Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലോകകപ്പ്: കാണികൾക്ക്...

ലോകകപ്പ്: കാണികൾക്ക് താമസിക്കാൻ കാരവൻ വില്ലേജും

text_fields
bookmark_border
ലോകകപ്പ്: കാണികൾക്ക് താമസിക്കാൻ കാരവൻ വില്ലേജും
cancel
camera_alt

ഫാൻ വില്ലേജ് മാതൃക

ദോഹ: ക്രൂസ് കപ്പലുകളും മരുഭൂമിയിലെ തമ്പുകളും ഫാൻ വില്ലേജുകളുമായി വൈവിധ്യമാർന്ന താമസസൗകര്യങ്ങളോടെ ലോകകപ്പ് കാണികളെ വരവേൽക്കുന്ന ഖത്തർ അവർക്കായി കാരവൻ വില്ലേജുകളും സജ്ജമാക്കുന്നു. ഇതുസംബന്ധിച്ച പ്രഖ്യാപനം വൈകാതെയുണ്ടാവുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു. ലോകകപ്പിനെത്തുന്ന കാണികൾക്ക് കൂടുതൽ ആകർഷക താമസ സൗകര്യങ്ങൾ ഒരുക്കുന്നതിന്‍റെ ഭാഗമായാണ് നൂതന ആവിഷ്കാരങ്ങളെന്ന് സുപ്രീം കമ്മിറ്റി ഹൗസിങ് വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടർ ഉമർ അബ്ദുൽറഹ്മാൻ അൽ ജാബിർ പറഞ്ഞു.

ഹോട്ടലുകളും അപ്പാർട്മെന്‍റുകളുമാണ് സാധാരണ ലോകകപ്പ് വേദികളിൽ കാണികൾക്ക് താമസത്തിന് സജ്ജമാക്കുന്നത്. എന്നാൽ, ഖത്തറിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കാണികൾക്ക് വ്യത്യസ്തമായ താമസ സംവിധാനങ്ങളാണ് സംഘാടകർ ഒരുക്കുന്നത്. കളിയാവേശത്തിനൊപ്പം അറബ് മേഖലയുടെയും സവിശേഷതകൾകൂടി ആസ്വാദ്യകരമാക്കാൻ സഞ്ചാരികൾക്ക് അവസരം നൽകുകയാണ് ഇതിൽ പ്രധാനം. അതിന്‍റെ ഭാഗമാണ് ദോഹയുടെ തീരങ്ങളിൽ നങ്കൂരമിടുന്ന കൂറ്റൻ ആഡംബര ക്രൂസ് കപ്പലുകളായ എം.എസ്.സി പോഷ്യ, എം.എസ്.സി വേൾഡ് യൂറോപ്പ എന്നിവയിലെ താമസം. ദോഹ സൂഖ് വാഖിഫിൽനിന്നും 10 മിനിറ്റ് സഞ്ചരിച്ചാൽ എത്തുന്ന അകലെയാവും ക്രൂസ് കപ്പലുകൾ നങ്കൂരമിടുന്നത്. ഇതിനുപുറമെയാണ് മരുഭൂമിയിലെ തമ്പുകളും ഫാൻ വില്ലേജുകളും ഉൾപ്പെടെയുള്ള അതിനൂതന സംവിധാനങ്ങൾ. ടിക്കറ്റ് ബുക്കിങ് പുരോഗമിക്കുന്നതിനുപിന്നാലെ ആരാധകരിൽനിന്നും ഇത്തരം കേന്ദ്രങ്ങളിലെ താമസ ബുക്കിങ്ങിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

പാർപ്പിട കേന്ദ്രങ്ങൾ ഹോട്ടലുകളായി മാറ്റുന്നതിനുള്ള ജോലികൾ അതിവേഗ പാതയിലാണെന്ന് ഉമർ അബ്ദുൽറഹ്മാൻ അൽ ജാബിർ അറിയിച്ചു. രാജ്യാന്തര ഹോട്ടൽ ഗ്രൂപ്പായ അകോർ ഇന്‍റർനാഷനലുമായി സഹകരിച്ചാണ് പാർപ്പിട കേന്ദ്രങ്ങൾ ഹോട്ടലുകളാക്കുന്ന നടപടി പുരോഗമിക്കുന്നത്. സ്ഥലങ്ങളുടെയും സൗകര്യങ്ങളുടെയും അടിസ്ഥാനത്തിൽ ഇവയെ ത്രീ സ്റ്റാർ, ഫോർസ്റ്റാർ, ഫൈവ് സ്റ്റാർ വിഭാഗങ്ങളായി തരംതിരിക്കും.

കാണികളുടെ താമസത്തിനായി വൈവിധ്യമാർന്ന സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ബർവ വില്ലേജ് പദ്ധതി, ഹോട്ടൽ ഷിപ്പുകൾ എന്നിവ വഴി 9500ൽ ഏറെ പേർക്ക് താമസം ഒരുക്കാനാവുമെന്നാണ് പ്രതീക്ഷ. താമസത്തിനുള്ള ആദ്യ കപ്പലിന്‍റെ ഉദ്ഘാടനം നവംബർ 13ന് നിർവഹിക്കും -ഉമർ അബ്ദുൽറഹ്മാൻ അൽ ജാബിർ പറഞ്ഞു. ആരാധകര്‍ക്കുള്ള താമസ സൗകര്യങ്ങളുടെ പുതിയ വിവരങ്ങള്‍ ഹയ പോര്‍ട്ടലില്‍ അപ്ഡേറ്റ് ചെയ്യുന്നുണ്ട്. വരും ആഴ്ചകളിലായി കൂടുതല്‍ താമസ സൗകര്യങ്ങള്‍ ലഭ്യമാകുമെന്നും അല്‍ ജാബിര്‍ പറഞ്ഞു. വ്യത്യസ്തങ്ങളായ കാബിൻ സൗകര്യങ്ങളോടെയാണ് ക്രൂസ് കപ്പലുകൾ കാണികളെ സ്വാഗതം ചെയ്യുന്നത്. പരമ്പരാഗത താമസത്തിനുപുറമെ, കടൽ കാഴ്ചകൾ ആസ്വദിക്കാനുള്ള ബാൽക്കണി, ആഡംബര സ്യൂട്ട് എന്നിവ ഉൾപ്പെടുന്നതാണ് ക്രൂസ് ഷിപ്പുകളുടെ സംവിധാനം. വിനോദ പരിപാടികൾ, വൈവിധ്യമാർന്ന ഭക്ഷണ വിഭവങ്ങൾ എന്നിവയും ഉൾക്കൊള്ളുന്നതാണ് ക്രൂസ് ഷിപ്പുകൾ.

മരുഭൂമിയിലെ ക്യാമ്പിങ് സീസണുകളിൽ കാരവനുകളിലെ താമസം സ്വദേശികൾക്കും താമസക്കാർക്കും സുപരിചിതമാണ്. കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം മാസങ്ങളോളം വരെ കാരവൻ ക്യാമ്പുകളിൽ മരുഭൂമിയിൽ താമസിക്കുന്നതും പതിവു കാഴ്ചയാണ്. എന്നാൽ, ലോകകപ്പ് സമയത്തെ കാരവൻ വില്ലേജ് എങ്ങനെയെന്ന് വിശദീകരിച്ചിട്ടില്ല. നവംബർ 21ന് കിക്കോഫ് കുറിച്ച് ഡിസംബർ 18ന് സമാപിക്കുന്ന ലോകകപ്പിൽ വിവിധ രാജ്യങ്ങളിൽനിന്നായി 12 ലക്ഷത്തോളം കാണികളെയാണ് ഖത്തർ പ്രതീക്ഷിക്കുന്നത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FIFA World CupCaravan Village
News Summary - World Cup: Caravan Village to accommodate spectators
Next Story