ലോകകപ്പ്: പൂർണ സജ്ജമായി ആരോഗ്യ മേഖല
text_fieldsദോഹ: ഈ വർഷം അവസാനം ഖത്തർ ആതിഥ്യം വഹിക്കുന്ന ലോകകപ്പ് ഫുട്ബോൾ ടൂർണമെൻറിനായി ആരോഗ്യ മേഖല പൂർണ സജ്ജമെന്ന് പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി. ഖത്തർ ഹെൽത്ത് 2022 ആൻഡ് സെക്കൻഡ് ഖത്തർ പബ്ലിക് ഹെൽത്ത് കോൺഫറൻസ് ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. ലോകകപ്പിനെ വരവേൽക്കുന്നതിനായി ഖത്തർ ജനത അക്ഷമയോടെ കാത്തിരിക്കുകയാണ്. വർഷങ്ങളായി ഖത്തർ ആരോഗ്യ വകുപ്പ് ലോകകപ്പിനായി തയാറെടുപ്പിലാണെന്നും അവർ പറഞ്ഞു. ഫിഫ ക്ലബ് ലോകകപ്പുകൾ, ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്, ഫിഫ അറബ് കപ്പ് തുടങ്ങിയ വലിയ ടൂർണമെൻറുകളിൽ ആരോഗ്യ വകുപ്പിന്‍റെ സാന്നിധ്യം വലുതായിരുന്നു. പൊതുജനാരോഗ്യ മന്ത്രാലയവും ഹമദ് മെഡിക്കൽ കോർപറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന വെർച്വൽ കോൺഫറൻസ് ശനിയാഴ്ച അവസാനിച്ചു. വലിയ പരിപാടികൾക്ക് സേവനം ഉറപ്പുവരുത്താൻ ആരോഗ്യ സംഘം സജ്ജമാണ്. ഈ മേഖലയിൽ വലിയ പരിചയസമ്പത്ത് കൈവശമുണ്ടെന്നും ലോകകപ്പ് ഫുട്ബാളിന്‍റെ ആരോഗ്യ ആവശ്യങ്ങൾ പൂർണമായും നിർവഹിക്കാൻ ആരോഗ്യ മേഖല തയാറായിക്കഴിെഞ്ഞന്ന് ആത്മവിശ്വാസത്തോടെ പറയാൻ സാധിക്കുമെന്നും അൽ കുവാരി വ്യക്തമാക്കി.
നാലു ദിവസം നീളുന്ന കോൺഫറൻസിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ആരോഗ്യ വിദഗ്ധരും പ്രഫഷനലുകളുമായി 4000ത്തിലധികം പേർ പങ്കെടുക്കുന്നുണ്ട്. ലോകകപ്പ് തയാറെടുപ്പുകളുമായി ബന്ധപ്പെട്ട വ്യത്യസ്ത വിഷയങ്ങൾ കോൺഫെറൻസിൽ ചർച്ച ചെയ്യുന്നുണ്ട്. ലോകകപ്പ് തയാറെടുപ്പുകളുമായി ബന്ധപ്പെട്ട് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയവുമായി നേരിട്ട് പ്രവർത്തിച്ച് വരുകയാണ്. തയാറെടുപ്പുകൾ ഊർജിതമാക്കുക, ആരോഗ്യസുരക്ഷ, സാംക്രമിക രോഗങ്ങൾ, ഭക്ഷ്യസുരക്ഷ, സഹകരണം, ആശയവിനിമയം തുടങ്ങിയ വിഷയങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനമെന്നും ലോകാരോഗ്യസംഘടന ഡയറക്ടർ ജനറൽ ഡോ. ടെേഡ്രാസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു.
കോവിഡ് മഹാമാരിക്ക് ആരംഭിച്ചതിന് ശേഷം ആഗോള തലത്തിൽ ആരാധകരെ സ്വീകരിക്കുന്ന ആദ്യ രാജ്യം ഖത്തർ ആയിരിക്കാമെന്ന് സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി വ്യക്തമാക്കി. ലോകകപ്പ് പോലെയൊരു വൻ കായിക ടൂർണമെൻറ് വിജയിപ്പിക്കാമെന്ന ആത്മവിശ്വാസത്തിന് അടിവരയിടുന്നതാണ് കഴിഞ്ഞ വർഷം നവംബർ, ഡിസംബർ മാസങ്ങളിൽ വിജയകരമായി സമാപിച്ച ഫിഫ അറബ് കപ്പെന്നും തവാദി കൂട്ടിച്ചേർത്തു. കായികമേഖലയിലും ആരോഗ്യരംഗത്തും ഖത്തർ ലോകകപ്പ് വലിയ സ്വാധീനമുണ്ടാക്കുമെന്ന് ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോ പറഞ്ഞു. മഹാമാരിക്കെതിരായ സർക്കാർ സമീപനം, ശാസ്ത്രീയ സംഭാവനകൾ, പൊതുജനാരോഗ്യ നയ നിലപാടുകൾ തുടങ്ങി പ്രധാന വിഷയങ്ങൾ കോൺഫറൻസിെൻറ ഒന്നാം ദിനം ചർച്ച ചെയ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.