ഷട്ടിലടിച്ച് കളികണ്ട് മടങ്ങാം
text_fieldsദോഹ: ലോകകപ്പ് ഫുട്ബാളിന് ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള ആരാധകരെ ഖത്തറിലെത്തിക്കാൻ വിവിധ ഗൾഫ് എയർലൈൻസുകളുമായി ചേർന്ന് ഷട്ട്ൽ സർവീസ് പ്രഖ്യാപിച്ച് ഖത്തർ എയർവേസ്. ദുബൈയിൽ നിന്നും ൈഫ്ല ദുബൈ, കുവൈത്ത് സിറ്റിയിൽ നിന്നും കുവൈത്ത് എയർവേസ്, മസ്കറ്റിൽ നിന്നും ഒമാൻ എയർ, റിയാദ്, ജിദ്ദ എന്നീ സൗദി നഗരങ്ങളിൽ നിന്നും സൗദിയ എയർലൈൻസ് എന്നിവയാണ് ലോകകപ്പ് കാലയളവിൽ ഖത്തറിലേക്ക് സർവീസ് നടത്തുന്നത്. ഇതുസംബന്ധിച്ച് കമ്പനികളുമായി ധാരയായതായി ഖത്തർഎയർവേസ് സി.ഇ.ഒ അക്ബർ അൽ ബാകിർ പറഞ്ഞു.
ഇത്തിഹാദ് എയർവേസും എയര്‍ അറേബ്യയും അധികം വൈകാതെ ഷട്ടിൽ സർവീസിന്‍റെ ഭാഗമാവുമെന്ന സൂചനയും അദ്ദേഹം നൽകി.24 മണിക്കൂറും ദോഹയിലേക്ക് യാത്രാ സൗകര്യം ഒരുക്കുന്ന വിധത്തിലാണ് ഗൾഫ് എയർലൈനസ് കമ്പനികളുമായി ഷട്ടിൽ സർവീസ് സംബന്ധിച്ച് ധാരണാ പത്രത്തിൽ ഒപ്പവെച്ചതെന്ന് അക്ബർ അൽ ബാകിർ വിശദീകരിച്ചു.
നാല് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഫുട്ബാൾ ആരാധകർക്ക് മാച്ച് ദിവസങ്ങളിൽ മുടക്കമില്ലാതെ ഖത്തറിലെത്തി മടങ്ങാനുള്ള അവസരം ഉറപ്പു നൽകുന്നതാണ് ഷട്ട്ല സർവീസ്. ഖത്തർ എയർവേസ് വെബ്സൈറ്റ് വഴി ഈ വിമാനങ്ങളിൽ മാച്ച് ഡേ ടിക്കറ്റ് ബുക്കിങ്ങും തുടങ്ങി.
ദുബൈയിൽ നിന്നും ൈഫ്ല ദുബൈ പ്രതിദിനം 60 വിമാനങ്ങളാണ് പറക്കുന്നത്. 30 റൊട്ടേഷൻ സർവീസ് ഉൾപ്പെടെ. കുവൈത്ത് സിറ്റിയിൽ നിന്നും കുവൈത്ത് എയർവേസ് 20 സർവീസും (10 റൊട്ടേഷൻ), മസ്കറ്റിൽ നിന്നും ഒമാൻ എയർ 48 സർവീസും (24 റൊട്ടേഷൻ), റിയാദ്, ജിദ്ദ നഗരങ്ങളിൽ നിന്ന് സൗദിയ എയർലൈൻസ് 40 സർവീസും (20 റൊട്ടേഷൻ) നടത്തും. ൈഫ്ല ദുബൈ വഴി പ്രതിദിനം 2700 കാണികളും, കുവൈത്തിൽ നിന്ന് 1700 കാണികളും, ഒമാനിൽ നിന്നും 3400 കാണികളും, സൗദിയിൽ നിന്ന് 10,000കാണികളും ഷട്ട്ൽ സർവീസ് വഴി ലോകകപ്പ് കാണാനായെത്തും. ദോഹയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് അധികൃതർ ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.
അറബ് മേഖല വേദിയാവുന്ന ആദ്യ ലോകകപ്പായി മാറുന്ന ഖത്തർ ലോകകപ്പിനെ മേഖലയുടെ സമ്പൂർണ ഫുട്ബാൾ മേളയാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് അക്ബർ അൽ ബാകിർ പറഞ്ഞു. മേഖലയിലെ മറ്റ് എയർലൈൻസുകളുമായി സഹകരിച്ച് യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം, മിഡ്ൽഈസ്റ്റിലെ കാണികൾക്ക് പാരമ്പര്യവും സംസ്കാരവും പരസ്പരം അറിയാനും കൈമാറാനുമുള്ള അവസരമാണിതെന്നും അദ്ദേഹം വിശദീകിരച്ചു.
ഗൾഫ് ആരാധകർക്ക് രാവിലെ എത്തി, കളി കണ്ട് രാത്രിയിൽ മടങ്ങാം
ദോഹ: ബസോ ട്രെയിനോ കയറി, കോഴിക്കോട് നിന്നും കൊച്ചിയിലെത്തി കളിയും കണ്ട് വൈകുന്നേരം വീട്ടിലെത്തുന്ന സൗകര്യത്തോടെ ഒരു ലോകകപ്പ് അനുഭവം. വർഷാവസാനം നടക്കുന്ന ഖത്തർ ലോകകപ്പിനെ അത്രയേറെ അനായാസമാക്കിയാണ് ഖത്തർ എയർവേസും സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ലെഗസിയും ഗൾഫ് മേഖലയിൽ നിന്നുള്ള ആരാധകർക്കായി അവതരിപ്പിക്കുന്നത്. ഒമാൻ, യു.എ.ഇ, സൗദി, കുവൈത്ത് രാജ്യങ്ങളിൽ നിന്നുള്ള ആരാധകർക്ക് ഖത്തറിലെത്തി കളിയും കണ്ട് വീട്ടിലെത്തി ഉറങ്ങാനാവും.
മാച്ച് ഡേ ഷട്ട്ൽ സർവീസിൽ വിമാന ടിക്കറ്റ് ബുക്കുചെയ്യുന്ന ആരാധകർ ദോഹ ഹമദ് വിമാനത്താവളത്തിയാൽ മത്സര വേദികളിലേക്ക് അനായാസ യാത്രയും ഇതിന്‍റെ ഭാഗമായി ലഭ്യമാവും. ഖത്തർഎയർവേസ് ഒരുക്കുന്ന ഗതാഗത സംവിധാനങ്ങളിലായിരിക്കും സ്റ്റേഡിയത്തിലേക്കുള്ള യാത്രകൾ. മത്സര ദിനങ്ങളിൽ അതാത് ഗൾഫ് രാജ്യങ്ങളിൽ നിന്നും വിമാനംകയറി രാവിലെ ദോഹയിലെത്തുന്ന കാണികൾക്ക് മത്സരം കഴിയുന്ന രാത്രിയിൽ തന്നെ മടക്കയാത്രയും ഉറപ്പ്. ഹോട്ടൽ താമസവും ആവശ്യമില്ല. ബാഗേജുകളില്ലാത്ത യാത്രയായതിനാൽ, ചെക്ക് ഇൻബാഗേജ് നടപടി ക്രമങ്ങളുമില്ലാതെ തന്നെ എളുപ്പത്തിൽ വിമാനത്താവളത്തിന് പുറത്തു കടക്കാനും സ്റ്റേഡിയത്തിലേക്ക് നീങ്ങാനും കഴിയും. മത്സരത്തിന് അഞ്ചോ, ആറോ മണിക്കൂർ മുമ്പ് കാണികൾ ഖത്തറിലെത്തുന്ന തരത്തിലായിരിക്കും വിമാന ഷെഡ്യൂളിങ്ങ്.
മേഖലയിലെ ഫുട്ബാൾ പ്രേമികൾക്ക് ഏറ്റവും മികച്ച ആസ്വാദന സൗകര്യമാണ് ലോകകപ്പിനായി ഒരുക്കുന്നതെന്ന് അക്ബർ അൽ ബാകിർ ദോഹയിൽ നടന്ന ചടങ്ങിൽ ഇതു സംബന്ധിച്ച ധാരണാ പത്രത്തിൽ ഒപ്പുവെച്ച ശേഷം ഖത്തർ എയർവേസ് സി.ഇ.ഒ അക്ബർ അൽ ബാകിർ പറഞ്ഞു.
സുപ്രീം കമ്മിറ്റി ഡയറക്ടർ ജനറൽ യാസിർ അൽ ജമാൽ, ൈഫ്ലദുബൈ ചീഫ് എക്സിക്യൂട്ടീവ് ഗൈത് അൽ ഗൈത്, കുവൈത്ത് എയർവേസ് ചെയർമാൻ ക്യാപ്റ്റൻ അലി ദുഖാൻ, ഒമാൻ എയർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അബ്ദുൽ അസീസ് അൽ റൈസി, സൗദിയ സി.ഇ.ഒ ക്യാപ്റ്റൻ ഇബ്രാഹിം എസ് കോശി എന്നിവർ പങ്കെടുത്തു.
ഖത്തറിനെ ലോകകപ്പ് വേദിയായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ നാൾ മുതൽ ഇത്, അറബ് മേഖലയുടെ ലോകകപ്പാണെന്ന് ഞങ്ങൾ പ്രഖ്യാപിച്ചതാണ്. അത് കൂടുതൽ എളുപ്പമാക്കുന്നതാണ് ഗൾഫ് എയർലൈൻസുകളുമായി സഹകരിച്ചുള്ള മാച്ച് ഡേ ഷട്ടിൽ സർവീസ് പ്രഖ്യാപനം. ഗൾഫ് മേഖലയിൽ നിന്നുള്ള പതിനായിരക്കണക്കിന് ഫുട്ബാൾ ആരാധകർക്ക് ഖത്തറിലേക്കുള്ള യാത്ര കൂടുതൽ അനായാസകരമാക്കുന്നതാണ് ഇത് -സുപ്രീം കമ്മിറ്റി ഡയറക്ടർ ജനറൽ യാസിർ അൽ ജമാൽ പറഞ്ഞു. ഒരേദിവസം തന്നെ ഒന്നിലേറെ മത്സരങ്ങൾ കാണാൻ സാധ്യമാവുന്ന തരത്തിലാണ് ഫിക്സ്ചർ. അതിന് കൂടുതൽ സൗകര്യം നൽകുന്നതാണ് ഖത്തർ എയർവേസിന്‍റെ പ്രത്യേക പദ്ധതിയെന്നും അദ്ദേഹം വിശദീകരിച്ചു. തങ്ങളുടെ രാജ്യങ്ങളിൽ നിന്നുള്ള കാണികൾക്ക് ഈ അവസരം ലോകകപ്പ് മത്സരങ്ങൾ കൂടുതൽ ആസ്വാദ്യകരമാക്കാൻ സഹായകമാവുമെന്ന് വിവിധ എയർലൈൻസ് മേധാവികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.