ലോകകപ്പ്: റോഡിൽ തടസ്സങ്ങളുണ്ടാവില്ല
text_fieldsദോഹ: ലോകകപ്പ് ടൂർണമെൻറിനിടെ രാജ്യത്തെ ഗതാഗതവും റോഡ് സംവിധാനങ്ങളും കുറ്റമറ്റതാക്കാനുള്ള പദ്ധതികളുമായി പൊതുമരാമത്ത് അതോറിറ്റി (അശ്ഗാൽ) നടപടികൾ തുടങ്ങി. കളികാണാനെത്തുന്ന ആരാധകരെ കൊണ്ട് നഗരം നിറയുമ്പോൾ, തിരക്കുകളൊന്നും റോഡിൽ അനുഭവപ്പെടാതിരിക്കുന്ന സർവസജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. റോഡ് ഗതാഗതം സുഗമമാക്കാനും ആരാധകർക്ക് സ്റ്റേഡിയത്തിലേക്കുള്ള മാർഗനിർദേശം നൽകാനുമായി അത്യാധുനിക ഡിജിറ്റൽ സൈൻ ബോർഡുകളും നൂതന സി.സി.ടി.വി കാമറകളും സ്ഥാപിച്ചതായി അശ്ഗാൽ ഓപറേഷൻ മാനേജർ എൻജി. അബ്ദുല്ല അൽ ഖഹ്താനി പറഞ്ഞു.
സാഹചര്യങ്ങൾ വിലയിരുത്താനും ഗതാഗത ആസൂത്രണങ്ങളിൽ മാറ്റം സംഭവിച്ചാൽ ഉടൻ പരിഹാരം കണ്ടെത്താനുമായി അശ്ഗാലിന്റെ റോഡ് മാനേജ്മെൻറ് സെൻറർ താൽക്കാലിക ഗതാഗത നിയന്ത്രണ കേന്ദ്രവുമായി ബന്ധിപ്പിക്കുമെന്നും എൻജി. അൽ ഖഹ്താനി കൂട്ടിച്ചേർത്തു. ലോകകപ്പിനായുള്ള അശ്ഗാലിന്റെ തയാറെടുപ്പുകൾ സംബന്ധിച്ച് ഖത്തർ റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ലോകകപ്പ് പോലെയുള്ള വമ്പൻ കായിക ചാമ്പ്യൻഷിപ്പിനായി ആരാധകരെയും ഒഫീഷ്യലുകളെയും സ്വീകരിക്കുന്നതിന് അശ്ഗാൽ സജ്ജമാണെന്നും സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ (കഹ്റമ) തുടങ്ങിയ പങ്കാളികളുമായി അശ്ഗാൽ സഹകരിച്ച് പ്രവർത്തിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ലോകകപ്പുമായി ബന്ധപ്പെട്ട് മൂന്ന് ഘട്ടങ്ങളിലായുള്ള കർമപദ്ധതികളാണ് അശ്ഗാലിന് മുന്നിലുള്ളത്. ലോകകപ്പിന് മുമ്പ്, ടൂർണമെൻറ് കാലയളവ്, ടൂർണമെൻറിനു ശേഷം എന്നിവയാണത്. ലോകകപ്പിന് മുമ്പായുള്ള കർമപദ്ധതിയുടെ ഭാഗമായി ടൂർണമെൻറ് തീയതി പ്രഖ്യാപിച്ചശേഷം സ്റ്റേഡിയങ്ങൾക്ക് പരിസരത്തുള്ള റോഡുകളുടെ സർവേ നടത്താനായി പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ട്. റോഡുകളുടെ ഗുണമേന്മ, സൈൻ ബോർഡുകൾ, സുരക്ഷ വേലി, ഡ്രെയ്നേജ് സംവിധാനം, തെരുവ് വിളക്കുകൾ, ഗതാഗത സിഗ്നൽ, കാൽനടക്കാർക്കുള്ള ക്രോസിങ് തുടങ്ങിയവ പരിശോധിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സർവേക്ക് ശേഷം ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഗതാഗത വകുപ്പുമായി സഹകരിച്ച് ടൂർണമെൻറ് കാലയളവിൽ റോഡുകൾ അടക്കുന്നത് സംബന്ധിച്ചും സമാന്തര മാർഗങ്ങളുപയോഗിക്കുന്നതുമായി ബന്ധപ്പെട്ടും പ്രത്യേക സർവേ നടത്തുകയുണ്ടായി. സർവേ പ്രകാരമുള്ള അടിയന്തര നടപടികൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. രണ്ടാം ഘട്ടത്തിനിടയിൽ സാഹചര്യങ്ങൾ വിലയിരുത്തി ആരാധകർക്ക് സ്റ്റേഡിയത്തിലേക്കും പാർക്കിങ്ങിലേക്കും എത്തുന്നത് എളുപ്പമാക്കുന്നതിന് ഡിജിറ്റൽ സൈൻ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.
തുരങ്കപാതകൾ, പ്രധാന ഹൈവേകൾ, മേൽപാലങ്ങൾ എന്നിവിടങ്ങളിലെല്ലാം ഡിജിറ്റൽ സൈൻ ബോർഡുകളുണ്ട്. മാച്ച് ടിക്കറ്റുകളുടെ ഗ്രേഡ് അനുസരിച്ച് പാർക്കിങ്ങുകൾ സ്റ്റേഡിയത്തിന് സമീപവും കുറച്ച് അകലെയായും സജ്ജമാണ്. ഗതാഗത സാഹചര്യം വിലയിരുത്താനും അടിയന്തര നടപടികൾ കൈക്കൊള്ളാനുമായുള്ള അശ്ഗാലിന്റെ റോഡ് മാനേജ്മെൻറ് സെൻററെന്ന കൺേട്രാൾ റൂം അസറ്റ് സെക്ടർ ബിൽഡിങ്ങിൽ സജ്ജമാക്കിയിട്ടുണ്ടെന്നും എൻജി. അൽ ഖഹ്താനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.