ലോകകപ്പ് കാബിനുകൾ ലേലത്തിന്
text_fieldsദോഹ: ലോകകപ്പ് ഫുട്ബാൾ വേളയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ കാണികൾക്ക് താമസത്തിനായി സജ്ജീകരിച്ച കാബിനുകളും വലിയ അളവിൽ കൃത്രിമ പുല്ലുകളും ലേലത്തിന് വെച്ച് പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ. ലോകകപ്പിനെത്തിയ കാണികൾക്ക് താമസത്തിനായി സജ്ജീകരിച്ച അതേനിലയിൽ ഫർണിഷ് ചെയ്ത 105 കാബിനുകളാണ് ലേലത്തിൽ വിൽക്കുന്നതെന്ന് അഷ്ഗാൽ അറിയിച്ചു.
ഡിസംബർ എട്ട് ഞായറാഴ്ച തുടങ്ങുന്ന ലേലം ഇവ കഴിയുന്നതുവരെ തുടരും. കാണികൾക്ക് താമസസൗകര്യം ഒരുക്കിയ ഫ്രീസോണിലെ അബു ഫണ്ടാസ് ഏരിയയിലാണ് ലേലം നടക്കുന്നത്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും ഫ്രീസോൺ മെട്രോ സ്റ്റേഷനും അരികിലായാണ് ഈ സ്ഥലം. രാവിലെ എട്ട് മുതൽ 12വരെയും ഉച്ചക്ക് മൂന്ന് മുതൽ അഞ്ചു വരെയുമാണ് ലേല സമയങ്ങൾ.
സ്വദേശികളെയും താമസക്കാരെയും ലേലത്തിൽ പങ്കെടുക്കാനായി ക്ഷണിക്കുന്നതായി അഷ്ഗാൽ ജനറൽ സർവിസ് വിഭാഗം മാനജേർ യൂസുഫ് അൽ ഉബൈദലി അറിയിച്ചു. ഏറ്റവും മുന്തിയ ഇനം കാബിനുകളും കൃത്രിമ പുല്ലുകളും ന്യായമായ വിലയിൽ സ്വന്തമാക്കാമെന്നും അദ്ദേഹം പറഞ്ഞു. ആർട്ടിഫിഷ്യൽ ഗ്രാസുകൾ ഒന്നിച്ച് ഒറ്റ ലേലത്തിൽ വിൽക്കും. കാബിനുകൾ ഒന്നിച്ചോ ഓരോന്നായോ ലേലത്തിൽ എടുക്കാവുന്നതാണ്. 500 റിയാലാണ് ഒരു ലേലത്തിന്റെ നിക്ഷേപ തുക.
ഗതാഗതം, ലേബർ ഉൾപ്പെടെ മുഴുവൻ ചെലവുകളും ലേലക്കാരൻതന്നെ വഹിക്കണം. ലോകകപ്പിനെത്തിയ കാണികളുടെ താമസത്തിന് 4600 ഹൗസിങ് കാബിനുകളാണ് ഖത്തർ ഒരുക്കിയത്. കിടക്ക, കസേര, എ.സി തുടങ്ങിയ സൗകര്യങ്ങളോടെ സജ്ജമാക്കിയ കാബിനുകൾ ലോകകപ്പ് വേദിയുടെ പുതു മാതൃക എന്ന നിലയിലും ശ്രദ്ധേയമായിരുന്നു. ലോകകപ്പിനുശേഷം ഇവയിൽനിന്ന് നിരവധി കാബിനുകൾ തുർക്കി- സിറിയയിലെ ഭൂകമ്പബാധിത പ്രദേശങ്ങളിലെത്തിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.