രണ്ടു പതിറ്റാണ്ടിന്റെ സേവനവുമായി ഖത്തർ എയർവേസ് കാർഗോ
text_fieldsദോഹ: ഖത്തർ ദേശീയ വിമാനക്കമ്പനിയായ ഖത്തർ എയർവേസിന്റെ ചരക്ക് ഗതാഗത വിഭാഗമായ ഖത്തർ എയർവേസ് കാർഗോക്ക് 20 വയസ്സ്. 31 കാർഗോ വിമാനങ്ങളുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി 70ൽ അധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഖത്തർ എയർവേസ് കാർഗോ സർവിസ് നടത്തുന്നുണ്ട്. 200 യാത്രാവിമാനങ്ങളുമായി 160ലേറെ നഗരങ്ങളിലേക്കും സർവിസ് നടത്തുന്നു. രണ്ടു പതിറ്റാണ്ടിനിടെ വിപുലമായ ശൃംഖല സൃഷ്ടിച്ച ലോകത്തിലെ മുൻനിര എയർ കാർഗോ വാഹകരായി ഖത്തർ എയർവേസ് കാർഗോ വളർന്നതായി 20ാം വാർഷികത്തിന്റെ ഭാഗമായി അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
2003ൽ ഖത്തർ എയർവേസ് കാർഗോ ആദ്യ ചരക്ക് വിമാനമായ എയർബസ് എ300-600ലൂടെയാണ് ചരക്ക് ഗതാഗതത്തിന് തുടക്കം കുറിച്ചത്. ആദ്യം ആംസ്റ്റർഡാമിലേക്കും ചെന്നൈയിലേക്കും അധികം താമസിയാതെ ന്യൂഡൽഹിയിലേക്കും സർവിസ് ആരംഭിച്ചു.ഖത്തർ എയർവേസ് കാർഗോ ചരക്ക് ഗതാഗതത്തിന്റെ 20 വർഷം ആഘോഷിക്കുന്ന വേളയിൽ സേവനങ്ങളിൽ തുടർച്ചയായ വിശ്വാസം പുലർത്തുന്നതിന് ഉപഭോക്താക്കൾക്ക് ഹൃദ്യമായ നന്ദി അറിയിക്കുകയാണെന്ന് കാർഗോ സെയിൽസ് ആൻഡ് നെറ്റ്വർക് പ്ലാനിങ് സീനിയർ വൈസ് പ്രസിഡന്റ് എലിസബത്ത് ഔഡ്കെർക്ക് പറഞ്ഞു.
രണ്ടു പതിറ്റാണ്ടിനിടെ സേവനങ്ങളും ദൗത്യങ്ങളും പൂർത്തിയാക്കി, പ്രൊഡക്ട് പോർട്ട്ഫോളിയോ വിപുലീകരിച്ച് ലോകത്തിലെ ഒന്നാം നമ്പർ കാർഗോ വാഹകരായി ഖത്തർ എയർവേസ് കാർഗോ മാറിയെന്നും വിശദീകരിച്ചു. ഫാർമ, ഫ്രഷ്, കൊറിയർ, സെക്യൂർ ലിഫ്റ്റ് തുടങ്ങിയ നൂതന ഉൽപന്നങ്ങളും ഖത്തർ എയർവേസ് അവതരിപ്പിച്ചു. പുതിയ ദശകത്തിലേക്ക് പ്രവേശിക്കുന്ന സാഹചര്യത്തിൽ കാർഗോ ഗതാഗത വിപണിയിൽ ലോകത്തെ മുൻനിര കാർഗോ വാഹകരെന്ന പദവി നിലനിർത്താനും ഡിജിറ്റലൈസേഷനിലും സുസ്ഥിരതയിലും പ്രതിബദ്ധത കാത്തുസൂക്ഷിക്കാനും കാർഗോയുടെ നവീകരണത്തിലും ഉപഭോക്തൃ കേന്ദ്രീകൃത പരിഹാരങ്ങളിലും മുന്നിൽ തുടരാനും കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.