കടൽ കൊട്ടാരം യാത്രതുടങ്ങി
text_fieldsദോഹ: പശ്ചിമ ഫ്രാൻസിലെ സെന്റ് നസയർ ഹാബറിലെ ഷിപ്പ്യാർഡിൽനിന്നും മുറിച്ചിട്ട സ്റ്റീൽ റിബൺ വായുവിലാടി, ഷാംപെയ്ൻ കുപ്പി ഭിത്തിയിലടിച്ച് പൊട്ടിയ നിമിഷത്തിൽ ദീർഘമായി ഹോൺ മുഴങ്ങി...
ഖത്തർ ലോകകപ്പിന് സ്റ്റേഡിയങ്ങളെയും മറ്റു സജ്ജീകരണങ്ങളെയുംപോലെ കാണികൾക്ക് അതിശയമാവാൻ ഒരുങ്ങുന്ന കടൽകൊട്ടാരം എം.എസ്.സി വേൾഡ് യൂറോപ്പയുടെ സഞ്ചാരത്തിനുള്ള ഹോൺ മുഴക്കമായിരുന്നു അന്ന്. ഹോട്ടലും അപ്പാർട്മെന്റും ഉൾപ്പെടെയുള്ള പരമ്പരാഗത താമസ സംവിധാനങ്ങൾക്ക് പുറമെ ഖത്തർ ലോകകപ്പ് സംഘാടകർ ഒരുക്കുന്ന ക്രൂസ് കപ്പൽ താമസത്തിനായി ഫ്രാൻസിൽനിന്നും പണിപൂർത്തിയാക്കി കടൽസഞ്ചാരത്തിന് തുടക്കമിട്ടതാണ് എം.എസ്.സി വേൾഡ് യൂറോപ്പ എന്ന ആഡംബര കപ്പൽ. ഏതാനും വർഷങ്ങളായി സെന്റ് നസയ്റിലെ ഷിപ്പ്യാർഡിൽ പണിപ്പുരയിലായിരുന്നു ഈ കൊട്ടാരസമാനമായ കപ്പൽ. നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കി, കഴിഞ്ഞ ദിവസമാണ് ഉടമസ്ഥരായ എം.എസ്.സി വേൾഡിന് കപ്പൽ കൈമാറിയത്. ആദ്യ ദൗത്യമാവട്ടെ ലോകകപ്പ് താമസ കേന്ദ്രമായും. ഫ്രാൻസിൽനിന്നും പുറപ്പെട്ട് നവംബർ രണ്ടാം വാരത്തിൽ ദോഹ തീരത്തണയുന്ന കപ്പലിന്റെ ഉദ്ഘാടനം 13നാണ്.
പരിസ്ഥിതി സൗഹൃദ കപ്പൽ എന്ന പ്രത്യേകതയുമുണ്ട് എം.എസ്.സി വേൾഡ് യൂറോപ്പക്ക്. ദ്രവീകൃത പ്രകൃതി വാതക ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ക്രൂസ് കപ്പൽ എന്ന റെക്കോഡുമുണ്ട് ഈ കടൽ കൊട്ടാരത്തിന്. ഇന്ധന സെൽ സാങ്കേതികവിദ്യ സംയോജിപ്പിച്ച ആദ്യത്തെ കപ്പലുമാണിത്. കടലിലൂടെ വൻകരകൾ താണ്ടിയുള്ള യാത്രയിൽ അന്തരീക്ഷ മലിനീകരണമില്ലാതെയും കാർബൺ ബഹിർഗമനം കുറച്ചുമാണ് എം.എസ്.സി വേൾഡ് യൂറോപ്പയുടെ സഞ്ചാരം.
വിനോദവും സുരക്ഷിതമായ താമസവും ഒരുക്കുന്നതാണ് ക്രൂസ് കപ്പൽ. ദോഹ വെസ്റ്റ് ബേ ഗ്രാൻഡ് ടെർമിനലിലാണ് കപ്പൽ നങ്കൂരമിടുന്നത്. ഖത്തർ ലോകകപ്പിന്റെ അക്കമഡേഷൻ പോർട്ടൽ വഴി ലോകകപ്പ് വേളയിലെ ബുക്കിങ് ഇപ്പോഴും തുടരുന്നുണ്ട്. നിവലിൽ ഒരു രാത്രിക്ക് 1240 റിയാലാണ് ബുക്കിങ് നിരക്ക്.
വേൾഡ് ക്ലാസ് കപ്പൽ
333 മീറ്റർ നീളവും 68 മീറ്റർ ഉയരവുമുള്ള അതിഭീമൻ കടൽകൊട്ടാരമാണ് എം.എസ്.വി വേൾഡ് യൂറോപ്പ. ആഡംബരത്തിന്റെ പര്യായമായി വിശേഷിപ്പിക്കാവുന്ന സജ്ജീകരണങ്ങളാണ് കപ്പലിന്റെ അകം നിറയെ. ആറ് വിശാലമായ നീന്തൽ കുളങ്ങളും 14 വേൾപൂളും. തെർമൽ ബാത്ത്, ബ്യൂട്ടി സലൂൺ, ബാർബർ ഷോപ്പ്, കൂടാതെ പൂർണമായി സജ്ജീകരിച്ച ജിം എന്നിവ ഉൾക്കൊള്ളുന്ന ബാലിനീസ് ശൈലിയിലുള്ള വെൽനസ് സെന്ററും സ്പായും ഉൾപ്പെടുന്നു. വിവിധ ഭക്ഷ്യവിഭവങ്ങൾ ഉൾകൊള്ളുന്ന 13 ഡൈനിങ് ഏരിയകൾ, ബാർ, ലോഞ്ച്, സീ പബ്, സൗത്ത് ഏഷ്യൻ സ്റ്റെൽ ടീ റൂം, എമ്പോറിയം കോഫി ബാർ എന്നിവയും സവിശേഷതകളാണ്. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിവിധ വിനോദ പരിപാടികളും കപ്പലിൽ സജ്ജീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.