ലോകകപ്പ് ലെഗസി ലോകമെങ്ങും
text_fieldsദോഹ: രണ്ടുവർഷം മുമ്പ് കൊടിയിറങ്ങിയ ലോകകപ്പ് ഫുട്ബാളിന്റെ പൈതൃകം ലോകമെങ്ങുമുള്ള ദുരിതബാധിതരായ മനുഷ്യരുടെ നന്മകൾക്കായി ഉപയോഗപ്പെടുത്തി ഖത്തറിന്റെ മാതൃക. ഫിഫയുമായി സഹകരിച്ച് അഞ്ചുകോടി ഡോളറിന്റെ (422 കോടി രൂപ) ലെഗസി പദ്ധതിയാണ് ലോകകപ്പ് ഫുട്ബാളിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഖത്തർ ലോകകപ്പ് സംഘാടകർ പ്രഖ്യാപിച്ചത്.
ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ), ലോകവ്യാപാര സംഘടന (ഡബ്ല്യു.ടി.ഒ), യു.എൻ അഭയാർഥി ഏജൻസിയായ യു.എൻ.എച്ച്.സി.ആർ എന്നിവരുമായി ചേർന്നാണ് അഞ്ചുകോടി ഡോളറിന്റെ ലെഗസി പദ്ധതിയിലേക്ക് ഖത്തർ നിക്ഷേപം പ്രഖ്യാപിച്ചത്. 2022 ലോകകപ്പ് വേളയിൽ നടത്തിയ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിക്ഷേപം.
കളിക്കളത്തിനപ്പുറം അന്താരാഷ്ട്ര സംഘടനകളുമായി ചേർന്ന് ഫിഫയുടെ സാമൂഹിക, വികസന പ്രക്രിയകൾക്ക് പിന്തുണയാണ് ഈ തുക. കഴിഞ്ഞ ദിവസം ഓൺലൈൻ വഴി നടന്ന യോഗത്തിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ, ഡബ്ല്യു.ടി.ഒ ഡയറക്ടർ ജനറൽ ഡോ. എൻഗോസി ഒകോൻജോ വിയാല, ഡബ്ല്യു.എച്ച്.ഒ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദ്നോൻ, യു.എൻ അഭയാർഥി ഏജൻസി ഹൈകമീഷണർ ഫിലിപ്പോ ഗ്രാൻഡി, ഖത്തർ ലോകകപ്പ് സംഘാടക സമിതിയായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി എന്നിവർ ഒപ്പുവെച്ചു. ഇതാദ്യമായാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സാമൂഹിക വികസനത്തിനായി ലോകകപ്പ് ലെഗസി ഫണ്ട് രൂപവത്കരിച്ച് നിക്ഷേപം നടത്തുന്നത്.
യു.എൻ.എച്ച്.സി.ആറുമായുള്ള പങ്കാളിത്തത്തിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി യുദ്ധം, പ്രകൃതിദുരന്തങ്ങൾ ഉൾപ്പെടെ കാരണങ്ങളാൽ അഭയാർഥികളായവരുടെ ശാക്തീകരണ പ്രവർത്തനങ്ങളിൽ ലെഗസി ഫണ്ട് ഉപയോഗപ്പെടുത്തും. അടിസ്ഥാന സേവനങ്ങൾ നൽകിയും സാമൂഹികമായ ഉന്നമനത്തിന് പിന്തുണച്ചും ഫിഫ പ്രവർത്തിക്കും.
ലോകാരോഗ്യ സംഘടനുമായി ചേർന്നാണ് അർഹരായ വിഭാഗങ്ങളിലെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുന്നതിനായി ലെഗസി ഫണ്ട് വിനിയോഗിക്കുക. കൂടാതെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലേക്കും വ്യാപിപ്പിക്കും.
കാലാവസ്ഥ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത ചൂടിൽനിന്നും പാരിസ്ഥിതിക ആഘാതങ്ങളിൽനിന്നും വ്യക്തികളുടെ ആരോഗ്യവും തൊഴിലും സംരക്ഷിക്കാനുള്ള ‘ബീറ്റ് ദി ഹീറ്റ്’ സംരംഭത്തിനും പിന്തുണ നൽകും.
ലോകവ്യാപാര സംഘടന, അന്താരാഷ്ട്ര ട്രേഡ് സെന്റർ എന്നിവയുമായി ചേർന്ന് വനിത സംരംഭകരെ ശാക്തീകരിക്കാനും ഡിജിറ്റലൈസേഷൻ ഉൾപ്പെടെ നൂതന പദ്ധതികൾക്ക് പിന്തുണയും നൽകും.
ഖത്തറിലെ ആസ്പയർ അക്കാദമിയുമായി ചേർന്ന് ആഴ്സൻ വെങ്ങറുടെ നേതൃത്വത്തിലെ ഫിഫ ടാലന്റ് സ്കീം വഴി വിവിധ രാജ്യങ്ങളിൽനിന്നുള്ള യുവതാരങ്ങളുടെ ഫുട്ബാൾ വികസന പ്രവർത്തനങ്ങളും നടപ്പാക്കും.
ലോകകപ്പാനന്തരവും ഫിഫ ലോകകപ്പ് ടൂർണമെന്റിന്റെ പൈതൃകവും സുസ്ഥിരതയും നിലനിർത്തുന്ന പദ്ധതിയാണ് ലെഗസി ഫണ്ടെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ പറഞ്ഞു. ദോഹ ആസ്ഥാനമായ സുപ്രീം കമ്മിറ്റിയുമായി ചേർന്നാവും ഫണ്ട് വിവിധ മേഖലകളിൽ നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.