'വെല്ലുവിളികൾ ഏറ്റെടുക്കാൻ അധ്യാപകർ തയാറാകണം'
text_fieldsദോഹ: ഓരോ കുട്ടിക്കും നൂറുശതമാനം മാർക്ക് വാങ്ങി കൊടുക്കലല്ല, മറിച്ച് നമ്മുടെ മുന്നിലുള്ള നൂറുശതമാനം കുട്ടികളെയും അവരുടെ പരിമിതികൾ കണ്ടറിഞ്ഞ് കൈ പിടിച്ച് ഉയർത്തുക എന്നതാണ് ഓരോ അധ്യാപകന്റെയും കടമയെന്നും അത് ഒരു വെല്ലുവിളിയായി ഏറ്റെടുക്കാൻ ഓരോ അധ്യാപകരും തയാറാകണമെന്നും എം.ഇ.എസ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഹമീദ ഖാദർ അഭിപ്രായപ്പെട്ടു. വിമൻ ഇന്ത്യ ഖത്തർ സംഘടിപ്പിച്ച അധ്യാപക ദിനാഘോഷം- ഓണം സുഹൃദ് സംഗമത്തിൽ സംസാരിക്കുകയായിരുന്നു ഇവർ.
അധ്യാപനം എപ്പോഴും കൊടു കുട്ടികളുടെ ചുറ്റുപാടുകളും കൂട്ടത്തിൽ അറിയാൻ ശ്രമിക്കണം. എല്ലാത്തിന്റെയും അടിത്തറ സ്നേഹം ആയിരിക്കണമെന്നും ആസ്വദിച്ച് ചെയ്യുമ്പോൾ അധ്യാപനം ഒരിക്കലും ഒരു ഭാരമാവില്ല എന്നുമാണ് പരിപാടിയിൽ പങ്കെടുത്തു സംസാരിച്ച ഗീത സൂര്യൻ, സൂസൻ ഐപ്പ്, ഷെർലി ഡേവിഡ്, അജിത ശ്രീവത്സൻ, സ്മിത ആദർശ്, മിലൻ അരുൺ, ഷൈനി കബീർ എന്നിവർ രേഖപ്പെടുത്തിയത്. അധ്യാപകർ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു. ഐഡിയൽ ഇന്ത്യൻ സ്കൂൾ അധ്യാപക മാലിനി ഗാനം ആലപിക്കുകയും ചെയ്തു.
ഖത്തറിൽ വിവിധ സ്കൂളുകളിൽ അധ്യാപനം മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച അഞ്ച് അധ്യാപകരെ ചടങ്ങിൽ മെമന്റോകൾ നൽകി ആദരിച്ചു. ഹമീദ ഖാദർ- എം.ഇ.എസ് ഇന്ത്യൻ സ്കൂൾ, ഗീത സൂര്യൻ-ലയോള ഇന്റർ നാഷനൽ സ്കൂൾ, സൂസൻ ഐപ്പ്- നൂർ അൽ ഖലീജ്, അജിത ശ്രീവത്സൻ - ഡി.പി.എസ് മൊനാർക്ക്, ഷെർലിൻ ഡേവിഡ് - ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ എന്നിവർ ആദരവ് ഏറ്റുവാങ്ങി.
സൽവ റോഡിലെ ഒറിക്സ് വില്ലേജ് റസ്റ്റാറന്റിൽ ഓണസദ്യയോടെയാണ് പരിപാടികൾ ആരംഭിച്ചത്. ലോകസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ഷൈനി കബീർ, മുൻ ഐ.സി.സി പ്രസിഡന്റ് മിലൻ അരുൺ തുടങ്ങിയവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്തു. ഷെർമി തൗഫീഖിന്റെ പ്രാർഥന ഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ വിമൻ ഇന്ത്യ പ്രസിഡന്റ് നഹിയ ബീവി സ്വാഗതവും വൈസ് പ്രസിഡന്റ് ത്വയ്യിബ അർഷദ് അധ്യാപക ദിന സന്ദേശവും നൽകി. വിമൻ ഇന്ത്യ ഫിനാൻസ് സെക്രട്ടറി റൈഹാന അസ്ഹർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.