ആ സൗഹൃദചിത്രം ഇനി പുതിയ ചുമരിൽ
text_fieldsകതാറയിലെ പുതിയ കെട്ടിടത്തിൽ തീർത്ത പെയിന്റിങ്ങിന്റെ ഉദ്ഘാടന ചടങ്ങിൽ അംബാസഡറും ആർട്ടിസ്റ്റും അതിഥികളും
ദോഹ: ലോകകപ്പ് ഫുട്ബാളിന് ഖത്തറിന്റെ മണ്ണിൽ പന്തുരുളുന്നതിന് തൊട്ടുമുമ്പായിരുന്നു കതാറ കൾചറൽ വില്ലേജിൽ ആരുടെയും കണ്ണ് പതിക്കുന്നിടത്ത് വേറിട്ടൊരു പെയിന്റിങ് പിറന്നത്. വിശ്രുത ക്യൂബൻ കലാകാരൻ മൈകൽ ലോപസ് കതാറയിലെ 15ാം നമ്പർ കെട്ടിടത്തിന്റെ ചുമരിൽ പൂർത്തിയാക്കിയ രണ്ട് കുട്ടികളുടെ ചിത്രം ലോകകപ്പിനൊപ്പം തന്നെ ലോകമെങ്ങും ആഘോഷമാക്കി.
ലോകകപ്പിന് മുന്നോടിയായി ക്യൂബൻ ആർട്ടിസ്റ്റ് മാർകസ് ലോപസ് കതാറയിൽ തീർത്ത ഫ്രണ്ട്ഷിപ് പെയിന്റിങ് (ഫയൽ ചിത്രം)
ചൂണ്ടുവിരലിൽ ഫുട്ബാൾ വട്ടംകറക്കുന്ന ഖത്തരി ബാലനും, അതിനെ ആശ്ചര്യത്തോടെ നോക്കിനിൽക്കുന്ന ക്യൂബൻ ബാലനും ലോകകപ്പിനോടനുബന്ധിച്ച് പിറന്ന കലാസൃഷ്ടികളിൽ ശ്രദ്ധേയമായി. ഇരു രാജ്യങ്ങളും തമ്മിലെ സൗഹൃദത്തിന്റെ പ്രതീകം കൂടിയായി മാറിയ ചിത്രം നിറംമങ്ങിത്തുടങ്ങുമ്പോഴേക്കും വീണ്ടും കതാറയിലെ മറ്റൊരു ചുമരിൽ ഉയർന്നു കഴിഞ്ഞു. മാർകസ് ലോപസ് തന്നെ പൂർത്തിയാക്കിയ ചിത്രം കതാറയിലെ അൽ ഗന്നാസ് സൊസൈറ്റി കെട്ടിടത്തിന്റെ ചുമരിലാണ് ഇപ്പോൾ ഇടംനേടിയത്.
ഖത്തറിലെ ക്യൂബൻ അംബാസഡർ ജോസ് എന്റിക് റോഡ്രിഗസ് പങ്കെടുത്ത ചടങ്ങിൽ പുതിയ പെയിന്റിങ് ഉദ്ഘാടനം ചെയ്തു. ജനങ്ങൾ തമ്മിലെ സാംസ്കാരിക സംവാദവും സൗഹൃദവും സാധ്യമാക്കുന്നതാണ് കലാസൃഷ്ടികളെന്ന് ചടങ്ങിൽ പങ്കെടുത്ത കതാറ ജനറൽ മാനേജർ ഡോ. ഖാലിദ് ബിൻ ഇബ്രാഹിം അൽ സുലൈതി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.