മലിനീകരണം കുറച്ച ലോകകപ്പ് ‘എനർജി സൊലൂഷൻ’
text_fieldsദോഹ: ഖത്തർ ലോകകപ്പിൽ നടപ്പാക്കിയ നൂതന ഊർജ പരിഹാര (എനർജി സൊലൂഷൻ) പദ്ധതികളിലൂടെ 9000 ടൺ കാർബൺ പ്രസരണം കുറക്കാൻ സാധിച്ചതായി അധികൃതർ. ഡീസൽ ജനറേറ്ററുകൾക്ക് പകരം ദേശീയ ഗ്രിഡിൽനിന്ന് നേരിട്ട് ഫിഫ ലോകകപ്പ് സ്റ്റേഡിയങ്ങളിലേക്കും താൽക്കാലിക സൗകര്യങ്ങളിലേക്കും വൈദ്യുതി എത്തിച്ചതിലൂടെ അഞ്ചു ദശലക്ഷം ലിറ്റർ ഡീസൽ ഇന്ധനവും ലാഭിക്കാൻ സാധിച്ചു.
സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, ഫിഫ, ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ (കഹ്റമ) എന്നിവ സംയുക്തമായി എട്ടു സ്റ്റേഡിയങ്ങളിൽ ഏഴിലും നൂതന ‘എനർജി സൊലൂഷൻ’ ആണ് നടപ്പാക്കിയത്.
ദേശീയ പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കുന്നതിലൂടെ സുസ്ഥിര പ്രതിബദ്ധതകൾക്കനുസൃതമായ ഊർജ പരിഹാരം നൽകാൻ തങ്ങൾക്ക് സാധിച്ചതായി സുപ്രീം കമ്മിറ്റി ഡയറക്ടർ ജനറൽ എൻജി. യാസിർ അൽ ജമാൽ പറഞ്ഞു.
ഓൺ-സൈറ്റ് ഡീസൽ ജനറേറ്ററുകളുടെ ഉപയോഗം കുറച്ചതിലൂടെ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സാധിച്ചതായും ഇതിലൂടെയുണ്ടാകുമായിരുന്ന ശബ്ദമലിനീകരണം കുറക്കാനും വലിയ അളവിൽ ഇന്ധനം കൊണ്ടുപോകേണ്ടതിന്റെയും സംഭരിച്ചുവെക്കേണ്ടതിന്റെയും ആവശ്യകത ഇല്ലാതായെന്നും യാസിർ അൽ ജമാൽ കൂട്ടിച്ചേർത്തു. ടൂർണമെന്റിലുടനീളം വളരെ വിശ്വസനീയ ഊർജസ്രോതസ്സ് നൽകിക്കൊണ്ട് ഈ നേട്ടങ്ങൾ കരസ്ഥമാക്കാനായെന്നും സുപ്രീം കമ്മിറ്റി പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫിഫ ക്ലബ് ലോകകപ്പ്, ഫിഫ അറബ് കപ്പ് തുടങ്ങിയ ടെസ്റ്റ് ഇവന്റുകൾ അവലോകനം ചെയ്തതിനുശേഷം ഡീസൽ പവർ ജനറേറ്ററുകളെ ആശ്രയിക്കുന്നത് കുറക്കുന്നതിനുള്ള പരിഹാരമായി ഗ്രിഡ് സൊലൂഷനുകളാണ് ഏറ്റവും പ്രായോഗികമെന്ന നിഗമനത്തിലെത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ടൂർണമെന്റ് സ്റ്റേഡിയങ്ങൾ ‘എനർജി സൊലൂഷൻ’ പരിപാടികളുടെ ഭാഗമായി 44 സബ് സ്റ്റേഷനുകളാണ് സ്ഥാപിച്ചത്. ടൂർണമെന്റിന്റെ വൈദ്യുതി ആവശ്യകതയുടെ 82 ശതമാനവും ദേശീയ ഗ്രിഡിൽനിന്ന് നേരിട്ട് വിതരണം ചെയ്തു. ലോകകപ്പ് ടൂർണമെന്റിൽ സുപ്രീം കമ്മിറ്റി, ഫിഫ, കഹ്റമ എന്നിവ സംയുക്തമായി മുന്നോട്ടുവെച്ച ‘എനർജി സൊലൂഷൻ’ പരിപാടിയുടെ വിജയകരമായ പൂർത്തീകരണം ഭാവിതലമുറകൾക്ക് സുസ്ഥിരമായ ഒരു പൈതൃകം നൽകുമെന്ന് സുപ്രീം കമ്മിറ്റി സസ്റ്റൈയ്നബിലിറ്റി എക്സിക്യൂട്ടിവ് ഡയറക്ടർ എൻജി. ബുദൂർ അൽ മീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.