തലപ്പാവിനെ അടയാളപ്പെടുത്തി ലോകകപ്പ് പോസ്റ്റർ
text_fieldsദോഹ: ഭാഗ്യമുദ്രക്കും ഔദ്യോഗിക ഗാനത്തിനും പിന്നാലെ, ലോകകപ്പിന്‍റെ ആവേശം അടയാളപ്പെടുത്തുന്ന ഔദ്യോഗിക പോസ്റ്ററും പുറത്തിറങ്ങി. വിശ്വമേളയെ വരവേറ്റുകൊണ്ട് അറബ് പാരമ്പര്യം പ്രകടിപ്പിക്കുന്ന ദൃശ്യങ്ങളോടെ രൂപകൽപന ചെയ്ത പോസ്റ്റർ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ പ്രകാശനം ചെയ്തു.
ഖത്തരി കലാകാരിയായ ബുഥൈന അൽ മുഫ്ത രൂപകൽപന ചെയ്ത പോസ്റ്റർ സീരീസാണ് വിമാനത്താവളത്തിൽ നടന്ന പ്രത്യേക ചടങ്ങിൽ പ്രകാശനം ചെയ്തത്. ഖത്തറിലും അറബ് ലോകത്തും ഫുട്ബാൾ ആഘോഷങ്ങളുടെ ഭാഗമായി അറബികളുടെ പാരമ്പര്യ തലപ്പാവ് വലിച്ചെറിയുന്ന പോസ്റ്ററാണ് രൂപകൽപന ചെയ്തിരിക്കുന്നത്.
അറബ് ലോകത്തിന്‍റെ കാൽപന്തിനോടുള്ള അഭിനിവേശത്തെയും കുടുംബങ്ങളെ ഒന്നിപ്പിക്കുന്ന കളി എന്ന തലത്തിൽ ഫുട്ബാളിനെയും വരച്ചുകാണിക്കുന്ന ഏഴ് ചിത്രങ്ങളടങ്ങിയ പരമ്പരയാണ് ലോകകപ്പിന് പിന്തുണയുമായി ബുഥൈന അൽ മുഫ്ത അവതരിപ്പിക്കുന്നത്. കുട്ടിക്കാലത്തെ ഓർമകളിൽനിന്നും പ്രചോദനമുൾക്കൊണ്ടാണ് പോസ്റ്ററുകൾ രൂപകൽപന ചെയ്തിരിക്കുന്നതെന്ന് ബുഥൈന അൽ മുഫ്ത പറഞ്ഞു. എല്ലാ സൃഷ്ടികളും മുൻകാല അനുഭവങ്ങളെയും ഓർമകളെയും കേന്ദ്രീകരിച്ചുള്ളതാണ്. അവയെ വർത്തമാനകാലവുമായി ബന്ധിപ്പിച്ചും ഭാവിയിലേക്കുള്ള കരുതിവെപ്പുമായുമാണ് ചിത്രങ്ങൾ രൂപകൽപന ചെയ്തിരിക്കുന്നത്.
ഖത്തറിന്റെ ഫുട്ബാൾ സംസ്കാരത്തെ മറ്റുള്ളവരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം -ബുഥൈന അൽ മുഫ്ത പറയുന്നു. ഓരോ പോസ്റ്ററും ആഘോഷത്തെയും ഖത്തറിലെ ഫുട്ബാൾ ആവേശത്തെയും ആരാധനയെയുമാണ് സൂചിപ്പിക്കുന്നത്. പ്രധാന പോസ്റ്ററിലുള്ളത് പരമ്പരാഗത തലപ്പാവായ ഇഗൽ, ഗുത്റ എന്നിവയാണ്. ആഘോഷത്തിന്‍റെ ഭാഗമായി ആകാശത്തിലേക്ക് എറിയുന്നതാണ് പോസ്റ്ററിലുള്ളത്. ഗോളടിച്ചാൽ തലപ്പാവ് ധരിക്കുന്നവർ അതെടുത്ത് വായുവിലേക്ക് എറിയുക പതിവാണ്. ഈ ശൈലിയിൽ നിന്നാണ് അത്തരമൊരു രൂപകൽപനയെന്ന് ബുഥൈന പറഞ്ഞു.
ഖത്തറിന്റെ കലയെയും ഫുട്ബാൾ പൈതൃകത്തെയും പ്രതിഫലിപ്പിക്കുന്നതാണ് ഔദ്യോഗിക പോസ്റ്ററെന്നും ഏറ്റവും മനോഹരമായി അവതരിപ്പിച്ച ഈ പോസ്റ്റർ പരമ്പരയിൽ ഏറെ അഭിമാനമുണ്ടെന്നും ഫിഫ മാർക്കറ്റിങ് ഡയറക്ടർ ജീൻ ഫ്രാങ്കോ പതി പറഞ്ഞു. ഞങ്ങളുടെ ഫുട്ബാളിനോടുള്ള സ്നേഹത്തെയും അറബ് ലോകത്ത്
ആദ്യമായെത്തുന്ന ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിലെ ഞങ്ങളുടെ ഉത്കണ്ഠകളുമാണ് പോസ്റ്ററിൽ നിറഞ്ഞിരിക്കുന്നതെന്നും സുപ്രീം കമ്മിറ്റി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഖാലിദ് അൽ മവ്ലാവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.