ലോകകപ്പ് വിജയത്തിന് പിന്നിൽ വിവേകമതികളായ നേതൃത്വം -ശൈഖ് മുഹമ്മദ് ആൽഥാനി
text_fieldsദോഹ: 2022ലെ ഫിഫ ലോകകപ്പ് ആതിഥേയത്വത്തിൽ ഖത്തറിന്റെ വിജയത്തിനുപിന്നിൽ വിവേകപൂർണമായ നേതൃത്വത്തിന്റെ ശക്തമായ പിന്തുണയാണെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി മാനേജിങ് ഡയറക്ടർ ശൈഖ് മുഹമ്മദ് ബിൻ ഹമദ് ആൽഥാനി.
രാജ്യത്തിന്റെ പക്വതയാർന്ന നേതൃത്വം സംഘാടകരുടെ എല്ലാ പ്രവർത്തനങ്ങളെയും പിന്തുണക്കുകയും വിവിധ സംസ്കാരങ്ങളും വൈവിധ്യവും കൊണ്ട് ലോകം അംഗീകരിച്ച ഈ മഹത്തായ വിജയത്തിനുപിന്നിൽ നിലകൊള്ളുകയും ചെയ്തു. ശൂന്യതയിൽ നിന്നല്ല, മറിച്ച് ഒരു വ്യാഴവട്ടക്കാലം ദൈർഘ്യമേറിയ മഹത്തായ പ്രവർത്തനഫലമായുണ്ടായതാണ് ഈ വിജയമെന്നും ശൈഖ് മുഹമ്മദ് ബിൻ ഹമദ് ആൽഥാനി പറഞ്ഞു.
നേതൃത്വത്തിന്റെ അകമഴിഞ്ഞ പിന്തുണ കാരണം ലോകകപ്പിന്റെ വിശിഷ്ടമായ ഒരു പതിപ്പ് സംഘടിപ്പിക്കുന്നതിൽ ഉന്നതവിജയം കൈവരിക്കാനുള്ള ഖത്തറിന്റെ കഴിവ് സംബന്ധിച്ച് സുപ്രീം കമ്മിറ്റിക്ക് ആത്മവിശ്വാസമുണ്ടായിരുന്നെന്നും അൽകാസ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
വിജയത്തിനായി പ്രത്യേക മാനദണ്ഡങ്ങൾ സംഘാടകർ മുന്നോട്ടുവെച്ചിരുന്നതായും പ്രത്യേകിച്ചും ലോകത്തിന് പ്രയോജനപ്പെടുന്ന ടൂർണമെൻറ് മാതൃക, ലോകകപ്പിനോടൊപ്പമുള്ള വൻതോതിലുള്ള ജനങ്ങളുടെ സാന്നിധ്യം എന്നിവ അതിൽ പ്രധാനപ്പെട്ടവയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പങ്കെടുത്ത ടീമുകളുടെയും മത്സരങ്ങളുടെയും നിലവാരവും അർജൻറീനയും ഫ്രാൻസും തമ്മിൽ ഏറ്റുമുട്ടിയ ഫൈനൽ മത്സരവുമെല്ലാം അതിൽ നിർണായക ഘടകങ്ങളായിരുന്നു.
പ്രതീക്ഷിച്ചതിലപ്പുറമായിരുന്നു ഓരോ മത്സരഫലങ്ങളും. സെമി ഫൈനലിലെ അറബ്, ആഫ്രിക്കൻ പ്രാതിനിധ്യമായിരുന്ന മൊറോക്കോയെ അഭിനന്ദിക്കുകയാണ്. അവസാന നാലിൽ കടക്കുന്ന ആദ്യ അറബ്, ആഫ്രിക്കൻ രാജ്യമെന്ന നിലയിൽ അവർ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്. ലോകകപ്പ് സംഘാടനത്തിനുമുമ്പ് ഖത്തർ മുന്നോട്ടുവെച്ച വാഗ്ദാനങ്ങൾ നിറവേറ്റുന്നതായിരുന്നു ഈ ലോകകപ്പ്. ഏറെക്കാലങ്ങൾക്കുശേഷം ലോകം കടമെടുക്കുന്ന നിരവധി മാതൃകകളാണ് ഖത്തർ ലോകത്തിനുമുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്.
സംഘാടനത്തിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് സംഘടിപ്പിച്ച ടൂർണമെൻറിൽ നിരവധി കാര്യങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുണ്ട്. മിഡിലീസ്റ്റിനെക്കുറിച്ചും ഇസ്ലാമിക ലോകത്തെക്കുറിച്ചുമുണ്ടായിരുന്ന മുൻധാരണകളെയും വാർപ്പുമാതൃകകളെയും മാറ്റിമറിക്കുന്നതിനുള്ള അവസരമായിരുന്നു ലോകകപ്പ് മുന്നോട്ടുവെച്ചത്. എല്ലാ വകുപ്പുകളുടെയും കഠിനാധ്വാനവും ആത്മാർഥതയും ചാമ്പ്യൻഷിപ്പിന്റെ സമ്പൂർണ വിജയത്തിന് പിന്നിലുണ്ടെന്നും എസ്.സി മാനേജിങ് ഡയറക്ടർ ചൂണ്ടിക്കാട്ടി.
എല്ലാവർക്കും നന്ദി
‘ലോകകപ്പ് ആതിഥേയത്വത്തിനുള്ള അവകാശം നേടിയതിന് ശേഷമുള്ള 12 വർഷം വളരെ ദുഷ്കരമായ ഘട്ടങ്ങളിലൂടെയാണ് സുപ്രീം കമ്മിറ്റി കടന്നുപോയത്. വിമർശനങ്ങളെയൊന്നും വകവെക്കാതെ വിജയം നേടുന്നതിനായി ഉത്സാഹത്തോടെയും ഉയർന്ന നിലവാരത്തോടെയും പ്രവർത്തിക്കുന്നതിലായിരുന്നു തങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചത്.
ലോകകപ്പ് വിജയിക്കുമെന്ന കാര്യത്തിൽ അവരുടെ ആത്മവിശ്വാസം വലുതായിരുന്നു. ടൂർണമെൻറിന്റെ വിജയത്തിനായി അഹോരാത്രം പരിശ്രമിച്ച എല്ലാ കമ്മിറ്റികൾക്കും വകുപ്പുകൾക്കും നന്ദി അറിയിക്കുകയാണ്. മികച്ച പ്രവർത്തനങ്ങളാണ് അവർ കാഴ്ചവെച്ചത്. സുരക്ഷ സമിതിയും മീഡിയയും മെഡിക്കൽ വകുപ്പും ടൂർണമെൻറ് വിജയത്തിൽ വലിയ പങ്കുവഹിച്ചു. എല്ലാവരും നന്ദിയും അഭിനന്ദനവും അർഹിക്കുന്നു’ -ശൈഖ് മുഹമ്മദ് ആൽഥാനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.