കോവിഡ് കടന്ന് സ്ത്രീകളും പള്ളിയിലേക്ക്
text_fieldsദോഹ: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് നൽകാൻ മന്ത്രിസഭ തീരുമാനിച്ചതിനുപിന്നാലെ, പള്ളികളിലെ നിയന്ത്രണങ്ങളിലും ഇളവ് പ്രഖ്യാപിച്ച് മതകാര്യ മന്ത്രാലയം.
വിശുദ്ധ റമദാനെ വരവേൽക്കാനൊരുങ്ങവെ സ്ത്രീകൾക്കും കുട്ടികൾക്കും പ്രവേശനാനുമതി നൽകിക്കൊണ്ടാണ് മതകാര്യ മന്ത്രാലയം പള്ളികളിലെ ഇളവുകൾ പ്രഖ്യാപിച്ചത്.
സാമൂഹിക അകലവും പള്ളികളിലെ പ്രവേശനത്തിന് ഇഹ്തിറാസ് ഗ്രീൻ സ്റ്റാറ്റസ് പ്രദർശിപ്പിക്കണം എന്ന നിബന്ധനയും ഒഴിവാക്കി. പുതിയ ഇളുവകൾ പ്രാബല്യത്തിൽവരുന്ന ശനിയാഴ്ച മുതൽ പള്ളികളിലെയും ഇളവുകൾ നടപ്പാവുമെന്ന് മതകാര്യ മന്ത്രാലയം വ്യക്തമാക്കി.
കോവിഡ് വ്യാപനത്തിനുശേഷം, പള്ളികളെല്ലാം അടച്ചുപൂട്ടുകയും ശേഷം ഘട്ടംഘട്ടമായി നിയന്ത്രണങ്ങളിൽ ഇളവുനൽകി തുറന്നുനൽകുകയും ചെയ്തെങ്കിലും സ്ത്രീകൾക്ക് പ്രവേശനം നൽകുന്നത് ആദ്യമായാണ്. ഒക്ടോബറിൽ കുട്ടികൾക്ക് പ്രവേശനം ആരംഭിച്ചെങ്കിലും ഒമിക്രോൺ വ്യാപനത്തിനു പിന്നാലെ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു.
ഒമിക്രോൺ കുറഞ്ഞതോടെ സാമൂഹിക അകലത്തിൽ നിയന്ത്രണങ്ങളോടെ ഇളവുനൽകിയിരുന്നു.
ജുമുഅ ഖുതുബ ശ്രവിക്കുമ്പോഴും നമസ്കാരത്തിലും സാമൂഹിക അകലം പാലിക്കാൻ നിലവിൽ നിർദേശമുണ്ട്. ഇനി, വെള്ളിയാഴ്ച മുതൽ ഈ നിർദേശവും ഒഴിവാകും.
പ്രധാന നിർദേശങ്ങൾ ഇവ
• പള്ളികളിൽ നമസ്കാരത്തിനിടയിൽ സാമൂഹിക അകലം പാലിക്കണമെന്ന നിർദേശം ഒഴിവാക്കി.
• തെരഞ്ഞെടുത്ത പള്ളികളിൽ അംഗശുദ്ധി വരുത്താനുള്ള സ്ഥലങ്ങളും ശൗചാലയങ്ങളും തുറക്കാൻ അനുവാദം.
• കുട്ടികൾക്കും പള്ളികളിൽ പ്രവേശനം നൽകും.
• ദിനേനയുള്ള അഞ്ചുനേര പ്രാർഥനക്ക് വരുന്നവർ ഇഹ്തിറാസ് സ്റ്റാറ്റസ് കാണിക്കേണ്ടതില്ല. എന്നാൽ, വെള്ളിയാഴ്ച പ്രാർഥനകൾക്ക് വരുന്നവർ ഇഹ്തിറാസിലെ ഗ്രീൻ സ്റ്റാറ്റസ് കാണിക്കണം.
• ശനിയാഴ്ച മുതൽ വനിതകൾക്ക് പള്ളികളിൽ പ്രവേശനം അനുവദിക്കും.
• പ്രാർഥനക്കെത്തുന്നവർ മുസ്വല്ല കരുതൽ നിർബന്ധമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.