ലോകകപ്പ് ലക്ഷ്യത്തിലേക്ക് ഖത്തറിന്റെ ഒരുക്കം
text_fieldsദോഹ: സെപ്റ്റംബർ അഞ്ചിന് ആരംഭിക്കുന്ന ലോകകപ്പ് ഫുട്ബാൾ ഏഷ്യൻ യോഗ്യത മൂന്നാം റൗണ്ടിലെ ആദ്യ രണ്ടു മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഖത്തർ. ഗ്രൂപ് ‘എ’യിൽ യു.എ.ഇക്കെതിരെ സ്വന്തം ഗ്രൗണ്ടിലാണ് ഖത്തറിന്റെ ആദ്യ മത്സരം. സെപ്റ്റംബർ 10ന് വടക്കൻ കൊറിയക്കെതിരെ എവേ ഗ്രൗണ്ടിലാണ് രണ്ടാം അങ്കം.
ലോകകപ്പ് യോഗ്യത ഉറപ്പിക്കാനുള്ള നിര്‍ണായ പോരില്‍ ശക്തരായ എതിരാളികള്‍ക്കൊപ്പം ഗ്രൂപ് എയിലാണ് ഖത്തര്‍ പന്ത് തട്ടുന്നത്. അടുത്ത മാസം അഞ്ചിന് അഹ്മദ് ബിന്‍ അലി സ്റ്റേഡിയത്തിലാണ് ഖത്തർ അയൽക്കാരായ യു.എ.ഇയെ നേരിടുന്നത്.
ഏഷ്യന്‍ കപ്പ് ചാമ്പ്യന്മാരായ ആതിഥേയര്‍ ആ സംഘത്തിലെ ഒട്ടുമിക്കവരെയും 26 സംഘത്തില്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഇതോടൊപ്പം അണ്ടര്‍ 23 ടീമിലെ താരങ്ങള്‍ക്കും വെറ്ററന്‍ താരങ്ങളായ അസിം മഡിബോ, കരിംബൌദിയാഫ് എന്നിവര്‍ക്കും കോച്ച് മാര്‍ക്വസ് ലോപസ് സംഘത്തില്‍ ഇടം നല്കി. ഇരുവരും ദീര്‍ഘകാലത്തിന് ശേഷമാണ് ദേശീയ ടീമില്‍ കളിക്കാനെത്തുന്നത്. അടുത്ത മാസം 10ന് ഉത്തര കൊറിയക്കെതിരായ മത്സരത്തിനും ഈ ടീം തന്നെയാണ് കളിക്കാനിറങ്ങുക.
ആദ്യ മത്സരങ്ങളില്‍ മികച്ച പ്രകടനത്തോടെ തുടങ്ങാമെന്ന പ്രതീക്ഷയിലാണ് ഖത്തര്‍. ഇറാന്, ഉസ്ബെകിസ്താന്‍ തുടങ്ങിയ ശക്തരായ എതിരാളികളാണ് വരാനിരിക്കുന്ന മത്സരങ്ങളില്‍ ടീമിനെ കാത്തിരിക്കുന്നത്. ലോകകപ്പ് യോഗ്യതയുടെ രണ്ടാം റൗണ്ടിൽ കഴിഞ്ഞ ജൂൺ 11ന് ഇന്ത്യക്കെതിരായിരുന്നു ഖത്തറിന്റെ അവസാന മത്സരം. യുവതാരങ്ങൾ ഏറെ മത്സരിച്ച കളിയിൽ 2-1ന് ഖത്തർ ജയിച്ചിരുന്നു. ആറ് കളിയിൽ അഞ്ച് ജയവും ഒരു സമനിലയുമായി 16 പോയന്റോടെ ഒന്നാം സ്ഥാനത്തായിരുന്നു ഖത്തർ. കുവൈത്താണ് ഗ്രൂപ്പിൽ നിന്ന് മൂന്നാം റൗണ്ടിലേക്ക് ഇടം നേടിയ മറ്റൊരു ടീം.
കരുത്തർ മാറ്റുരക്കുന്ന മൂന്നാം റൗണ്ടിൽനിന്നും ആദ്യ രണ്ടു സ്ഥാനക്കാരാണ് നേരിട്ട് ലോകകപ്പിന് യോഗ്യത നേടുന്നത്. അവരിൽ ഒന്നായി ഇടം പിടിക്കണമെങ്കിൽ വലിയ പോരാട്ടങ്ങൾ തന്നെ കാഴ്ചവെക്കേണ്ടിവരും.
ഖത്തർ ടീം:
ഗോൾകീപ്പർമാർ: മിഷാൽ ബർഷിം, മുഹമ്മദ് അൽ ബക്റി, സഅദ് അൽ ഷീബ്, സലാഹ് സകരിയ. പ്രതിരോധം: ബസാം അൽ റാവി, ലൂകാസ് മെൻഡിസ്, ഹുമാം അഹമ്മദ്, മുഹമ്മദ് ഐഷ്, പെഡ്രോ മിഗ്വേൽ, താരിക് സൽമാൻ, അബ്ദുല്ല അൽ യസിദി, സുൽത്താൻ അൽ ബാരിക്. മധ്യനിര: അസിം മാഡിബോ, കരിം ബൗദിയാഫ്, മുഹമ്മദ് വഅദ്, അബ്ദുൽറഹ്മാൻ മുസ്തഫ, അബ്ദുൽ അസിസ് ഹാതിം, അഹമ്മദ് ഫാതി, ജാസിം ജാബിർ, ഇബ്രാഹിം അൽ ഹസൻ. ഫോർവേഡ്: അക്രം അഫിഫ്, അൽ മുഈസ് അലി, ഇസ്മായിൽ മുഹമ്മദ്, അഹമ്മദ് അലാ, തമിം മൻസൂർ, യൂസുഫ് അബ്ദുൽ റസാഖ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.