തണുപ്പ് സജീവമായി; യാത്രക്കാരുടെ എണ്ണത്തിലും വർധന
text_fieldsദോഹ: ശൈത്യകാലം ആരംഭിച്ചതിനു പിറകെ ഖത്തറിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വർധനവുണ്ടായി. ഈ വർഷം നവംബറിൽ വിമാനയാത്രക്കാരുടെ എണ്ണത്തിൽ 6.1 ശതമാനം വർധന രേഖപ്പെടുത്തിയെന്നാണ് പ്രാഥമിക കണക്കുകൾ നൽകുന്ന സൂചന. ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം നവംബറിൽ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ 39 ലക്ഷം പേർ യാത്ര ചെയ്തപ്പോൾ ഈ വർഷം നവംബറിൽ യാത്രക്കാരുടെ എണ്ണം 42 ലക്ഷം കവിഞ്ഞു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2024 ഒക്ടോബറിൽ എയർ കാർഗോ, മെയിൽ വിഭാഗത്തിൽ 7.4 (229,279 ടൺ) വർധന രേഖപ്പെടുത്തി. വിമാന നീക്കത്തിലും 1.9 ശതമാനം വർധന രേഖപ്പെടുത്തി. 2023 നവംബറിൽ 22,195 വിമാനങ്ങൾ ഹമദ് വിമാനത്താവളം വഴി യാത്ര ചെയ്തപ്പോൾ ഈ വർഷം നവംബറിൽ വിമാനങ്ങളുടെ എണ്ണം 22,610 ആയി വർധിച്ചു.
2023-2024 സാമ്പത്തിക വർഷത്തിൽ ദേശീയ വിമാനക്കമ്പനിയായ ഖത്തർ എയർവേസ് ഏകദേശം 40 ദശലക്ഷം യാത്രക്കാരെയാണ് വഹിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് ഏകദേശം എട്ട് ദശലക്ഷം വർധന യാത്രക്കാരുടെ എണ്ണത്തിൽ രേഖപ്പെടുത്തി. അതേസമയം, ഖത്തർ ടൂറിസത്തിന്റെ 2024 മൂന്നാം പാദത്തിലെ റിപ്പോർട്ടുകൾ പ്രകാരം അന്താരാഷ്ട്ര സന്ദർശകരുടെ എണ്ണത്തിൽ 26 ശതാമനം വർധന രേഖപ്പെടുത്തി. ജി.സി.സിയിൽനിന്നാണ് ഏറ്റവും കൂടുതൽ സന്ദർശകരെത്തിയത്.
യൂറോപ്പാണ് രണ്ടാമത്. ഹോട്ടൽ ഒക്യുപെൻസി നിരക്കിൽ ഈ വർഷം മൂന്നാം പാദത്തിൽ നിരക്ക് 66 ശതമാനത്തിലെത്തിയെന്നും, 26 ശതമാനം വർധനയാണ് രേഖപ്പെടുത്തിയതെന്നും ഖത്തർ ടൂറിസം അറിയിച്ചു.
ശൈത്യകാലം സജീവമായതോടെ വിവിധ വിനോദ, വിജ്ഞാന പരിപാടികൾക്കാണ് രാജ്യം സാക്ഷ്യംവഹിക്കുന്നത്. ഇതോടൊപ്പം സന്ദർശകരും കുടുംബയാത്രികരുമായി എണ്ണവും വർധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.