ലോകകപ്പ് ഫുട്ബാൾ: യു.എൻ പ്രമേയത്തെ സ്വാഗതം ചെയ്ത് ഫിഫ
text_fieldsദോഹ: നവംബർ, ഡിസംബർ മാസങ്ങളിലായി നടക്കുന്ന ഫിഫ ലോകകപ്പിന് പിന്തുണ നൽകി ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലി അവതരിപ്പിച്ച പ്രമേയം ഫിഫ സ്വാഗതം ചെയ്തു. സമാധാനവും പുരോഗതിയും മനുഷ്യാവകാശങ്ങളും ലിംഗസമത്വവും ഉയർത്തിപ്പിടിക്കുന്നതിൽ കായികമേഖലക്ക് വലിയ പങ്കുവഹിക്കാൻ സാധിക്കുമെന്നും മിഡിലീസ്റ്റിൽ ആദ്യമായി എത്തുന്ന ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറിലൂടെ മേഖലയിൽ വളർച്ചയും സമാധാനവും കൊണ്ടുവരുമെന്ന് ബന്ധപ്പെട്ട അതോറിറ്റികൾ ഉറപ്പാക്കണമെന്നും പൊതുസഭ അവതരിപ്പിച്ച പ്രമേയത്തിൽ വ്യക്തമാക്കിയിരുന്നു. ഏപ്രിൽ എട്ടിന് ചേർന്ന ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയുടെ 76ാം സെഷനിലാണ് പ്രമേയം അവതരിപ്പിച്ചത്.
വികസനം, പുരോഗതി, സമാധാനം, നേതൃത്വം എന്നിവ ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോയുടെ അഭ്യർഥനക്ക് പിന്നാലെയാണ് ജനറൽ അസംബ്ലി പൊതുസമ്മതത്തോടെയുള്ള പ്രമേയം. ശക്തിയുള്ള രാജ്യങ്ങളോട്, രാഷ്ട്രീയരംഗത്ത് സ്വാധീനമുള്ള രാജ്യങ്ങളോട് യുദ്ധങ്ങളും സംഘർഷങ്ങളും അവസാനിപ്പിക്കണമെന്നാണ് അഭ്യർഥിക്കാനുള്ളത് എന്നായിരുന്നു ഇൻഫാൻറിനോയുടെ വാക്കുകൾ.
ദോഹയിൽ 211 അംഗ അസോസിയേഷനുകൾ പങ്കെടുത്ത ഫിഫ 72ാമത് കോൺഗ്രസിനിടെയാണ് ഇൻഫാൻറിനോ ഇക്കാര്യം വ്യക്തമാക്കിയത്.
മേഖലയുടെ വളർച്ചക്കും സമാധാനത്തിനും വേണ്ടി ലോകകപ്പിന്റെ ശേഷിപ്പുകൾ നിലനിർത്തുന്നതിന് ബന്ധപ്പെട്ട അതോറിറ്റികളും ഏജൻസികളും പരമാവധി പരിശ്രമിക്കണമെന്ന് യു.എൻ ജനറൽ അസംബ്ലി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ആതിഥേയരായ സമൂഹത്തിനായി സുസ്ഥിരതയിലൂന്നിയുള്ള സംഘാടനം ഉറപ്പുവരുത്തണമെന്നും വിശിഷ്യാ സാമ്പത്തിക ചെലവ്, പരിസ്ഥിതി-സാമൂഹിക ആഘാതം, അടിസ്ഥാന സൗകര്യങ്ങളുടെ ഉചിതമായ ഉപയോഗം തുടങ്ങിയവയിൽ ഈന്നിയായിരിക്കണമിതെന്നും പൊതുസഭയുടെ പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
കായികമേഖലയെ സമാധാനവും പുരോഗതിയും കൊണ്ടുവരുന്നതിനുള്ള പ്രധാന ഉപകരണമാക്കുന്നതിൽ എല്ലാ അംഗരാജ്യങ്ങളുടെയും പിന്തുണ അനിവാര്യമാണെന്നും പൊതുസഭ ആവശ്യപ്പെട്ടിരുന്നു. ഖത്തറിന്റെ മാത്രമല്ല, മേഖലയുടെകൂടി ടൂർണമെൻറാണ് ഫിഫ ലോകകപ്പെന്നും ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ളവർക്ക് അവർക്കറിയാൻ സാധ്യതയില്ലാത്ത ഒരുരാജ്യത്ത് എത്താനും പുതിയ ലോകത്തിന്റെ ഭാഗമാകുന്നതിനുള്ള സുവർണാവസരമാണ് ഈ ടൂർണമെന്റെന്നും ഇൻഫാൻറിനോ നേരത്തേ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.