തൊഴിലാളി ക്ഷേമം, സുപ്രീം കമ്മിറ്റി മാതൃക
text_fieldsദോഹ: വിശ്വമേളക്കായി പത്തുവർഷംകൊണ്ട് എട്ട് കൂറ്റൻ സ്റ്റേഡിയങ്ങളും ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി ഒരുങ്ങുമ്പോൾ തൊഴിലാളികളുടെ അവകാശങ്ങളെല്ലാം ഉറപ്പാക്കിയും ചൂഷണങ്ങൾ ഒഴിവാക്കിയുമാണ് ഖത്തർ മുന്നേറുന്നത്. അതിൽ ഏറ്റവും ശ്രദ്ധേയമാണ് ലോകകപ്പിെൻറ നിർമാണ പ്രവർത്തനങ്ങൾക്കായി വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ തൊഴിലാളികളിൽനിന്ന് കരാറുകാർ റിക്രൂട്ട്മെൻറ് ഫീസായി ഈടാക്കിയ 823.5 ലക്ഷം റിയാൽ തിരിച്ചുനൽകാൻ നടപടി സ്വീകരിച്ചത്. ഇത്രയും തുക ഇതിനകം തിരികെ നൽകിയതായി ലോകകപ്പിെൻറ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു. തൊഴിലാളികളിൽനിന്ന് നിയമവിരുദ്ധമായി റിക്രൂട്ട്മെൻറ് ഫീസ് ഈടാക്കുന്നതിനെതിരെ എസ്.സി ആരംഭിച്ച യൂനിവേഴ്സൽ റീ ഇമ്പേഴ്സ്മെൻറ് സ്കീം പ്രകാരമാണ് 266 കരാറുകാർ ഈടാക്കിയ 823.5 ലക്ഷം റിയാൽ തിരിച്ചുനൽകിയതെന്ന് അധികൃതർ വ്യക്തമാക്കി.
രാജ്യാന്തര കുടിയേറ്റ ദിനാചരണ പരിപാടിയുടെ ഭാഗമായി ഖത്തറിൽ ഇൻറർനാഷനൽ ഓർഗനൈസേഷൻ ഓഫ് മൈഗ്രേഷൻ നടത്തിയ ചർച്ചയിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. ഏറ്റവും സുരക്ഷിതവും കാര്യക്ഷമവും ചിട്ടയായതുമായ തൊഴിൽ കുടിയേറ്റ സംവിധാനത്തിനായി ഖത്തർ നടപ്പാക്കിയ പദ്ധതികളും ചർച്ച ചെയ്തു. തൊഴിൽ മന്ത്രി ഡോ. അലി ബിൻ സഈദ് ബിൻ സുമൈഖ് അൽ മർറി, വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറൽ ഡോ. അഹമ്മദ് ഹസൻ അൽ ഹമ്മാദി, ആഭ്യന്തര, നീതിന്യായ, പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. തൊഴിലാളികളുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനുമായി ആവിഷ്കരിച്ചതും നടപ്പാക്കിയതുമായ വിവിധ പദ്ധതികൾ സുപ്രീം കമ്മിറ്റി വർക്കേഴ്സ് വെൽഫെയർ ഓഡിറ്റ് ഡയറക്ടർ മുഹമ്മദ് അൽ ഹജ്റി വിശദീകരിച്ചു. തൊഴിലാളി ക്ഷേമത്തിനായി സുപ്രീം കമ്മിറ്റി നടപ്പാക്കിയ ഏറ്റവും ശ്രദ്ധേയമായ പദ്ധതിയെന്നാണ് യൂനിവേഴ്സൽ റീ ഇമ്പേഴ്സ്മെൻറ് സ്കീമിനെ അദ്ദേഹം വിശേഷിപ്പിച്ചത്. പല തൊഴിലാളികളും നിയമവിരുദ്ധയമായി റിക്രൂട്ട്മെൻറ് ഫീസ് നൽകി ജോലി നേടാൻ നിർബന്ധിതരാവുകയായിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നായി ഖത്തറിലെത്തിയ ഭൂരിഭാഗം കുടിയേറ്റ തൊഴിലാളികളും റിക്രൂട്ട്മെൻറ് ഫീസ് അടച്ചിട്ടുണ്ടെങ്കിലും അതിന് തെളിവ് ഹാജരാക്കാനാവാത്തതിനാല്‍ തൊഴിലുടമകളുടെ തിരിച്ചടവ് തടസ്സപ്പെടുന്നതാണ് അവസ്ഥ. എങ്കിലും റിക്രൂട്ട്മെൻറ് ഫീസ് ഇനത്തില്‍ അടച്ച തുക എല്ലാ തൊഴിലാളികള്‍ക്കും വാങ്ങിക്കൊടുക്കുന്നതിനുള്ള ശ്രമങ്ങളാണ് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആൻഡ് ലെഗസി നടത്തുന്നത് -അൽ ഹജ്രി പറഞ്ഞു.
നടപടികളുടെ ഭാഗമായി 266 കരാറുകാർ 103.95 ദശലക്ഷം റിയാൽ റിക്രൂട്ട്മെൻറ് ഇനത്തിൽ പിടിച്ച ഫീസ് തിരിച്ചുനൽകാൻ സമ്മതിച്ചിട്ടുണ്ട്. സുപ്രീം കമ്മിറ്റിയുടെയും അല്ലാതെയുമായി 49,286 തൊഴിലാളികൾക്കാണ് ഇങ്ങനെ 36 മാസ കാലയളവിനുള്ളിൽ തുക തിരിച്ചുനൽകാൻ സമ്മതിച്ചത്. ഇതുവരെയായി 82.35 ദശലക്ഷം റിയാൽ തിരിച്ചുനൽകി -അൽ ഹജ്രി പറഞ്ഞു. ഖത്തർ ലോകകപ്പ് ലെഗസിയുടെ ഭാഗമായി 11 കരാറുകാർ സുപ്രീം കമ്മിറ്റിക്കുകീഴിൽ അല്ലാത്ത 18,066 തൊഴിലാളികൾക്കുകൂടി റിക്രൂട്ടിങ് ഫീസ് തിരികെ നൽകാൻ സന്നദ്ധരായതായും അദ്ദേഹം വ്യക്തമാക്കി.
തൊഴിലാളികൾക്ക് ആദരവ്
ഖത്തറിെൻറ ലോകകപ്പ് തയാറെടുപ്പിൽ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ സേവനം ആദരിക്കപ്പെടുന്നതാണെന്ന് മുഹമ്മദ് അൽ ഹജ്റി പറഞ്ഞു. 'ലോകകപ്പിനായുള്ള ഏറ്റവും മികച്ച സ്റ്റേഡിയങ്ങൾ നിർമിക്കുന്നതിൽ കുടിയേറ്റ തൊഴിലാളികളുടെ സംഭാവനകൾ എസ്.സി ആദരിക്കുന്നു. നിർമാണ പ്രവർത്തനങ്ങൾ ഏറ്റവും സജീവമായ ഘട്ടത്തിൽ 30,000ത്തിലധികം തൊഴിലാളികൾവരെ പങ്കാളികളായി. ഓരോ വ്യക്തിയെയും അങ്ങേയറ്റം ആദരവോടെയും അന്തസ്സോടെയുമാണ് പരിഗണിക്കുന്നത്. അവരുടെ തൊഴിലവകാശവും ഏറ്റവും മികച്ച സാഹചര്യവും ഉറപ്പാക്കാൻ 2014ലെ വർക്കേഴ്സ് വെൽഫെയർ സ്റ്റാൻഡേഡ് പ്രകാരം തന്നെ ശ്രമിച്ചു. റിക്രൂട്ട്മെന്റ് മുതൽ അവർ മടങ്ങുംവരെ എല്ലാ മേഖലയിലും സുരക്ഷിതത്വം ഉറപ്പാക്കാൻ കഴിഞ്ഞു. കരാർ, വേതനം, താമസസൗകര്യം, ആരോഗ്യം, സുരക്ഷ തുടങ്ങി എല്ലാ കാര്യങ്ങളിലും ഇത് പാലിക്കാനും കഴിഞ്ഞു' -മുഹമ്മദ് അൽ ഹജ്രി വ്യക്തമാക്കി.
രാജ്യാന്തര ലേബര്‍ ഓര്‍ഗനൈസേഷനും ഖത്തറിലെ തൊഴില്‍ മന്ത്രാലയവും സഹകരിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളും സംരക്ഷണവുമാണ് ഖത്തറിലെ തൊഴിലാളികള്‍ക്ക് ഉറപ്പുനൽകുന്നതെന്നും വ്യക്തമാക്കി.
113 തൊഴിലാളി ഫോറങ്ങൾ
ലോകകപ്പ് നിർമാണ വേളകളിൽ തൊഴിലാളികൾക്ക് അവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും ഉന്നയിക്കാൻ വെൽഫെയർ ഫോറം രൂപവത്കരിച്ചാണ് സൗഹൃദാന്തരീക്ഷം സൃഷ്ടിച്ചത്. 23,500 തൊഴിലാളികളെ ഉൾക്കൊള്ളുംവിധം 113 ഫോറങ്ങളാണ് പ്രവർത്തിച്ചത്. തൊഴിലാളികളുടെ പ്രതിനിധികൾക്ക് ആശങ്കകളില്ലാതെതന്നെ അവരുടെ ആവശ്യങ്ങൾ ഉന്നയിക്കാൻ ഇതുവഴി കഴിഞ്ഞു. തൊഴിലാളി-തൊഴിലുടമ സൗഹൃദത്തിലെ പുതിയൊരു അധ്യായമായ ഈ പദ്ധതി ഖത്തർ ലോകകപ്പിെൻറ മറ്റൊരു ലെഗസിയായും അടയാളപ്പെടുത്തുന്നു. വർക്കേഴ്സ്വെൽഫെയറിെൻറ ഭാഗമായി ആരോഗ്യ സുരക്ഷയും ശക്തമാക്കി. മെഡിക്കൽ സ്ക്രീനിങ്, മാനസികാരോഗ്യ പരിശോധനകൾ, ഇലക്ട്രോണിക് മെഡിക്കൽ റെക്കോഡ് സംവിധാനം, ചൂടിനെ തടയാനുള്ള 45,000 സ്റ്റേക്യൂൾ സ്യൂട്ട് എന്നിവയും ഏർപ്പെടുത്തി. ലോകകപ്പിലേക്ക് ഇനി ഒരുവർഷത്തിൽ കുറഞ്ഞ കാത്തിരിപ്പുമാത്രം ബാക്കിനിൽക്കെ നിർമാണ പ്രവർത്തനങ്ങളെല്ലാം പൂർത്തിയായിക്കഴിയുമ്പോൾ, ഏറ്റവും മികച്ച തൊഴിൽ സൗഹൃദാന്തരീക്ഷം കൂടി ഉറപ്പാക്കിയതിെൻറ ആത്മവിശ്വാസത്തിലാണ് സംഘാടകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.