ലോകകപ്പ് നന്മ അഭയാർഥികളിലേക്കും
text_fieldsയു.എൻ.എച്ച്.സി.ആർ, എജുക്കേഷൻ എബൗ ആൾ ഫൗണ്ടേഷൻ, ജനറേഷൻ അമേസിങ് ഫൗണ്ടേഷൻ എന്നിവയുടെ നേതൃത്വത്തിൽ പാഠ്യപദ്ധതി സംബന്ധിച്ച് ധാരണപത്രത്തിൽ ഒപ്പുവെച്ചപ്പോൾ
ദോഹ: ലോകകപ്പ് ഫുട്ബാളിന് രാജ്യം വേദിയാകുമ്പോൾ അതിന്റെ നന്മകൾ ലോകത്തെ അവശരായ വിഭാഗങ്ങളിലേക്കും എത്തിക്കാൻ ജാഗ്രതകാണിക്കുകയാണ് ഖത്തർ.
ശോച്യാവസ്ഥയിൽ കഴിയുന്ന അഭയാർഥികളായ കുട്ടികൾക്ക് പിന്തുണ നൽകുകയെന്ന ഉദ്ദേശ്യത്തോടെ ഫുട്ബാൾ പ്രമേയമാക്കിയുള്ള വിദ്യാഭ്യാസ 'ടൂൾകിറ്റ്'കഴിഞ്ഞദിവസം പുറത്തിറക്കി.
ഐക്യരാഷ്ട്രസഭ അഭയാർഥി ഏജൻസിയായ യു.എൻ.എച്ച്.സി.ആർ, ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എജുക്കേഷൻ എബൗ ആൾ ഫൗണ്ടേഷൻ (ഇ.എ.എ), ജനറേഷൻ അമേസിങ് ഫൗണ്ടേഷൻ എന്നിവർ സംയുക്തമായാണ് ഫുട്ബാൾ ഫോർ ഡെവലപ്മെൻറ് പ്ലേ ബുക്ക് (എഫ് ഫോർ ഡി.പി) വികസിപ്പിച്ചത്.
കാൽപന്തുകളിയെ പ്രമേയമാക്കി ശാരീരിക മത്സരങ്ങൾ, കായിക പ്രവർത്തനങ്ങൾ, ടീം വർക്ക്, അച്ചടക്കം, സാമൂഹിക ഉദ്ഗ്രഥനം തുടങ്ങിയവയിൽ കുട്ടികളുടെ ലൈഫ് സ്കിൽസ് വളർത്തുന്നതിനുള്ള പരിശീലനം നടപ്പാക്കുന്നതിനുള്ള പ്രായോഗിക നിർദേശങ്ങളാണ് ഇതിലുള്ളത്.
കുട്ടികളിൽ സാമൂഹികമായി ഉൾക്കാള്ളൽ, യോജിപ്പ്, ക്ഷേമം തുടങ്ങിയ മൂല്യങ്ങളെയും തത്ത്വങ്ങളെയും കൂടുതൽ മെച്ചപ്പെടുത്തുക, നിലവിലെ യു.എൻ.എച്ച്.സി.ആർ, ഇ.എ.എ പദ്ധതികളിൽ ഉപയോഗപ്പെടുത്തുക, ഛാദ്, കെനിയ, യുഗാണ്ട, റുവാണ്ട തുടങ്ങിയ രാജ്യങ്ങളിലെ കുടിയൊഴിപ്പിക്കപ്പെട്ട വിദ്യാർഥികൾക്ക് സാമൂഹിക ഉന്നമനത്തിനായുള്ള പിന്തുണ ഉറപ്പാക്കുക എന്നിവയും ലക്ഷ്യമിടുന്നു.
ജനീവയിൽ നടന്ന ചടങ്ങിൽ യു.എൻ അഭയാർഥി ഹൈകമീഷണർ ഫിലിപ്പോ ഗ്രാൻഡി, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി, ഇ.എ.എ സി.ഇ.ഒ ഫഹദ് അൽ സുലൈതി എന്നിവർ പങ്കാളിത്ത ഉടമ്പടിയിൽ ഒപ്പുവെച്ചു.
അഭയാർഥികളായ കുട്ടികളുടെയും യുവാക്കളുടെയും ശാക്തീകരണത്തിന് ഫുട്ബാളിനെ പരമാവധി പ്രയോജനപ്പെടുത്തുകയാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ഫിലിപ്പോ ഗ്രാൻഡി പറഞ്ഞു.
കാൽപന്തുകളിയുടെ ആത്മാവിനെയും ഹൃദയത്തെയും അർഹരായ ആളുകളിലേക്ക് എത്തിക്കുകയാണ് ജനറേഷൻ അമേസിങ് ലക്ഷ്യമിടുന്നതെന്നും യു.എൻ.എച്ച്.സി.ആർ, ഇ.എ.എ എന്നിവരുമായി ചേർന്ന് ഗൗരവമേറിയ പദ്ധതിയുടെ ഭാഗമാകുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും എസ്.സി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി പറഞ്ഞു.
സാമൂഹിക മാറ്റങ്ങൾക്ക് ഫുട്ബാളിലൂടെ പരിഹാര മാർഗം കണ്ടെത്തുന്നതിനായുള്ള ലോകകപ്പ് ലെഗസി പദ്ധതികളിലൊന്നാണ് ജനറേഷൻ അമേസിങ്.
വിദ്യാഭ്യാസം മനുഷ്യാവകാശമാണെന്നും സ്കൂളിന്റെ പടി കാണാത്ത നിരവധി കുട്ടികളാണ് അഭയാർഥി സമൂഹങ്ങളിൽ കഴിയുന്നതെന്നും അവരുടെ വിദ്യാഭ്യാസ, സാമൂഹിക പുരോഗതിക്ക് കായികപരമായ ഇടപെടലിലൂടെ വലിയ പങ്ക് വഹിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇ.എ.എ ചീഫ് ഫഹദ് അൽ സുലൈതി വ്യക്തമാക്കി.
യു.എൻ.എച്ച്.സി.ആറിനും ജനറേഷൻ അമേസിങ്ങിനും നന്ദി അറിയിക്കുന്നുവെന്നും അതോടൊപ്പം സ്ട്രാറ്റജിക് പങ്കാളികളായ ഖത്തർ ഡെവലപ്മെൻറ് ഫണ്ടിനും നന്ദി രേഖപ്പെടുത്തുകയാണെന്നും അൽസുലൈതി കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.