ഗസ്സയിലേക്ക് ഭക്ഷ്യക്കിറ്റുകളുമായി ഖത്തർ ചാരിറ്റി
text_fieldsദോഹ: യുദ്ധത്തിന്റെ ദുരിതം പേറുന്ന ഗസ്സയിലെ ജനങ്ങളിലേക്ക് വീണ്ടും ഖത്തറിന്റെ സഹായങ്ങളെത്തി. ഭക്ഷ്യവസ്തുക്കളും മരുന്നുകളുമായി 39 ട്രക്കുകൾ അടങ്ങിയ വാഹന വ്യൂഹമാണ് ജോർഡൻ വഴി അതിർത്തി കടന്ന് ഗസ്സയിൽ പ്രവേശിച്ചത്. 21,500 ഭക്ഷ്യക്കിറ്റുകൾ ഉൾപ്പെടെയാണ് ഏറ്റവും ഒടുവിലത്തെ സഹായം.
ഒരു കുടുംബത്തിന് ഒരു മാസത്തിലേറെ കഴിയാനുള്ള വസ്തുക്കൾ അടങ്ങിയതാണ് ഓരോ കിറ്റും. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ഗസ്സയിലേക്ക് ഇസ്രായേൽ അധിനിവേശ സേന കടുത്ത ആക്രമണങ്ങൾ ആരംഭിച്ചതിനു പിറകെ വിവിധ മാർഗങ്ങളിലൂടെ ഖത്തർ തുടരുന്ന സഹായങ്ങളുടെ തുടർച്ചയാണ് ഈ ദൗത്യവും. ഒരു ലക്ഷത്തോളം പേർക്കുള്ള ഭക്ഷ്യവസ്തുക്കൾ ഇത്തവണ എത്തിച്ചതായി ഖത്തർ ചാരിറ്റി അറിയിച്ചു.
ഈ ദുരിത സാഹചര്യം കടന്നുപോകുന്ന ഗസ്സയിലെ മനുഷ്യർക്ക് ഭക്ഷണം, മരുന്ന്, താമസ സൗകര്യങ്ങൾ എന്നിവ ഉറപ്പാകുക എന്ന ദൗത്യത്തിന്റെ ഭാഗമാണ് ഖത്തർ ചാരിറ്റി നേതൃത്വത്തിൽ തുടരുന്ന സഹായങ്ങളെന്ന് എമർജൻസി ആൻറ് റിലീഫ് ഡിപ്പാർട്മെൻറ് ഡയറക്ടർ മന അൽ അൻസാരി പറഞ്ഞു.യുദ്ധം ആരംഭിച്ചതിനുശേഷം, ജോർഡനിലെ ഖത്തർ ചാരിറ്റി ഓഫിസ് വഴി 40,000 ത്തോളം ഭക്ഷ്യക്കിറ്റുകൾ, 15 ടൺ മരുന്നും ആശുപത്രി ഉപകരണങ്ങൾ എന്നിവ ഗസ്സയിലെത്തിച്ചിട്ടുണ്ട്. നേരത്തേ ഈജിപ്തിലെ അൽ അരിഷ് വിമാനത്താവളം വഴിയും ഖത്തർ സഹായങ്ങൾ എത്തിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.