സ്കൂളുകൾക്കും കിന്റർഗാർട്ടനുകൾക്കും സുരക്ഷ നിർദേശങ്ങളുമായി മന്ത്രാലയം
text_fieldsദോഹ: സ്വകാര്യ സ്കൂളുകൾക്കും കിന്റർഗാർട്ടനുകൾക്കുമായുള്ള സ്കൂൾ ആക്ടിവിറ്റി ഗൈഡ് പുറത്തിറക്കി വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. സ്കൂൾ ബസ് സൂപ്പർവൈസർമാരുടെ ഉത്തരവാദിത്തങ്ങൾ, സ്കൂൾ ബസുകളിൽ കുട്ടികളുടെ സുരക്ഷ സംബന്ധിച്ച നിർദേശങ്ങൾ, ഖത്തറിലും പുറത്തുമുള്ള സ്കൂൾ പ്രവർത്തന ലക്ഷ്യങ്ങൾ, പദ്ധതികൾ, ചട്ടങ്ങൾ, നിർദേശങ്ങൾ എന്നിവയും ഉൾപ്പെടുന്നതാണ് ആക്ടിവിറ്റി ഗൈഡ്. മന്ത്രാലയത്തിനു കീഴിലെ സ്വകാര്യ സ്കൂൾ വകുപ്പാണ് വിവിധ നിർദേശങ്ങളും ചട്ടങ്ങളുമടങ്ങിയ ഗൈഡ് പുറത്തിറക്കിയത്.
സ്കൂൾ പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട യാത്രകളുടെയും ക്യാമ്പുകളുടെയും വിവരങ്ങളും മന്ത്രാലയത്തിന്റെ കാഴ്ചപ്പാടുകൾക്കനുസൃതമായ സ്കൂൾ പ്രവർത്തനങ്ങളും ഗൈഡിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം ഇസ്ലാമിക, ദേശീയ സ്വത്വ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയിൽ പാഠ്യപ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിന് സ്കൂളുകൾക്കും കിന്റർഗാർട്ടനുകൾക്കുമുള്ള നിയന്ത്രണങ്ങളും ഇതിലുണ്ടെന്ന് മന്ത്രാലയത്തിലെ പ്രത്യേക വിദ്യാഭ്യാസകാര്യ വിഭാഗം അസി. അണ്ടർ സെക്രട്ടറി ഉമർ അബ്ദുൽ അസീസ് അൽ നഅ്മ പറഞ്ഞു.
കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിൽ സ്കൂൾ പ്രവർത്തനങ്ങളുടെ പങ്ക് ഗൈഡിൽ വ്യക്തമാക്കിയിട്ടുണ്ട്. അക്കാദമികവും വ്യക്തിഗതവുമായ കഴിവുകൾ വർധിപ്പിക്കുന്നതിനും ഒഴിവുസമയങ്ങൾ വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ടുമുള്ള നിർദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കിന്റർഗാർട്ടൻ വിഭാഗം മേധാവി ഡോ. റാനിയ മുഹമ്മദ് പറഞ്ഞു.
ശാസ്ത്ര, കലാ, സാമൂഹിക, കായിക, സാംസ്കാരിക മേഖലകളിൽ വിദ്യാർഥികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും അവരുടെ വ്യക്തിത്വത്തെ ശക്തിപ്പെടുത്തുന്നതിനും രാജ്യത്തെ വിദ്യാഭ്യാസ മേഖലയുടെ വികാസത്തെ സഹായിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ഗൈഡ് പുറത്തിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.