ലോകകപ്പ്: ആഡംബര കാറുകൾക്ക് ആവശ്യക്കാരേറും
text_fieldsദോഹ: ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറ് വിളിപ്പാടകലെ എത്തുമ്പോൾ ആഡംബര കാർ വാടക, ലിമോസിൻ കമ്പനികൾക്ക് കോളടിക്കും. ഖത്തറിലെത്തുന്നവർക്കും കുടുംബത്തിനും കൂട്ടുകാർക്കും ആതിഥ്യമരുളുന്നവർക്കും ഇതിനകംതന്നെ ആകർഷകമായ ഓഫറുകളും കമ്പനികൾ പ്രഖ്യാപിച്ചുകഴിഞ്ഞു. ലോകകപ്പിനായി ഒന്നര ദശലക്ഷത്തിലധികം ആരാധകർ ഖത്തറിലെത്തുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്.
ഫിഫ ലോകകപ്പ് പോലെയുള്ള കായികമാമാങ്കം അറബ് ലോകത്തും മിഡിലീസ്റ്റിലും ആദ്യമായെത്തുമ്പോൾ ടൂർണമെൻറിന് ആതിഥ്യം വഹിക്കുന്ന ഖത്തറിന്റെ സാമ്പത്തികവികാസത്തിനും വൈവിധ്യത്തിനും കരുത്തുപകരും. പ്രത്യേകിച്ചും വിനോദസഞ്ചാര മേഖല, ചെറുകിട-ഇടത്തരം സംരംഭങ്ങൾ (എസ്.എം.ഇ) എന്നിവരായിരിക്കും പ്രധാനമായും ഇതിന്‍റെ ഗുണഭോക്താക്കൾ. വിവിധ സ്ഥാപനങ്ങളിലും ഹോട്ടലുകളിലും റസ്റ്റാറൻറുകളിലും വിനോദകേന്ദ്രങ്ങളിലും സന്ദർശകരും ആരാധകരും നേരിട്ട് ചെലവഴിക്കുമ്പോൾ പ്രാദേശിക സാമ്പത്തിക മേഖലക്ക് കൂടുതൽ മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, ഖത്തറിലെ കാർ റെൻറൽ കമ്പനികൾ തമ്മിലുള്ള മത്സരം വർധിച്ചതായും നിരവധി കമ്പനികളാണ് ഖത്തറിൽ പ്രത്യേകിച്ചും ദോഹയിൽ പ്രവർത്തിക്കുന്നതെന്നും മേഖലയിൽ പ്രവർത്തിക്കുന്നവർ സാക്ഷ്യപ്പെടുത്തുന്നു. നിരവധി സേവനങ്ങളാണ് കമ്പനികൾ ഉപഭോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നത്. വിമാനത്താവളത്തിൽനിന്നുള്ള പിക്അപ് സേവനവും ഉൾപ്പെടും. ഉപഭോക്താവ് ആവശ്യപ്പെടുന്ന മുറക്ക് പ്രതിദിന പിക്അപ് ആൻഡ് ഡ്രോപ് ഓഫ് സേവനവുമുണ്ട്.അതോടൊപ്പം ഡെലിവറി സേവനവും ഖത്തറിൽ വർധിച്ചിട്ടുണ്ട്.
ഓൺലൈൻ ഫുഡ് ഓർഡർ കമ്പനികളിൽ നിന്നും ഡെലിവറി ജോലികൾ ഏറ്റെടുക്കുന്നവരുടെ എണ്ണം പ്രതിദിനം വർധിക്കുകയാണ്. മറ്റു കമ്പനികളിൽ ഡ്രൈവർ ജോലി ചെയ്യുന്നതിനേക്കാൾ കൂടുതൽ പ്രയോജനവും സാമ്പത്തിക വരുമാനവും ഡെലിവറി ജോലിയിൽ കിട്ടുന്നുണ്ടെന്നതാണ് ഡ്രൈവർമാരെ ഇതേറ്റെടുക്കുന്നതിന് പ്രേരിപ്പിക്കുന്നത്. നിരവധി പേർ ഖത്തറിലെത്തുന്നതോടെ ഓൺലൈൻ വഴി ഭക്ഷണം ഓർഡർ ചെയ്യുന്നതും വർധിക്കുമെന്നും വരുംദിവസങ്ങളിൽ ഡ്രൈവർമാർക്കുള്ള ആവശ്യം വർധിക്കുമെന്നും മേഖലയിൽ പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാട്ടി. വൻകിട റെൻറൽ കമ്പനികൾക്കാകും ലോകകപ്പ് കൂടുതൽ പ്രയോജനപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.