ലോകകപ്പ്: വിറ്റത് 20 ലക്ഷം ടിക്കറ്റുകൾ
text_fieldsദോഹ: രണ്ടു ഘട്ടങ്ങളിലായി ഇതുവരെ 20 ലക്ഷത്തിലേറെ ലോകകപ്പ് മാച്ച് ടിക്കറ്റുകൾ വിറ്റഴിഞ്ഞതായി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി. ഏപ്രിൽ 28ന് അവസാനിച്ച രണ്ടാംഘട്ട ബുക്കിങ്ങിന്റെ അടിസ്ഥാനത്തിൽ 12 ലക്ഷം ടിക്കറ്റുകളാണ് ആവശ്യക്കാർക്ക് നൽകിയത്. ഈ ഘട്ടത്തിൽ 2.35 കോടി ടിക്കറ്റുകൾക്കാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ബുക്കിങ് ലഭിച്ചത്. റാൻഡം നറുക്കെടുപ്പിന്റെ അടിസ്ഥാനത്തിൽ അനുവദിച്ചവയിൽ 12 ലക്ഷം പേരാണ് പണമടച്ച് ടിക്കറ്റുകൾ സ്വന്തമാക്കിയതെന്ന് ഖത്തർ സാമ്പത്തിക ഫോറത്തിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം വിശദീകരിച്ചു.
ലോകകപ്പിനെത്തുന്ന ആരാധകരുടെ താമസസൗകര്യം സംബന്ധിച്ച് ഉയരുന്ന ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നവംബർ 21 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ലോകകപ്പിനായി 15 ലക്ഷം ആരാധകരെ സ്വീകരിക്കാൻ ഖത്തർ ഒരുങ്ങിക്കഴിഞ്ഞു. ഇവർക്കാവശ്യമായ എല്ലാവിധ താമസ സൗകര്യങ്ങളും ഖത്തർ ഒരുക്കിയിട്ടുണ്ട് -ഹസൻ അൽ തവാദി പറഞ്ഞു.
ലോകകപ്പിന് വൻ സ്വീകാര്യതയാണ് ഫുട്ബാൾ ലോകത്തുനിന്നും ലഭിച്ചത്. രണ്ടാംഘട്ടത്തിൽ വിവിധ രാജ്യങ്ങളിൽനിന്ന് ടിക്കറ്റ് ബുക്കിങ് സജീവമായി. അർജന്റീന, ബ്രസീൽ, ഇംഗ്ലണ്ട്, ഫ്രാൻസ്, മെക്സികോ, ഖത്തർ, സൗദി, അമേരിക്ക എന്നീ രാജ്യങ്ങളിൽനിന്നാണ് ഏറ്റവും കൂടുതൽ ബുക്കിങ് നടന്നത്. ആകെ ലഭ്യമായ 20 ലക്ഷം ടിക്കറ്റിന് 2.70 കോടി അപേക്ഷകളാണ് ലഭ്യമായത്. ലോകകപ്പിന് സാക്ഷിയാവാൻ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്നതിന്റെ സൂചനയാണിത് -ഹസൻ അൽ തവാദി പറഞ്ഞു.
കുറഞ്ഞ ചെലവിൽ ലോകകപ്പ് മത്സരങ്ങൾ കാണാനുള്ള അവസരമാണ് ഖത്തർ ഒരുക്കുന്നത്. താമസവും ടിക്കറ്റ് ചെലവുമെല്ലാം മുൻ ടൂർണമെന്റുകളെ അപേക്ഷിച്ച് കുറവാണ്. തൊഴിൽ പരിഷ്കാരങ്ങളിലൂടെ തൊഴിലാളി ക്ഷേമങ്ങളിലും മുന്നിട്ടുനിന്നു -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.