സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിൽ സ്ത്രീകൾക്കുമുണ്ട് പങ്ക് –ലുൽവ അൽ ഖാതിർ
text_fieldsദോഹ: സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിലും സാമൂഹിക ശാക്തീകരണത്തിലും സ്ത്രീകൾക്ക് വലിയ പങ്കുവഹിക്കാൻ സാധിക്കുമെന്ന് ഖത്തർ വിദേശകാര്യ സഹമന്ത്രിയും വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക വക്താവുമായ ലുൽവ റാഷിദ് അൽ ഖാതിർ.
അഫ്ഗാനിസ്താനിലും സ്ഥിതി വ്യത്യസ്തമല്ലെന്നും കൂടുതൽ ശാക്തീകരിക്കപ്പെട്ട പെൺതലമുറയാണ് അഫ്ഗാനിസ്താനിലുള്ളതെന്നും ലുൽവ അൽ ഖാതിർ പറഞ്ഞു.
അഫ്ഗാൻ സാഹചര്യത്തിൽ സുരക്ഷയും സമാധാനവും സ്ഥാപിക്കുന്നതിൽ വനിത പങ്കാളിത്തം എന്ന പ്രമേയത്തിലൂന്നി റീജനൽ വിമൻ മീഡിയേറ്റർ നെറ്റ്വർക്ക് ഗ്ലോബൽ അലയൻസും ഇറ്റാലിയൻ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും സംഘടിപ്പിച്ച പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ.
വിദ്യാഭ്യാസം, തൊഴിൽ, സഞ്ചാര സ്വാതന്ത്ര്യം, ആരോഗ്യ പരിരക്ഷ തുടങ്ങിയ വിഷയങ്ങളിൽ സ്ത്രീകളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും ശാക്തീകരിക്കുന്നതിലും വലിയ മാറ്റങ്ങൾ കൊണ്ടുവന്ന രണ്ട് അഫ്ഗാൻ വനിതകളുടെ കഥയും അൽ ഖാതിർ പങ്കുവെച്ചു. അഫ്ഗാനിസ്താനിൽ ഇതുപോലെ വിവിധ മേഖലകളിൽ സമൂലമായ മാറ്റം കൊണ്ടുവരുന്നതിൽ വലിയ പങ്കുവഹിച്ച നിരവധി വനിതകൾ ഇനിയുമുണ്ടെന്നും വ്യക്തമാക്കിയ അവർ, അഫ്ഗാനിസ്താനിൽ പ്രതീക്ഷയുണ്ടെന്നും പ്രത്യാശ പ്രകടിപ്പിച്ചു.
ഇറ്റാലിയൻ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി മറീന സെറേനി പാനൽ ചർച്ച ഉദ്ഘാടനം ചെയ്തു. അഫ്ഗാൻ ജനതക്ക് കൂടുതൽ പിന്തുണ ആവശ്യമുണ്ടെന്നും കൂടുതൽ സഹിഷ്ണുതയുള്ള സമൂഹത്തെ വാർത്തെടുക്കാൻ അഫ്ഗാൻ വനിതകൾക്കാകുമെന്നും അവർ പറഞ്ഞു.
അഫ്ഗാനിസ്താനിൽനിന്ന് ഇറ്റാലിയൻ പൗരന്മാരെ സുരക്ഷിതമായി തിരിച്ച് നാട്ടിലെത്തിക്കുന്നതിൽ ഖത്തർ വഹിച്ച പങ്ക് വലുതാണെന്നും ഖത്തറിനെ അഭിനന്ദിക്കുന്നുവെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.