അതിരുകളില്ലാതെ സ്നേഹപ്പെയ്ത്ത്; ആയിരങ്ങളുടെ മനംനിറച്ച് വിമൻ ഇന്ത്യ
text_fieldsവിമൻ ഇന്ത്യ മാസ് ഇഫ്താറിന്റെ ഭാഗമായി ലേബർ ക്യാമ്പിലെ തൊഴിലാളികളെ നോമ്പുതുറപ്പിക്കുന്നു
ദോഹ: മരുഭൂമികളിലെ മസറകളിൽ ഇടയന്മാരായും ലേബർക്യാമ്പുകളിൽ തൊഴിലാളികളായും പ്രാവസത്തിന്റെ തീക്ഷ്ണമായ ജീവിതം അനുഭവിക്കുന്ന ആയിരങ്ങളിലേക്ക് വീടകങ്ങളിൽ ഒരുക്കിയ സ്നേഹപ്പൊതിയുമായി കടന്നെത്തി വിമൻ ഇന്ത്യയുടെ മാതൃകാ ഇഫ്താർ.
ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി വിദൂര ദിക്കുകളിൽ പ്രവാസ ജീവിതം നയിക്കുന്ന കുറഞ്ഞ വരുമാനക്കാരായ 4500 പേരിലേക്കാണ് സ്നേഹമധുരമായി ഒരു ദിനത്തിൽ ഇഫ്താറുകളെത്തിയത്.
അൽ കരാനാ, ജരിയാൻ, അബു നഖ്ല, ഇൻഡസ്ട്രിയൽ ഏരിയ, കോർണിഷിലെ ബോട്ട് തൊഴിലാളികൾ തുടങ്ങി വിവിധ മേഖലകളിലായി ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തതായി വിമൻ ഇന്ത്യ ഖത്തർ ഭാരവാഹികൾ അറിയിച്ചു.
വക്റ, മദീന ഖലീഫ, റയ്യാൻ, ദോഹ, തുമാമ എന്നീ സോണുകളിൽ നിന്നുള്ള 600ഓളം സ്ത്രീകൾ സ്വന്തം വീട്ടിൽ പാചകം ചെയ്ത ഭക്ഷണം അടങ്ങുന്ന ഇഫ്താർ കിറ്റുകളാണ് ലേബർ ക്യാമ്പുകളിലെത്തിച്ചത്. കഴിഞ്ഞ വർഷം റമദാനിൽ ആരംഭിച്ച ഈ പദ്ധതിക്ക് ഇത്തവണ ശ്രദ്ധേയമായ ജനകീയ പിന്തുണയുമുണ്ടായി.
വിമൻ ഇന്ത്യ ഖത്തറിന്റെ അഞ്ച് സോണുകൾ കേന്ദ്രീകരിച്ച് വിതരണം ഏകോപിപ്പിച്ചു. ദോഹ സോൺ മൻസൂറ സി.ഐ.സി ഹാളിൽ നടത്തിയ വിതരണത്തിന് വിമൻ ഇന്ത്യ ഖത്തർ പ്രസിഡന്റ് നസീമ എം, ജനറൽ സെക്രട്ടറി സജ്ന ഇബ്രാഹിം, വൈസ് പ്രസിഡന്റ് ഷംല സിദ്ദീഖ്, ദോഹ സോൺ പ്രസിഡന്റ് താഹിറ ബീവി, വൈസ് പ്രസിഡന്റ് സുനില അബ്ദുൽ ജബ്ബാർ, സെക്രട്ടറി സുനീറ നിസാർ, വളന്റിയർ കോഓഡിനേറ്റർ ജസീല ഷംസുദ്ദീൻ, സൗദ പി.കെ എന്നിവർ നേതൃത്വം നൽകി.
മദീന ഖലീഫ സോണിലെ വിതരണത്തിന് ഭാരവാഹികളായ സജ്ന ഫൈസൽ, സമീന റഷീദ്, റയ്യാൻ സോണിലെ വിതരണത്തിന് റൈഹാന അസ്ഹർ അലി, സൈനബ അബ്ദുൽ ജലീൽ, തുമാമ സോണിൽ റഹ്മത്ത് അബ്ദുൽ ലത്തീഫ്, ഷെറിൻ സജ്ജാദ്, വക്റ സോണിൽ ഹുദ അൻവർ ഹുസൈൻ, ഉമൈബാൻ എന്നിവർ നേതൃത്വം നൽകി.
കുറഞ്ഞ വരുമാനത്തിൽ ജോലി ചെയ്യുന്നവരോടുള്ള സ്നേഹവും ഐക്യദാർഢ്യവുമാണ് ഈ പദ്ധതിയിലൂടെ വിമൻ ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് നസീമ എം പറഞ്ഞു. റമദാനിന്റെ സന്ദേശമായ കാരുണ്യവും സ്നേഹവും പ്രചരിപ്പിക്കാൻ, സമൂഹത്തിനും സഹജീവികൾക്കും പിന്തുണ നൽകാൻ ഇനിയും മുന്നോട്ട് പോകുമെന്നും വരുംവർഷങ്ങളിലും ഈ സംരംഭം തുടരുമെന്ന ആത്മവിശ്വാസവും അവർ പങ്കുവെച്ചു.
സി.ഐ.സി വളന്റിയർ ക്യാപ്റ്റൻ സിദ്ദിഖ് വേങ്ങര, വിമൻ ഇന്ത്യ വളന്റിയർ ക്യാപ്റ്റൻ അമീന ടി.കെ, വൈസ് ക്യാപ്റ്റൻ ജമീല മമ്മു, വിമൻ ഇന്ത്യ ഖത്തർ വൈസ് പ്രസിഡന്റ് ത്വയ്യിബ അർഷദ്, യൂത്ത് ഫോറം വളന്റിയർ ക്യാപ്റ്റൻ അഫ്സൽ എടവനക്കാട് തുടങ്ങിയവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.