ഖത്തറിൽ ഇന്ന് ഫലസ്തീൻ ബൂട്ടുകെട്ടുന്നു
text_fieldsദോഹ: മൂന്നു മാസം മുമ്പ് ഖത്തറിന്റെ മണ്ണിൽ ഉശിരൻ മത്സരത്തിലൂടെ കാൽപന്ത് ആരാധകരുടെ ഹൃദയം കവർന്ന ഫലസ്തീൻ വീണ്ടുമെത്തുന്നു. ഗസ്സയും വെസ്റ്റ്ബാങ്കും ഉൾപ്പെടെ സ്വന്തം നാട് യുദ്ധക്കെടുതിയിൽ വെന്തുരുകുേമ്പാൾ ഏഷ്യൻ കപ്പ് ഫുട്ബാളിൽ പന്തുകൊണ്ട് ഇന്ദ്രജാലം പ്രകടിപ്പിച്ച് പ്രീ ക്വാർട്ടർ വരെയെത്തിയ ഫലസ്തീൻ മാസങ്ങൾക്കുശേഷം ഖത്തറിന്റെ മണ്ണിലെത്തുന്നത് മറ്റൊരങ്കത്തിനാണ്. ലോകകപ്പ്-ഏഷ്യൻ കപ്പ് യോഗ്യത റൗണ്ടിലെ ഗ്രൂപ് ഐയിൽ തങ്ങളുടെ ഹോം ഗ്രൗണ്ട് എന്ന നിലയിൽ ഫലസ്തീൻ വ്യാഴാഴ്ച ഖത്തറിൽ ലെബനാനെ നേരിടും. രാത്രി ഒമ്പതിന് ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിലാണ് ആവേശപ്പോരാട്ടം. ഗ്രൂപ് റൗണ്ടിൽ ഇനിയും രണ്ടു മത്സരം ശേഷിക്കെ ഇന്നത്തെ സമനിലയോടെ തന്നെ ഫലസ്തീന് 2027 ഏഷ്യൻ കപ്പിന് യോഗ്യത ഉറപ്പിക്കാം. നിലവിൽ നാലു കളിയിൽ രണ്ട് ജയവും ഓരോ തോൽവിയും സമനിലയുമായി ഏഴു പോയൻറുമായി രണ്ടാം സ്ഥാനത്താണ് ഫലസ്തീനുള്ളത്. ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരാവുന്നതോടെ ഏഷ്യൻ യോഗ്യതയും ഒപ്പം ലോകകപ്പ് യോഗ്യത റൗണ്ടിന്റെ മൂന്നാം ഘട്ടത്തിലേക്ക് ഇടവും മക്രം ദബൂബിന്റെ സംഘത്തിന് ഉറപ്പാക്കാം. ജൂൺ 11ന് പെർത്തിൽ ആസ്ട്രേലിയക്കെതിരെയാണ് ഫലസ്തീന്റെ അവസാന ഗ്രൂപ് മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.