ലോകകപ്പ് ഒരുക്കം: സുസ്ഥിരത പ്രോഗ്രസ് റിപ്പോർട്ടുമായി ഖത്തറും ഫിഫയും
text_fieldsദോഹ: ഖത്തർ ലോകകപ്പ് ഫുട്ബോൾ ടൂർണമെൻറിന്‍റെ മുഖമുദ്രയായ സുസ്ഥിരതയുമായി ബന്ധപ്പെട്ട പ്രോഗ്രസ് റിപ്പോർട്ടുമായി ഖത്തറും ഫിഫയും. ലോകകപ്പ് ഫുട്ബാൾ ചരിത്രത്തിലാദ്യമായി പൊതുജനങ്ങൾക്ക് ലഭ്യമാകും വിധത്തിലാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. ടൂർണമെൻറുമായി ബന്ധപ്പെട്ട സുസ്ഥിരതാ ശ്രമങ്ങളുടെ പുരോഗതിയും നേട്ടങ്ങളും വിശദമാക്കുന്ന റിപ്പോർട്ടിന്‍റെ പുതിയ രൂപം പൊതുജനങ്ങളിലേക്കും ഓഹരിയുടമകളിലേക്കും എത്തിക്കാൻ ഫിഫ, സുപ്രീം കമ്മിറ്റി, ഫിഫ ലോകകപ്പ് ഖത്തർ 2022 എൽ.എൽ.സി എന്നിവരെ പ്രാപ്തമാക്കും. ലോകകപ്പ് ടൂർണമെൻറിന്‍റെ പ്രൈമറി ഡെലിവറി പങ്കാളികളുമായി സഹകരിച്ചാണ് ഖത്തർ ലോകകപ്പ് സുസ്ഥിരത സ്ട്രാറ്റജി വികസിപ്പിച്ചിരിക്കുന്നത്. സുപ്രധാന സുസ്ഥിരതാ വിഷയങ്ങളായ മാനവിക, സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക, ഭരണനിർവഹണ തലങ്ങളെ അഭിമുഖീകരിക്കാൻ പാകത്തിലാണ് സ്ട്രാറ്റജി രൂപപ്പെടുത്തിയിരിക്കുന്നത്.
ലോകകപ്പിന്‍റെ അന്തിമ വിസിൽ മുഴങ്ങിയാലും ദീർഘകാലത്തേക്ക് വരും തലമുറക്ക് കൂടി പ്രയോജനപ്പെടുത്താൻ വിധത്തിലാണ് ഖത്തർ ലോകകപ്പ് ടൂർണമെൻറിന്‍റെ സുസ്ഥിരത പദ്ധതികൾ. 79 സംരംഭങ്ങളുമായും ബന്ധപ്പെട്ട പുരോഗതി റിപ്പോർട്ടിൽ വിവരിക്കുന്നുണ്ട്. ടൂർണമെൻറിനാവശ്യമായ നിർമാണ പ്രവർത്തനങ്ങളിൽനിന്നും ടൂർണമെൻറ് സംഘാടനത്തിലേക്ക് സംഘാടകർ എത്തിച്ചേർന്നിട്ടുണ്ട്. കഴിഞ്ഞ 18 മാസക്കാലയളവിൽ തൊഴിൽ നിയമത്തിലെ പരിഷ്കരണമടക്കം സുസ്ഥിരതയുമായി ബന്ധപ്പെട്ട് നിരവധി നാഴികക്കല്ലുകളാണ് ഖത്തറും ഫിഫയും പിന്നിട്ടത്. പരിസ്ഥിതി സൗഹൃദം, കാർബൺ ന്യൂട്രൽ, ഭിന്നശേഷിക്കാർക്കുൾപ്പെടെ സമൂഹത്തിലെ എല്ലാവർക്കും ആക്സസിബിൾ, കാർബൺ പ്രസരണം കുറക്കൽ തുടങ്ങി നിരവധി ഘടകങ്ങൾ സുസ്ഥിരതയുമായി ബന്ധപ്പെട്ട് കിടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.