സ്ത്രീ, തലമുറകൾക്ക് കരുത്തുപകരേണ്ടവള് - ഫോക്കസ് ലേഡീസ്
text_fieldsദോഹ: ഖത്തറിലെ പ്രമുഖ വനിത യുവജന കൂട്ടായ്മയായ ഫോക്കസ് ലേഡീസ് സംഘടിപ്പിച്ച 'മീ ബിഫോർ യു' സെഷൻ വനിതകളുടെ സാന്നിധ്യത്താലും ചർച്ചകളാലും ശ്രദ്ധേയമായി. യുവജന സംഘടനയായ ഫോക്കസ് ഇന്റർനാഷനലിന്റെ നേതൃത്വത്തിൽ 'ഡോണ്ട് ലൂസ് ഹോപ്' എന്ന മാനസികാരോഗ്യ കാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. സാൽവ റോഡിലെ ഒറിക്സ് വില്ലേജ് റസ്റ്റാറന്റിൽ നടന്ന ചടങ്ങിൽ പ്രശസ്ത ലൈഫ് കോച്ചും ആസ്പയര് ടു ഇൻസ്പയര്‍ സ്ഥാപകയുമായ ഡോ. ഫെമിദ അലി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സ്ത്രീ അടുക്കളയിൽ മാത്രമായി ഒതുങ്ങേണ്ടവളല്ല, മറിച്ച് സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ മേഖലകളിൽ നേതൃത്വം നൽകാനും പ്രാപ്തയാകണമെന്ന് ഡോ. ഫെമിദ പറഞ്ഞു. ഒരു തലമുറയെ വാർത്തെടുക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന സ്ത്രീ സ്വയം ശാക്തീകരിക്കപ്പെടേണ്ടത് അനിവാര്യമാണ്. കുടുംബജീവിതത്തിൽ വലിയ പങ്കുവഹിക്കുന്ന സ്ത്രീ എപ്പോഴും വിദ്യാഭ്യാസമുള്ളവളായിരിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. വിദ്യാസമ്പന്നനായ ഒരാൾക്ക് മാത്രമേ വരും തലമുറക്ക് അറിവ് പകർന്നു കൊടുക്കാന്‍ സാധിക്കുകയുള്ളൂവെന്ന ആശയം സെഷൻ സജീവമായി ചർച്ച ചെയ്തു. ഐ.സി.ബി.എഫ് ട്രഷറർ കുൽദീപ് കൗരി, നസീം അൽ റബീഹ് പ്രതിനിധി സിസ്റ്റർ സുജ, എം.ജി.എം പ്രസിഡന്റ് സൈനബ ടീച്ചർ, വഹാബ് ഫൗണ്ടേഷൻ സി.ഇ.ഒ വാർദ മാമുക്കോയ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഡോ.ഫെമിദ അലിക്ക് വാർദ മാമുക്കോയ ഉപഹാരം കൈമാറി. ഫോക്കസ് ലേഡീസ് അഡ്മിൻ മാനേജർ അസ്മിന നാസർ, എക്സിക്യൂട്ടിവ് ഡയറക്ടർ ഫാദില മുനീർ, ഡോ. ഫാരിജ ഹുസൈൻ, മുഹ്സിന ഹാഫിസ്, സുആദ ഇസ്മായിൽ, നിഷാദ ഫായിസ്, ദിൽബ മിദ്ലാജ്, സിജില സഫീർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.