പുരസ്കാരത്തിളക്കത്തിൽ ലോകകപ്പ് മെയിൻ മീഡിയ സെന്റർ
text_fieldsദോഹ: അന്താരാഷ്ട്ര കായികമാധ്യമപ്രവർത്തകരുടെ സംഘടനയായ ഇന്റർനാഷനൽ സ്പോർട്സ് പ്രസ് അസോസിയേഷൻ പുരസ്കാരത്തിൽ തിളങ്ങി ഖത്തറിലെ ലോകകപ്പ് സംഘാടനം. ഏറ്റവും മികച്ച മീഡിയ സെന്ററിനുള്ള പുരസ്കാരവും ഏറ്റവും മികച്ച കായികമേളയുടെ സംഘാടനത്തിനുള്ള അവാർഡുമാണ് ഖത്തർ ലോകകപ്പിന് ലഭിച്ചത്. ദക്ഷിണ കൊറിയയിലെ സോളിൽ നടന്ന ചടങ്ങിലായിരുന്നു അന്താരാഷ്ട്ര കായികമാധ്യമപ്രവർത്തകരുടെ അംഗീകാരമായി ഖത്തറിനെ തേടി പുരസ്കാരങ്ങളെത്തിയത്.
ഒരു കായിക ഇനത്തിന്റെ ചാമ്പ്യന്‍ഷിപ്പിനായി ഒരുക്കിയ ഏറ്റവും മികച്ച മീഡിയ സെന്ററിനുള്ള പുരസ്കാരമാണ് ലോകകപ്പ് മീഡിയ സെന്റര്‍ സ്വന്തമാക്കിയത്. ക്യു.എന്‍.സി.സിയില്‍ അത്യാധുനിക സൗകര്യങ്ങളോടെയാണ് ഖത്തര്‍ ലോകമെങ്ങുമുള്ള മാധ്യമപ്രവര്‍ത്തകരെ സ്വീകരിച്ചത്. 12,500 മാധ്യമ പ്രവര്‍ത്തകരാണ് ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ ഫിഫ അക്രഡിറ്റേഷന് വഴി ഇവിടെ എത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും അവരുടെ ജോലി നിര്‍വഹിക്കുന്നതിന് വിപുലമായ സൗകര്യങ്ങള്‍തന്നെ ഒരുക്കിയിരുന്നു.
ഇതോടൊപ്പം സ്റ്റേഡിയങ്ങളില്‍ ചെന്ന് കളി കാണാന്‍ സൗകര്യമില്ലാത്തവര്‍ക്കായി രണ്ട് വെര്‍ച്വല്‍ ഗാലറികളും ഈ മീഡിയ സെന്ററിന്റെ ഭാഗമായിരുന്നു. ബെയ്ജിങ് വിന്റര്‍ ഒളിമ്പിക്സ് മീഡിയ സെന്ററാണ് മള്‍ട്ടി സ്പോര്‍ട്സ് കാറ്റഗറിയില്‍ പുരസ്കാരം നേടിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ മാധ്യമപ്രവർത്തകരുടെ ജോലികേന്ദ്രമായും വിവിധ ടീം അംഗങ്ങളുടെയും ഫിഫ അധ്യക്ഷന്റെയും വാർത്തസമ്മേളന കേന്ദ്രമായുമെല്ലാം ഫിഫ മെയിൻ പ്രസ് സെന്റർ പ്രവർത്തിച്ചിരുന്നു. മെയിൻ മീഡിയ സെന്ററിനു പുറമെ, മിഷൈരിബ് ഡൗൺടൗണിൽ ഹോസ്റ്റ് കൺട്രി മീഡിയ സെന്ററും പ്രവർത്തിച്ചു.
ഏഷ്യൻ സ്പോർട്സ് പ്രസ് ഫെഡറേഷൻ ഏറ്റവും മികച്ച കായികമേളയായി ഖത്തർ ലോകകപ്പ് 2022നെ തെരഞ്ഞെടുത്തു. സ്പോർട്സ് മീഡിയ കമ്മിറ്റി പ്രതിനിധിയും ഏഷ്യൻ ഫെഡറേഷൻ വൈസ് പ്രസിഡന്റുമായ മുബാറസ് അൽ ബുഐനാൻ അവാർഡ് ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.