ലോകചാമ്പ്യൻഷിപ്പ്: ഖത്തറിനെ ബർഷിം നയിക്കും
text_fieldsദോഹ: ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടക്കുന്ന ലോകഅത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഖത്തറിൻെറ സംഘത്തെ മുഅതസ് ബർഷിം നയിക്കും.
നിലവിലെ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ്-ഒളിമ്പിക്സ് ചാമ്പ്യൻ കൂടിയായാണ് ബർഷിം ഖത്തറിൻെറ സംഘത്തെ ലോകമീറ്റിൽ നയിക്കുന്നത്. ആഗസ്റ്റ് 19 മുതൽ 27 വരെയാണ് ബുഡാപെസ്റ്റ് ലോകചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്.
ലോകചാമ്പ്യൻഷിപ്പ് ഹൈജംപിൽ ഹാട്രിക് ചാമ്പ്യനായ ബർഷിം കരിയറിലെ നാലാം സ്വർണം ലക്ഷ്യമിട്ടാണ് ഇത്തവണ ഒരുങ്ങുന്നത്. 2017 ലണ്ടൻ, 2019ദോഹ, 2022 യൂജീൻ ലോക ചാമ്പ്യൻഷിപ്പുകളിലായിരുന്നു ബർഷിം പൊന്നണിഞ്ഞ് രാജ്യത്തിൻെറ അഭിമാനമായി മാറിയത്.
ബർഷിമിനൊപ്പം 400മീറ്റർ ഹർഡ്ൽസിൽ ബസാം ഹമിദ, ഡിസ്കസ് ത്രോയിൽ മുഅസ് മുഹമ്മദ് എന്നിവരും ഖത്തറിനായി ഇത്തവണ ലോകചാമ്പ്യൻഷിപ്പിൽ മാറ്റുരക്കും.
ടോക്യോ ഒളിമ്പിക്സിലും തുടർച്ചയായ ലോകചാമ്പ്യൻഷിപ്പുകളിലും സ്വർണം നേടിയ ബർഷിം ഇത്തവണയും വേൾഡ് ലീഡിങ് പ്രകടനവുമായാണ് ലോകമേളക്ക് പുറപ്പെടുന്നത്.
ജൂലായിൽ നടന്ന ഡയമണ്ട് ലീഗ് പോളണ്ട് എഡിഷനിൽ 2.36 മീറ്റർ ചാടിയ താരം മികച്ച ഫോമിലാണിപ്പോൾ. ലണ്ടൻ ഡയമണ്ട് ലീഗിൽ 2.33 മീറ്റർചാടി രണ്ടാം സ്ഥാനത്തായിരുന്നു.
ലോകചാമ്പ്യൻഷിപ്പ്, ഏഷ്യൻ ഗെയിംസ് തുടർന്ന് അടുത്ത വർഷം നടക്കുന്ന പാരിസ് ഒളിമ്പിക്സ് തുടങ്ങി മെഗാ മേളക്കായി പതിയെ തയ്യാറെടുക്കുന്ന താരം ഓരോ മീറ്റിലും മെച്ചപ്പെട്ട പ്രകടനവുമായാണ് കുതിക്കുന്നത്.
ലോകചാമ്പ്യൻഷിപ്പിലെ നാലാം സ്വർണം എന്നതിനൊപ്പം ഹൈജംപിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടായി ലോകം വാഴുന്ന താരമെന്ന നിലയിൽ ഇതിഹാസ താരം ഹാവിയർ സോടോമയറുടെ ലോകറെക്കോഡിലും ബർഷിമിന് ഒരു കണ്ണുണ്ട്.
1993ൽ സോടോമയർ കുറിച്ച 2.45 മീറ്ററാണ് ഇന്നും ലോകെറക്കോഡ്. 2014 ബ്രസൽസിൽ 2.43 മീറ്റർ ചാടി ഈ ദൂരത്തിന് അരികിൽ ബർഷിം എത്തിയെങ്കിലും 2.46 കുറിച്ച് റെക്കോഡിലേക്ക് ഉയരാനുള്ള ശ്രമം പരിക്കിൽ കലാശിക്കുകയായിരുന്നു.
ആ ശ്രമം കഴിഞ്ഞ് പത്തു വർഷം ആവാനിരിക്കുമ്പോഴും ബർഷിമിന്റെ സ്വപ്നം അകലെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.