനിന്ന് തന്നെ ആശ്വാസം നല്‍കുക എന്നതിനാലാണ് പദ്ധതിയുമായി സഹകരിക്കുന്നതെന്ന് റിയാസ് ആദം പറഞ്ഞു. ടിക്കറ്റിനായുള്ള തുകയുടെ ചെക്ക് റിയാസ് ആദം മീഡിയവണ്‍ ഖത്തര്‍ മാര്‍ക്കറ്റിങ് മാനേജര്‍ നിഷാന്ത് തറമ്മേലിന് കൈമാറി.
അർഹതയുണ്ടായിട്ടും ടിക്കറ്റിന് പണമില്ലാത്തതിനാൽ നാട്ടിലെത്താൻ കഴിയാത്ത പ്രവാസികൾക്കാണ് ‘വിങ്സ് ഒാഫ് കംപാഷൻ’ പദ്ധതി വഴി സൗജന്യ വിമാനടിക്കറ്റ് നൽകുക. കോവിഡിൻെറ പശ്ചാത്തലത്തിൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഇന്ത്യൻ സർക്കാർ അയക്കുന്ന പ്രത്യേക വിമാനങ്ങളിലെ യാത്രക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടും ടിക്കറ്റിന് പണമില്ലാതെ കഷ്ടപ്പെടുന്നവക്കാണ് വിമാനടിക്കറ്റുകൾ നൽകുന്നത്.
https://woc.madhyamam.com/ എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റിനായി രജിസ്റ്റർ ചെയ്യാം. നൻമ വറ്റാത്ത പ്രവാസി സമൂഹവും വ്യവസായ നായകരും നിശബ്ദ സേവകരും കൈകോർത്താണ് ‘വിങ്സ് ഒാഫ് കംപാഷൻ’ പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. പദ്ധതിയുമായി സഹകരിക്കാൻ താൽപര്യമുള്ളവർക്ക് ഖത്തറിൽ 00974 5509 1170 നമ്പറിൽ വാട്സ്ആപ്പ് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.