കളിയുത്സവത്തിന്റെ ഓർമച്ചിത്രം
text_fieldsദോഹ: 2010ൽ സൂറിച്ചിലെ ഫിഫ കോൺഗ്രസ് സമ്മേളന ഹാളിൽ 2022 ലോകകപ്പ് നറുക്കെടുപ്പിന്റെ അനർഘ നിമിഷവും, ആ പ്രഖ്യാപനം കേട്ട് സൂഖ് വാഖിഫിലും ദോഹ തെരുവിലും നടന്ന ആഘോഷത്തിലും തുടങ്ങുന്ന താളുകൾ.
12 വർഷത്തിനിപ്പുറം ബിഷ്ത് അണിഞ്ഞ് സ്വർണക്കപ്പുയർത്തി നിൽക്കുന്ന ലയണൽ മെസ്സിയും ദോഹ മെട്രോയിലെ ജനസാഗരവും സൂഖിലെ ആഘോഷങ്ങളുമെല്ലാം ഒപ്പിയെടുത്ത പേജുകൾ. 160 പേജുകളിൽ ലോകകപ്പിന്റെ ചരിത്രപുസ്തകംപോലെ ഒപ്പിയിട്ട ഓർമപ്പുസ്തകം ‘ലെഗസി’പ്രൗഢഗംഭീരമായ സദസ്സിൽ പ്രകാശനംചെയ്തു.
ഖത്തർ ലോകകപ്പിന്റെ സുവർണ നിമിഷങ്ങളിലേക്ക് ഫുട്ബാള്‍ ആരാധകരെ തിരികെയെത്തിക്കുന്ന ‘ലെഗസി’ദോഹ വെസ്റ്റിന് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഖത്തറിലെ അര്‍ജന്റീനിയന്‍ അംബാസഡര്‍ ഗിലർമോ നിക്കോളസ് പ്രകാശനം ചെയ്തു.
ഫിഫ ലോകകപ്പ് വിജയകരമായി സംഘടിപ്പിച്ച ഖത്തറിനുള്ള ഉപഹാരമായി ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററാണ് ‘ലെഗസി’എന്ന പേരില്‍ പ്രമുഖ ഫോട്ടോഗ്രാഫര്‍മാരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഓർമപ്പുസ്തകം തയാറാക്കിയത്. 160 പേജുള്ള പുസ്കത്തിലുടനീളം ഖത്തറിന് ലോകകപ്പ് അനുവദിച്ച 2010 ഡിസംബര്‍ മുതലുള്ള അവിസ്മരണീയ ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയത്.
ഖത്തറിനും അര്ജന്റീനക്കും മറക്കാന്‍ പറ്റാത്ത അനുഭവമാണ് ലെഗസി സമ്മാനിക്കുന്നതെന്ന് ഗിലർമോ നിക്കോളാസ് അഭിപ്രായപ്പെട്ടു. ഗാലറിയും കളികളും ഫാന്‍ സോണുകളും ചിത്രങ്ങളിലൂടെ നിറഞ്ഞുനില്ക്കുന്ന പുസ്തകം ഖത്തര്‍ ലോകകപ്പിന്റെ ഓർമകള്‍ അടുത്ത തലമുറയിലേക്കും പകര്‍ന്നുനല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
ഒളിമ്പിക് മ്യൂസിയം ഡയറക്ടര്‍ അബ്ദുല്ല അല്‍ മുല്ല പുസ്തകത്തിന്റെ ഓണ്‍ലൈന്‍ പതിപ്പ് പ്രകാശനം ചെയ്തു. പുസ്തകത്തിന്റെ കോപ്പികള്‍ ത്രീ ടു വൺ ഖത്തര്‍ ഒളിമ്പിക് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ലെഗസി എഡിറ്റര്‍ റഈസ് അഹമ്മദ് പുസ്തകം പരിചയപ്പെടുത്തി. ലോകകപ്പ് കാലത്തെ ഖത്തര്‍ അനുഭവങ്ങള്‍ ഒരിക്കല്‍കൂടി ആസ്വാദകരിലേക്ക് എത്തിക്കുകയായിരുന്നു പുസ്തകത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
പ്രമുഖ സ്പോര്‍ട്സ് ജേണലിസ്റ്റും ലോകകപ്പ് സംഘാടക സമിതിയുടെ മീഡിയ കണ്‍സൽട്ടന്റുമായിരുന്ന ഡി. രവികുമാര്‍, കതാറ പബ്ലിഷിങ് ഹൗസ് മാനേജിങ് എഡിറ്റര്‍ ഹുസൈന് അഹമ്മദ്, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.സി.സി പ്രസിഡന്റ് മണികണ്ഠന്, ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റർ പ്രസിഡന്റ് ഇ.പി. അബ്ദുറഹിമാന് എന്നിവര്‍ സംസാരിച്ചു. യു. ഹുസൈന് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഫൈസല്‍ കരട്ടിയാട്ടില്‍ സ്വാഗതവും ലൈസ് കുനിയിൽ നന്ദിയും പറഞ്ഞു.
അതിഥികൾക്കുള്ള ഉപഹാരങ്ങൾ ക്യു.ഐ.ഐ.സി പ്രസിഡന്റ് അക്ബർ ഖാസിം, ജനറൽ സെക്രട്ടറി മുനീർ സലഫി, വൈസ് പ്രസിഡന്റ് ജി.പി. കുഞ്ഞാലിക്കുട്ടി, ഇസ്മായിൽ വില്യാപ്പള്ളി, സുവൈർ വക്റ, സലാം ചീകുന്ന്, മിസ്ബാഹ്, ഷെരീഫ്, മുഹമ്മദ് അലി ഒറ്റപ്പാലം എന്നിവർ സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.