മുസ്സോളിനിയുടെ ലോകകപ്പ്
text_fieldsയൂറോപ്യന്മാർ പരിഹസിച്ച് പുറംതള്ളിയതിനാൽ, കടൽ കടന്ന് ഉറുഗ്വായിലെത്തിച്ചാണ് ആദ്യ ലോകകപ്പിന് പന്തുതട്ടിയതെങ്കിൽ നാലു വർഷം കഴിഞ്ഞ് നടന്ന രണ്ടാം ലോകകപ്പിന്‍റെ കഥ മറ്റൊന്നായിരുന്നു. യൂറോപ്പിലെ വമ്പന്മാരുടെ ബഹിഷ്കരണത്തിനിടയിലും ഉറുഗ്വായ് ലോകകപ്പ് വിജയകരമായി നടന്നതോടെ 1934 ലോകകപ്പ് വിലപ്പെട്ടതായി. വേദിയൊരുക്കാൻ യൂറോപ്പിലെ പലരും സന്നദ്ധരായി. അന്നാൽ, അപ്പോഴേക്കും യൂറോപ്പും ലോകവും പ്രബല ചേരികളായി തിരിഞ്ഞിരുന്നു.
അഡോൾഫ് ഹിറ്റ്ലറുടെ നാസി ജർമനിയും, ബെനറ്റോ മുസോളിനിയുടെ ഫാസിസ്റ്റ് ഇറ്റലിയും യൂറോപ്പിലെ കരുത്തരായ ശക്തികളായി മാറിയ കാലം. സൈനിക, ആയുധ ശേഷിക്കൊപ്പം സ്പോർട്സിനെയും അവർ തങ്ങളുടെ ഏകാധിപത്യത്തിന്‍റെ ഉപകരണമാക്കാൻ ലക്ഷ്യമിട്ടു. കളത്തിലെ വിജയത്തിലൂടെ എതിരാളിയെ മലർത്തിയടിക്കാനുള്ള ആദ്യ നീക്കം ഹിറ്റ്ലറുടേതായിരുന്നു.
1936ലെ ഒളിമ്പിക്സിന് വേദിയൊരുക്കാൻ കച്ചകെട്ടിയിറങ്ങിയ ജർമനി 1931 ഏപ്രിലിൽ തന്നെ ആതിഥേയ പദവി സ്വന്തമാക്കി. അങ്ങനെ നാസി ജർമനി ബെർലിൻ ഒളിമ്പിക്സിന് തയ്യാറെടുപ്പുകൾ തുടങ്ങുന്നതിനിടെയാണ് മുസോളിനി ലോകകപ്പ് ഫുട്ബാളിനായി കളത്തിലിറങ്ങി കളിതുടങ്ങുന്നത്. 1932 ഒക്ടോബറിൽ സ്റ്റോക്ഹോമിൽ നടന്ന ഫിഫ യോഗത്തിൽ മുസോളിനിയുടെ ഇറ്റലി 1934ലെ ലോകകപ്പ് വേദി സ്വന്തമാക്കി. ഫിഫയെ മുസോളിനി വിലക്കെടുത്തുവെന്നായിരുന്നു അക്കാലത്ത് മാധ്യമങ്ങളും ചരിത്രകാരന്മാരും എഴുതിയത്. എന്തായാലും ഫാസിസ്റ്റ് ദേശീയതക്ക് സ്വീകാര്യത നൽകാനും, ജനങ്ങൾക്കിടയിലേക്ക് കുത്തിവെക്കാനും ഏറ്റവും മികച്ചൊരു ഉപകരണമായി മുസോളിനി 1934 ലോകകപ്പിനെ മാറ്റി.
ലോകം വൻ സാമ്പത്തിക മാന്ദ്യത്തിൽ (Great depression) പൊറുതിമുട്ടിയ കാലത്ത് മുസോളിനി സ്റ്റേഡിയം നിർമാണങ്ങൾക്കും ഒരുക്കങ്ങൾക്കുമായി 35 ലക്ഷം ഇറ്റാലിയൻ ലിറ നീക്കിവെച്ച് വമ്പൻ മേളയാക്കി മാറ്റി. റോം, ടൂറിൻ, േഫ്ലാറന്‍സ്, നേപ്പിൾസ്, ഗെനോ, ട്രീസ്റ്റേ എന്നിവടങ്ങളിൽ വൻ കളിമുറ്റങ്ങൾ നിർമിച്ചു. മിലാനിലെ സാൻസിറോ സ്റ്റേഡിയം ലോകോത്തരമാക്കി പുതുക്കി പണിതു.
അങ്ങനെ, ലോകകപ്പ് ഫുട്ബാളിന് പുതിയ മുഖച്ഛായവും കരുത്തും നൽകുകയായിരുന്നു മുസോളിനി. ഒപ്പം, ഇറ്റാലിയൻ ജനതയുടെ മനസ്സിലേക്ക് ഇടിച്ചുകയറാനുള്ള വഴിയായി ഏകാധിപതിയായ ഭരണാധികാരി ഫുട്ബാളിനെ കണ്ടു.
ചരുങ്ങിയ കാലംകൊണ്ട് അദ്ദേഹവും ഭരണകൂടവും ലോകകപ്പിനെ ഏറ്റവും മികച്ച സ്വാധീന ഉപകരണമാക്കിമാറ്റി. മൂന്ന് ലക്ഷം പോസ്റ്ററുകൾ രാജ്യത്തെമ്പാടുമായി പ്രചരിപ്പിച്ചു. ലോകകപ്പ് ചിത്രങ്ങൾ പതിച്ച സ്റ്റാമ്പുകളും, വേൾഡ് ചാമ്പ്യൻഷിപ്പ് (കാംപിയോനറ്റോ ഡെൽ മോണ്ടോ) എന്ന പേരിൽ സിഗരറ്റ് ബ്രാൻഡും വരെ പുറത്തിറക്കി ലോകകപ്പ് എന്ന ഇമേജിനെ ജനഹൃദയങ്ങളിലേക്ക് പതിപ്പിച്ചു.
അപ്പോൾ, മറ്റൊരു ലോക ശക്തിയും ഫുട്ബാളിന്റെ പിതൃമണ്ണുമായി ഇംഗ്ലീഷുകാർ ലോകകപ്പിനോട് പുറംതിരിഞ്ഞു തന്നെയായിരുന്നു. ഇംഗ്ലണ്ട്, സ്കോട്ലൻഡ്, വെയ്ൽസ്, അയർലൻഡ് എന്നിവ ചേർന്ന ഹോം നാഷൻസ് ചാമ്പ്യൻഷിപ്പാണ് യത്ഥാർത്ഥ ലോകകപ്പ് എന്നായിരുന്നു ഇംഗ്ലീഷുകാരുടെ വാദം. ഫുട്ബാളിന്റെ നിയമങ്ങളും ചട്ടങ്ങളും തങ്ങളാണ് തീരുമാനിക്കുന്നത് എന്ന വല്ല്യേട്ടൻ ഭാവവുമായി ഇംഗ്ലീഷുകാർ തങ്ങളുടെ ഫുട്ബാളും മുറുകെ പിടിച്ചിരുന്നു. എന്നാൽ, ഇതൊന്നും ഇറ്റലിക്കും മുസോളിനിക്കും ബാധകമല്ലായിരുന്നു. രണ്ടു ലക്ഷ്യങ്ങൾ മാത്രമായിരുന്നു അവർക്ക് മുന്നിൽ. ലോകകപ്പിന് ആതിഥേയത്വം വേണം. അതു ലഭിച്ചതോടെ, അടുത്ത ലക്ഷ്യം ഇറ്റലിക്കാരുടെ അഭിമാനമുയർത്താൻ കിരീട വിജയവും വേണം എന്നുമാത്രം. ഫലത്തിൽ കളത്തിൽ അന്ന് കരുത്തരായ ഇംഗ്ലണ്ട് ലോകകപ്പിൽകളിക്കാതിരുന്ന തീരുമാനം മുസോളിനിയുടെ ഇറ്റലി സ്വാഗതം ചെയ്തതായി ഫുട്ബാൾ ചരിത്രകാരനായ ജിം ഹാർട്ട് കുറിക്കുന്നു. പ്രഥമ ചാമ്പ്യന്മാരായ ഉറുഗ്വായുടെ പിൻവാങ്ങാനുള്ള തീരുമാനവും അതുകൊണ്ട് തന്നെ ഇറ്റലി മനസ്സാൽ സന്തോഷം നൽകുന്നതായിരുന്നു.
16 ടീമുകൾ; യോഗ്യതാ പോരാട്ടം
പ്രഥമ ലോകകപ്പിൽ 13 ടീമുകളെ കണ്ടെത്താനായിരുന്നു സംഘാടകർ പാടുപെട്ടതെങ്കിൽ നാലു വർഷംകൊണ്ട് പങ്കെടുക്കാൻ സന്നദ്ധരായവരുടെ എണ്ണം വർധിച്ചു. ലോകകപ്പിൽ ഇടം തേടി 36 ടീമുകളായിരുന്നു ഫിഫയെ സമീപിച്ചത്.
ആകെ 16ൽ 12 സ്ഥാനങ്ങൾ യൂറോപ്പിന് നൽകി. മൂന്ന് അമേരിക്കയ്ക്കും ഒരെണ്ണം ആഫ്രികയ്ക്കും. ആതിഥേയരായ ഇറ്റലി ഉൾപ്പെടെ യോഗ്യതാ റൗണ്ട് കളിച്ചാണ് ലോകകപ്പിന് യോഗ്യത നേടിയത്. അമേരിക്കൻ മേഖലയിൽ നിന്നും ചിലിയും പെറുവും പിൻവാങ്ങിയതോടെ ബ്രസീൽ, അർജന്‍റീന ടീമുകൾ യോഗ്യതാ മത്സരം കളിക്കാതെ ലോകകപ്പ് ടിക്കറ്റ് നേടി. മെക്സികോയെ തോൽപിച്ച് അമേരിക്ക യോഗ്യത നേടി. ആഫ്രിക്കയിൽ നിന്നുള്ള ആദ്യ ടീമായി ഈജപ്തും വന്നു.
1930 ലോകകപ്പ് യൂറോപ്യൻ ടീമുകൾ ബഹിഷ്കരിച്ചതിൽ പ്രതിഷേധിച്ചായിരുന്നു ഉറുഗ്വായുടെ പിന്മാറ്റം. ഗ്രൂപ്പ് റൗണ്ടുകളൊന്നുമില്ലാതെ നേരിട്ട് നോക്കൗട്ട് എന്ന നിലയിലായിരുന്നു ടൂർണമെന്‍റ് ഫോർമാറ്റ്. 90 മിനിറ്റിലും കളി ടൈ ബ്രേക്കായില്ലെങ്കിൽ 30 മിനിറ്റ് അധിക സമയം അവതരിപ്പിച്ചു. എന്നിട്ടും ഫലമുണ്ടായില്ലെങ്കിൽ അടുത്ത ദിവസം വീണ്ടും കളി. ഇതായിരുന്നു രണ്ടാം ലോകകപ്പിന്‍റെ മത്സര നിയമം. അങ്ങനെ ആ മഹത്തായ ദിനമെത്തി. 1934 മേയ് 27. എട്ട് സ്റ്റേഡിയങ്ങളിലും ഒരേ സമയം തന്നെ ഒന്നാം റൗണ്ട് പോരാട്ടം. ഒരു കളി മാത്രം അധികസമയത്തേക്ക് നീങ്ങി. ബാക്കിയെല്ലാം 90 മിനിറ്റിൽ പൂർത്തിയായപ്പോൾ അമേച്വർ ടീമുമായി ഇറങ്ങിയ അർജന്‍റീനയും ബ്രസീലും മടങ്ങി. എട്ട് യൂറോപ്യൻ ടീമുകൾ ക്വാർട്ടറിൽ. ഇറ്റലി -സ്പെയിൻ, ഓസ്ട്രിയ- ഹങ്കറി, ചെക്ക് - സ്വിറ്റ്സർലൻഡ്, ജർമനി -സ്വീഡൻ എന്നിവരുടെ ക്വാർട്ട പോരാട്ടവും ഒരേദിവസം. സെമിയിൽ ഓസ്ട്രിയയെ തോൽപിച്ച് ഇറ്റലിയും (1-0), ജർമനിയെ തോൽപിച്ച് ചെക്കോസ്ലവാക്യയും (3-1) ഫൈനലിൽ പ്രവേശിച്ചു.
ഫൈനൽ: കമ്യൂണിസം x ഫാസിസം
സോവിയറ്റ് യൂണിയനോട് ചേർന്നു നിൽക്കുന്ന ചെക്കോ സ്ലവാക്യയും മുസോളിനിയുടെ ഫാസിസ്റ്റ് പാർട്ടിയുടെ ഇറ്റലിയും തമ്മിലെ ഫൈനൽ പോരാട്ടം ആ കാലത്തെ രാഷ്ട്രീയ യുദ്ധയമായി വിശേഷിപ്പിക്കപ്പെട്ടു. റോമിലെ ഫാസിസ്റ്റ് പാർട്ടി സ്റ്റേഡിയം (സ്റ്റേഡിയോ നാസിയോണലേ ഡെൽ പി.എൻ.എഫ്) ആയിരുന്നു കലാശപ്പോരാട്ടത്തിന്‍റെ വേദി.
മുസോളിനിയും പാർട്ടി നേതാക്കളും അനുഭാവികളുമെല്ലാം ഗാലറിയിലെത്തി. നാസി ജർമനിയുടെയും കമ്യുണിസ്റ്റ് ചെകോസ്ലവാക്യയുടെയും പ്രതിനിധികൾ ഗാലറിയിലുണ്ടായിരുന്നു. മുസോളിനി അടിച്ചമർത്തിയ ഇറ്റാലിയൻ കമ്യൂണിസ്റ്റുകാരുടെ ഓർമയിൽ മത്സരത്തിന്‍റെ രാഷ്ട്രീയ പ്രസ്ക്തി വർധിച്ചു. പുറത്തെ വാശി കളത്തിലും പടർന്നു. ഫൗളും ആക്രമണവും കൈയാങ്കളിയുമായി മുന്നേറിയ പോരാട്ടം.
അവസാന 20 മിനിറ്റ് വരെ ഗോൾ രഹിതമായിരുന്നു അങ്കം. അേൻാണിൻ പകിന്‍റെ ഗോളിൽ ചെക്ക് ആദ്യം സ്കോർ ചെയ്തു. ഗാലറിയിൽ മുസോളിനിയുടെ മുഖം വലിഞ്ഞുമുറുകി നിശബ്ദമായ നിമിഷം. കളി തോറ്റ് കിരീടം കൈവിട്ടാൾ ടീം അംഗങ്ങൾക്ക് ജീവൻപോലും നഷ്ടമായേക്കാവുന്ന ഭീകരത.
എന്നാൽ, 81ാം മിനിറ്റിൽ റെയ്മുണ്ടോ ഒർസിയുടെ ഗോൾ പോസോ വിറ്റോറിയോയുടെയും സംഘത്തിന്‍റെയും ജീവൻ രക്ഷിച്ചു. എക്സട്രാ ടൈമിൽ ഇറ്റാലിയൻ ഇതിഹാസം എയ്ഞ്ചലോ ഷിയാവിയോയുടെ ഗോളിൽ അസൂറിപ്പട കപ്പും ജയിച്ച്, മുസോളിയുടെ അഭിമാനവും കാത്തു.
ലോകകപ്പിലെ ആദ്യ സൂപ്പർതാരം
1934 മേയ് 27. അന്നായിരുന്നു രണ്ടാം ലോകകപ്പിന്‍റെ മൈതാനങ്ങളിൽ പന്തുരുണ്ട് തുടങ്ങിയത്. പ്രാദേശിക സമയം വൈകുന്നേരം നാലിന് എട്ട് സ്റ്റേഡിയങ്ങളിലായി 16ടീമുകൾക്കായി ഒരേമസയം വിസിൽ മുഴങ്ങിയ നിമിഷം. ആതിഥേയരായ ഇറ്റലിയും അമേരിക്കയും ഏറ്റുമുട്ടിയ റോമിലെ ഫാസിസ്റ്റ്പാർട്ടി സ്റ്റേഡിയത്തിലായിരുന്നു ഏവരൂടെയും ശ്രദ്ധ. മുസോളിനിയെന്ന ഏകാധിപതിയായ രാഷ്ട്രത്തലവൻ ദേശീയ വികാരം കുത്തിവെച്ചിറക്കിയ ടീം മാനേജ്മെന്റിനും, ഗാലറിയിൽ ആർത്തലച്ച കാൽലക്ഷം കാണികൾക്കും മധ്യേ എരിപൊരികൊള്ളുകയായിരുന്നു കളിക്കാർ. ഇറ്റലിക്കും മുസോളിനിക്കും കിരീടത്തിൽ കുറഞ്ഞൊന്നും ലക്ഷ്യമായിരുന്നില്ല. അതിനാൽ, ആദ്യ മത്സരത്തിൽ എതിരാളിയെ നിഷ്പ്രഭമാക്കി തുടങ്ങുകയെന്നതായിരുന്നു നിശ്ചയം.
ടീം മാനേജ്മെന്റ് മനസ്സിൽ കണ്ട ലക്ഷ്യങ്ങൾ, കളത്തിൽ നടപ്പാക്കാനും വൈകിയില്ല. 90 മിനിറ്റ് പോരാട്ടം അവസാനിച്ചപ്പോൾ, അമേരിക്കൻ വലയിൽ ഏഴ് ഗോളുകൾ നിറച്ചു തന്നെ ഇറ്റലി തുടങ്ങി. 7-1ന്‍റെ തകർപ്പൻ ജയത്തോടെ അവർ കളം വിടുമ്പോൾ ഹാട്രിക് ഗോളുമായി എയ്ഞ്ചലോ ഷിയാവിയോ ഇറ്റലിയുടെ സൂപ്പർതാരമായി മാറിയിരുന്നു. കളിയുടെ 18ാം മിനിറ്റിൽ തന്നെ അമേരിക്കൻ വലകുലുക്കിയ ഷിയാവിയോ ഇറ്റലിയുടെ ആദ്യലോകകപ്പ് ഗോൾ സ്കോററും ഹാട്രിക് നേട്ടക്കാരനുമായി ചരിത്രം കുറിച്ചു. പിന്നീടുള്ള മൂന്ന് മത്സരങ്ങളിലും ഷിയാവിയോക്ക് വലകുലുക്കാനായില്ല. ക്വാർട്ടർ ഫൈനലിൽ സ്പെയിനിനെതിരെ രണ്ടു തവണയാണ് അന്ന് ഇറ്റലി ഏറ്റുമുട്ടിയത്. എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയിട്ടും സമനില മുറിയാതായതോടെ, അടുത്ത ദിവസം വീണ്ടും മത്സരം നടന്നു. റെക്കോഡ് ജനക്കൂട്ടമൊഴുകിയെത്തിയ മത്സരത്തിനൊടുവിൽ ഒരു ഗോളിനായിരുന്നു ഇറ്റലി രണ്ടാം മത്സരം ജയിച്ചത്. ഒടുവിൽ ഫൈനലിൽ ചെക്കോസ്ലവാക്യയെ വീഴ്ത്തിയപ്പോൾ അധിക സമയത്തെ വിജയ ഗോൾ കുറിച്ച് ഷിയാവിയോ ദേശീയ ഹീറോയായി മാറി.
ലോകഫുട്ബാളിൽ ആഘോഷമാക്കിയ ആദ്യ സൂപ്പർ താരമെന്നായിരുന്നു കരുത്തനായ സെന്‍റർഫോർവേഡിനെ വിശേഷിപ്പിച്ചത്. ഡ്രിബ്ലിങ്ങും, അതിവേഗത്തിൽ കുതിപ്പും, ആക്രമണോത്സുക മുന്നേറ്റവുമായി നിറഞ്ഞു നിന്ന കരിയർ. ഒമ്പതു വർഷമാണ് ഇറ്റാലിയൻ കുപ്പായമണിഞ്ഞത്. 1928 മുതൽ 35 വരെ നീണ്ട കരിയറിൽ 21 മത്സരങ്ങളിൽ കളിച്ചു.
എന്നാൽ, അതിനേക്കാൾ ഇറ്റാലിയൻ ക്ലബായ ബൊളോനയുടെ വിശ്വസ്തനായ സ്ട്രൈക്കർ എന്ന നിലയിലായിരുന്നു ഷിയാവിയോയുടെ കരിയർ അറിയപ്പെട്ടത്. 1922 മുതൽ 1939ൽ പരിക്ക് അലട്ടിയതോടെ മൈതാനം വിടും വരെ അവിടെ തുടർന്നു. കളിയവസാനിപ്പിച്ച ശേഷം, ബൊളോനയുടെയും ഇറ്റലി ദേശീയ ടീമിന്‍റെയും (1953-58) പരിശീലകനായും ഇദ്ദേഹമുണ്ടായിരുന്നു.
അടിമുടി ഫാസിസ്റ്റ് ദേശീയതയിൽ മതിഭ്രമിച്ച ഇറ്റാലിയൻ ടീമിൽ നിന്നും വ്യത്യസ്തനായിരുന്നു ഷിയാവിയോ. 1934ലെ ലോകകപ്പ് വിജയത്തിനു പിന്നാലെ, രണ്ടു ദിവസം കഴിഞ്ഞു നടന്ന പ്രധാനമന്ത്രി ബെനിറ്റോ മുസോളിനിയുടെ അനുമോദന ചടങ്ങിനൊന്നും കാത്തിരിക്കാതെ നാട്ടിലേക്ക് മടങ്ങിയ ചരിത്രമുണ്ട് അന്ന് 29കാരനായ ഷിയാവിയോക്ക്. ടീം അംഗങ്ങളിലും മാനേജിങ് സ്റ്റാഫിലുമായി മുസോളിനിയുടെ അനുമോദനം ഏറ്റുവാങ്ങാത്ത ഏക വ്യക്തിയും ഷിയാവിയോ ആയിരുന്നു.
'ആർക്കും പ്രകർത്താൻ കഴിയാത്ത പ്രതിഭയായിരുന്നു ഷിയാവിയോ. അവന്റെ ഡ്രിബ്ലിംഗ്, ഇംപ്രൊവൈസേഷൻ, ഷോട്ടുകൾ, ടീമംഗങ്ങളുമായി ബന്ധം സ്ഥാപിക്കാനും പൊസിഷൻ മാറ്റാനുമുള്ള കഴിവ്... അങ്ങനെ ഷിയാവിയോക്ക് മാത്രമുളള ഒരുപാട് സവിശേഷതകളുണ്ടായിരുന്നു. അവനെ പോലെ മറ്റൊരു കളിക്കാരനില്ല' -മുൻ ഫുട്ബാളറും മാധ്യമ പ്രവർത്തകനുമായ എറ്റോറെ ബെറയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. ലോകകപ്പ് ഫുട്ബാളിന്റെ ആദ്യകാല സൂപ്പർമായി വാണ ഷിയാവിയോ 1990ൽ തന്‍റെ 84ാം വയസ്സിൽ ഓർമയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.