'ഫാൻ ഇൻഫോ'; ലോകകപ്പ് ആരോഗ്യസേവനങ്ങൾ ഒറ്റക്ലിക്കിൽ
text_fieldsദോഹ: ഫിഫ ലോകകപ്പ് ഫുട്ബാളിനെത്തുന്ന സന്ദർശക ആരാധകർക്കും പ്രദേശവാസികൾക്കും ആരോഗ്യ ചികിത്സാസേവനങ്ങളും ഉപദേശങ്ങളും നൽകുന്ന പ്രത്യേക വെബ്സൈറ്റ് പൊതുജനാരോഗ്യ മന്ത്രാലയം പുറത്തിറക്കി. പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപറേഷൻ, പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ, അസ്പറ്റാർ, സിദ്റ മെഡിസിൻ, ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി, ഖത്തർ സായുധസേന, ആഭ്യന്തര മന്ത്രാലയം, ഖത്തർ എനർജി ഹെൽത്ത് സർവിസ് എന്നിവിടങ്ങളിൽനിന്നുള്ള ആരോഗ്യജീവനക്കാർ ലോകകപ്പിനെത്തുന്ന ടീമുകൾക്കും ഒഫീഷ്യലുകൾക്കും മീഡിയ ഏജൻസികൾ പോലെയുള്ള താൽക്കാലിക ജീവനക്കാർക്കും പ്രാദേശിക-സന്ദർശക ആരാധകർക്കും വൈദ്യസഹായം നൽകുന്നതിനും സേവനങ്ങൾ ലഭ്യമാക്കുന്നതിനും പ്രതിജ്ഞാബദ്ധരാണെന്ന് ഖത്തർ ലോകകപ്പ് ഹെൽത്ത് സ്ട്രാറ്റജിക് ഗ്രൂപ് ചെയർമാൻ ഡോ. അഹ്മദ് അൽ മുഹമ്മദ് പറഞ്ഞു.
ആരാധകർക്ക് ആരോഗ്യസേവനം വളരെ വേഗത്തിൽ ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ മന്ത്രാലയം പങ്കാളികളുമായി പ്രവർത്തിച്ചുവരുകയാണ്. ഖത്തറിന്‍റെ ആരോഗ്യ മേഖലയിൽ വലിയ മുന്നേറ്റമാണ് കഴിഞ്ഞ വർഷങ്ങളിൽ നടന്നത്. ഖത്തറിലെത്തുന്ന സന്ദർശകരായ ആരാധകർക്ക് ലോകോത്തര നിലവാരത്തിലുള്ള ആരോഗ്യസേവനങ്ങളാണ് അവരാവശ്യപ്പെടുന്ന സന്ദർഭത്തിൽ നൽകുകയെന്നും ഡോ. അൽ മുഹമ്മദ് വിശദീകരിച്ചു.
ആരാധകർ ആശുപത്രിയെ നേരിട്ടാശ്രയിക്കുന്നത് കുറക്കുന്നതിന്റെ ഭാഗമായി വളരെ വേഗത്തിലും എളുപ്പത്തിലും അവർക്ക് ചികിത്സ ലഭ്യമാക്കുകയെന്നത് ലോകകപ്പ് ഹെൽത്ത് സ്ട്രാറ്റജിയിൽ പെടുന്നു. ഇതിന്റെ ഭാഗമായി സ്റ്റേഡിയങ്ങൾ, ഫാൻ സോണുകൾ, പ്രധാന താമസ കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ ചികിത്സാ സേവനം ലഭ്യമാക്കുന്നതിന് ആരോഗ്യമേഖലയിൽ നിന്നുള്ള വിദഗ്ധ സംഘങ്ങൾ നയിക്കുന്ന പ്രത്യേക മെഡിക്കൽ ക്ലിനിക്കുകൾ പ്രവർത്തിക്കും.
രാജ്യത്ത് ലഭ്യമായ ആരോഗ്യ സേവനങ്ങൾ, അവ എങ്ങനെ ഉപയോഗപ്പെടുത്താം എന്നിവ സംബന്ധിച്ച് അവർ ബോധവാന്മാരാണെന്ന് ഉറപ്പുവരുത്തുന്നതിന് ആരോഗ്യമന്ത്രാലയം നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് സുപ്രീം ഹെൽത്ത് കെയർ കമ്യൂണിക്കേഷൻ കമ്മിറ്റി ചെയർമാൻ അലി അബ്ദുല്ല അൽ ഖാതിർ ഖത്തർ വാർത്താ ഏജൻസിയോട് പറഞ്ഞു.
ടൂർണമെൻറിന് മുമ്പായി വ്യത്യസ്ത മാധ്യമ സംവിധാനങ്ങളിലൂടെ ആരോഗ്യത്തെ സംബന്ധിച്ചും ചികിത്സാസേവനങ്ങളുമായി ബന്ധപ്പെട്ടും പ്രാദേശിക, അന്തർദേശീയ ആരാധകർക്ക് നിരന്തരം സന്ദേശങ്ങൾ അയക്കും. ഭക്ഷ്യസുരക്ഷ, ചൂട് സംബന്ധിച്ച ബോധവത്കരണം, റോഡ് സുരക്ഷ, സാംക്രമികരോഗ ബോധവത്കരണം തുടങ്ങിയവയുൾപ്പെടെ പൊതുജനാരോഗ്യ വിവരങ്ങൾ പുറപ്പെടുവിക്കുന്നതിലൂടെ സുരക്ഷിതവും ആരോഗ്യകരവുമായ ടൂർണമെൻറിന് പിന്തുണ നൽകാൻ പ്രതിബദ്ധതയോടെ പ്രവർത്തിച്ചുവരുകയാണ് -അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.