കോവിഡിനിടയിലും ലോകകപ്പ് സ്റ്റേഡിയം പണികൾ തകൃതി
text_fieldsദോഹ: രണ്ടു വർഷത്തിനിപ്പുറം മിഡിലീസ്റ്റിലെയും അറബ് ലോകത്തെയും പ്രഥമ ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറിന് ഖത്തറിൽ വിസിലുയരുമ്പോൾ സ്റ്റേഡിയങ്ങളുടെ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ഖത്തറിനെതിരായ ഉപരോധവും അതിനുശേഷം കഴിഞ്ഞ വർഷം ലോകത്തെ പിടിച്ചുലച്ച കോവിഡ്-19 മഹാമാരിയും ഒന്നിനു പിറകെ മറ്റൊന്ന് എന്ന തലത്തിൽ വെല്ലുവിളിയായി മുന്നിൽ അവതരിച്ചെങ്കിലും പിടികൊടുക്കാതെ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി മുന്നേറുകയാണ്.
എട്ടു സ്റ്റേഡിയങ്ങളിൽ നാലെണ്ണം ഇതിനകം നിർമാണം പൂർത്തിയാക്കി മത്സരങ്ങൾക്കായി വിട്ടുകൊടുത്തു. 2017ൽ നവീകരിച്ച ഖലീഫ രാജ്യാന്തര സ്റ്റേഡിയവും 2018ൽ തെക്കിെൻറ സ്റ്റേഡിയമെന്നറിയപ്പെടുന്ന വക്റയിലെ ജനൂബ് സ്റ്റേഡിയവും 2020ൽ എജുക്കേഷൻ സിറ്റി സ്റ്റേഡിയവും അൽ റയ്യാനിലെ അഹ്മദ് ബിൻ അലി സ്റ്റേഡിയവുമാണ് നിർമാണം പൂർത്തിയാക്കി ലോകത്തിന് സമർപ്പിച്ച വേദികൾ.
ഇതിൽ ജൂണിലെ എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിെൻറ ഉദ്ഘാടനം കോവിഡ്-19 മഹാമാരി ഉറഞ്ഞുതുള്ളുന്ന സമയത്തു തന്നെയായത് സുപ്രീം കമ്മിറ്റിയെ സംബന്ധിച്ച് ശ്രദ്ധേയ നേട്ടങ്ങളിലൊന്നാണ്. കോവിഡിനെ തുരത്തുന്നതിനായി മുന്നിൽനിന്ന് പടനയിച്ച ആരോഗ്യ പ്രവർത്തകർക്ക് ആദരമർപ്പിച്ച് ഒാൺലൈനായി നടന്ന ഉദ്ഘാടന ചടങ്ങ് ഫുട്ബാൾ ലോകത്തിെൻറ പ്രശംസ പിടിച്ചുപറ്റി. ആ വർഷംതന്നെ ദേശീയദിനമായ ഡിസംബർ 18ന് അൽ റയ്യാനിലെ അഹ്മദ് ബിൻ അലി സ്റ്റേഡിയം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ലോകത്തിന് സമർപ്പിക്കുമ്പോൾ സുപ്രീം കമ്മിറ്റിക്ക് മുന്നിൽ ഇനി അവശേഷിക്കുന്നത് നാലേ നാലു സ്റ്റേഡിയങ്ങൾ. ഇതിൽ തുമാമ സ്റ്റേഡിയം, റാസ് ബൂ അബൂദിലെ കണ്ടെയ്നർ സ്റ്റേഡിയം എന്നിവ വരുന്ന മേയിൽ ഉദ്ഘാടനം ചെയ്യുമെന്ന് അധികൃതർ അറിയിച്ചിട്ടുമുണ്ട്.
ലോകകപ്പിെൻറ ഉദ്ഘാടന മത്സരവേദിയായ അൽഖോറിലെ അൽ ബെയ്ത് സ്റ്റേഡിയം നിർമാണത്തിെൻറ അവസാന മിനുക്കുപണികളിലാണെന്ന് സംഘാടകരും നിർമാതാക്കളും അറിയിച്ചു. ദോഹയിൽനിന്ന് 27 മൈൽ അകലെ (43 കിലോമീറ്റർ) സ്ഥിതി ചെയ്യുന്ന സ്റ്റേഡിയത്തിെൻറ ശേഷി 60,000 ആണ്. ഖത്തറിെൻറ തനിമയും പൈതൃകവും ആതിഥേയത്വവും ഉൾക്കൊള്ളിച്ച് ബെയ്ത് അൽ ശഅ്റിെൻറ മാതൃകയിൽ നിർമിക്കുന്ന സ്റ്റേഡിയത്തിെൻറ പിന്നിൽ ആസ്പയർ സോൺ ഫൗണ്ടേഷനാണ്. ഉദ്ഘാടന മത്സരം മുതൽ സെമിഫൈനൽ വരെയുള്ള ഒമ്പതു മത്സരങ്ങൾക്കായിരിക്കും അൽ ബെയ്ത് സ്റ്റേഡിയം വേദിയാകുക. വേദിക്ക് ചുറ്റുമായുള്ള അൽ ബെയ്ത് പാർക്ക് കഴിഞ്ഞ ഫെബ്രുവരിയിൽ ദേശീയ കായികദിനത്തിൽ പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തിരുന്നു.
40,000 പേർക്കിരിക്കാവുന്ന തുമാമയിലെ സ്റ്റേഡിയം വരുന്ന മേയിൽ ഉദ്ഘാടനം ചെയ്യുമെന്നാണ് സുപ്രീം കമ്മിറ്റി അറിയിച്ചിരിക്കുന്നത്. അറബ് ജനതയുടെ പ്രൗഢിയുടെയും പ്രതാപത്തിെൻറയും അന്തസ്സിെൻറയും അടയാളമായ ഗഹ്ഫിയ്യ തൊപ്പിയുടെ മാതൃകയിൽ നിർമിക്കുന്ന സ്റ്റേഡിയത്തിെൻറ നിർമാണ പ്രവൃത്തികൾ ഏകദേശം പൂർത്തിയായി. ക്വാർട്ടർ ഫൈനലുകളുൾപ്പെടെ എട്ട് മത്സരങ്ങൾക്ക് വേദിയാകുന്ന സ്റ്റേഡിയത്തിെൻറ മാതൃക തയാറാക്കിയത് തദ്ദേശീയനായ ഇബ്രാഹിം എം. ജെയ്ദയാണ്.
അതേസമയം, ഷിപ്പിങ് കണ്ടെയ്നറുകളും മോഡുലാർ ബിൽഡിങ് ബ്ലോക്കുകളും ഉപയോഗശേഷം നീക്കാൻ കഴിയുന്ന ഇരിപ്പിടങ്ങളും ഉപയോഗിച്ച് നിർമിക്കുന്ന സ്റ്റേഡിയമാണ് റാസ് ബൂ അബൂദ് സ്റ്റേഡിയം. 40,000 പേർക്കിരിക്കാവുന്ന സ്റ്റേഡിയം ലോകകപ്പിനുശേഷം പൂർണമായും നീക്കംചെയ്യും. ഫിഫയുടെ ചരിത്രത്തിൽ തന്നെ ഇതാദ്യമായായിരിക്കും ടൂർണമെൻറിനുശേഷം വേദി പൂർണമായും നീക്കംചെയ്യാനിരിക്കുന്നത്.
ഫെൻവിക് ഇറിബെറാൻ ആർക്കിടെക്ട്സാണ് ഇതിെൻറ രൂപരേഖ തയാറാക്കിയിരിക്കുന്നത്. ദോഹ കോർണിഷിെൻറയും വെസ്റ്റ്ബേ സ്കൈലൈനിെൻറയും മികച്ച ദൃശ്യം നൽകുന്ന സുപ്രധാന സ്പോട്ടിലാണ് സ്റ്റേഡിയം നിർമിക്കുന്നത്. പ്രീ ക്വാർട്ടർ ഉൾപ്പെടെ ഏഴു മത്സരങ്ങളായിരിക്കും ഇവിടെ നടക്കുക. 998 മോഡുലാർ കണ്ടെയ്നറുകളാണ് സ്റ്റേഡിയം നിർമാണത്തിനായി എത്തിച്ചിരിക്കുന്നത്.
ഫനാർ വിളക്കിൽനിന്ന് പ്രവഹിക്കുന്ന വെളിച്ചത്തിെൻറയും നിഴലിെൻറയും ഭാവവ്യത്യാസത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് ദോഹയിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ലുസൈൽ സ്റ്റേഡിയം രൂപകൽപന ചെയ്തിരിക്കുന്നത്.
അറബ് ലോകത്തുടനീളം ഉപയോഗിച്ചിരുന്ന പ്രത്യേക പാത്രത്തിെൻറ രൂപത്തിലാണ് സ്റ്റേഡിയത്തിെൻറ പുറംഭാഗം നിർമിച്ചിരിക്കുന്നത്. 80,000 പേർക്കിരിക്കാവുന്ന സ്റ്റേഡിയം മിഡിലീസ്റ്റിലെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളിലൊന്നായി അറിയപ്പെടും. ഈ വർഷം ഡിസംബറിൽ സ്റ്റേഡിയം ഉദ്ഘാടനത്തിന് സജ്ജമാകുമെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചിരിക്കുന്നത്. ലോകകപ്പിെൻറ കലാശപ്പോരിന് വേദിയാകുന്ന സ്റ്റേഡിയമെന്നതാണ് ലുസൈൽ സ്റ്റേഡിയത്തിെൻറ പ്രധാന സവിശേഷത. ഫോസ്റ്റർ ആൻഡ് പാർട്ണേഴ്സാണ് സ്റ്റേഡിയം രൂപകൽപന ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.