കെ.എം.സി.സിയുടെ പരിപാടി ഇന്ത്യൻ അംബാസഡർ ഉദ്ഘാടനം ചെയ്തു
text_fieldsദോഹ: ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായ 'ആസാദീ കാ അമൃത് മഹോത്സവി'നോട് അനുബന്ധിച്ച് ഖത്തർ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ദിൽ ഹേ ഹിന്ദുസ്ഥാനി സാംസ്കാരിക പരിപാടി ഖത്തർ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ ഉദ്ഘാടനം ചെയ്തു. ഖത്തർ കെ.എം.സി.സി പ്രസിഡൻറ് എസ്.എ.എം ബഷീർ അധ്യക്ഷത വഹിച്ചു.
ലോകത്തിെൻറ ഏതു ഭാഗത്തു ചെന്നാലും ഇന്ത്യക്കാരുടെ മനസ്സിലുള്ള വികാരമാണ് ഇന്ത്യ എന്നത്. ആ വികാരം ശക്തമായി പ്രതിഫലിപ്പിക്കുന്നതാണ് 'ദിൽ ഹെ ഹിന്ദുസ്ഥാനി' എന്ന സാംസ്കാരിക പരിപാടിയെന്ന് അംബാസഡർ പറഞ്ഞു. മൂന്നു മണിക്കൂറിലധികം നീണ്ട പരിപാടിയിൽ ഗാനമേള, നൃത്തനൃത്യങ്ങൾ, ഒപ്പന, കോൽക്കളി, കളരിപ്പയറ്റ് തുടങ്ങിയവ അവതരിപ്പിച്ചു. കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള വിവിധ സംസ്ഥാനങ്ങളിലെ നാടോടി നൃത്തങ്ങളും ഗാനങ്ങളും കോർത്തിണക്കിയായിരുന്നു പരിപാടി.
ഐ.സി.സി പ്രസിഡൻറ് പി.എൻ ബാബുരാജൻ, ഐ.സി.ബി.എഫ് പ്രസിഡൻറ് സിയാദ് ഉസ്മാൻ, ഖാഇദെ മില്ലത്ത് ഫോറം തമിഴ്നാട് സ്റ്റേറ്റ് പ്രസിഡൻറ് മുഹമ്മദ് മുസ്തഫ, കെ.എം.സി.സി. ഉപദേശക സമിതി വൈസ് ചെയർമാന്മാരായ എം.പി. ഷാഫി ഹാജി, അബ്ദുൽ നാസർ നാച്ചി, തായമ്പത്ത് കുഞ്ഞാലി, ഭാരവാഹികളായ ഒ.എ. കരീം, എ.വി.എ ബക്കർ കെ.പി. ഹാരിസ്, ഫൈസൽ അരോമ എന്നിവർ സംബന്ധിച്ചു.
സെക്രട്ടറിമാരായ റയീസലി വയനാട്, മുസ്തഫ എലത്തൂർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ആയിശ ഫാത്വിമ, സയ്യിദ ഫാത്വിമ എന്നിവരായിരുന്നു അവതാരകർ. ജനറൽ സെക്രട്ടറി അസീസ് നരിക്കുനി സ്വാഗതവും സെക്രട്ടറി കോയ കൊണ്ടോട്ടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.