പൊരുതിത്തോറ്റ് ഇന്ത്യ
text_fieldsദോഹ: ലോകകപ്പ് ഫുട്ബാൾ യോഗ്യത മത്സരത്തിൽ കരുത്തരായ ഖത്തറിനോട് ഒന്നിനെതിരെ രണ്ട് ഗോളിന് പൊരുതിത്തോറ്റ് ഇന്ത്യ. ആദ്യ പകുതിയിൽ വീറോടെ പൊരുതി ഒരു ഗോളിന് മുന്നിൽ നിന്ന ഇന്ത്യ അവസാന 20 മിനിറ്റിൽ തളരുകയായിരുന്നു. തുടക്കം മുതൽ നന്നായി കളിച്ച ഇന്ത്യ 37ാം മിനിറ്റിൽ ലാലിയൻസുവാല ചാങ്തെയിലൂടെ ലീഡും സ്വന്തമാക്കി.
ആദ്യ പകുതിയിൽ പന്തടക്കത്തിലും മുന്നേറ്റത്തിലും ഇന്ത്യതന്നെയാണ് മുന്നിട്ടുനിന്നത്. രണ്ടാം പകുതിയിൽ തുടക്കത്തിൽ പിടിച്ചുനിന്നെങ്കിലും ഖത്തർ താരങ്ങളുടെ ശാരീരികക്ഷമതക്ക് മുന്നിൽ ഇന്ത്യൻ ടീമിന് അവസാനം വരെ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. 73ാം മിനിറ്റിൽ യൂസുഫ് അയ്മൻ, 85ാം മിനിറ്റിൽ അഹ്മദ് അൽ റാവി എന്നിവരാണ് ഖത്തറിന് വേണ്ടി ഗോൾ നേടിയത്.
വിജയിച്ചാൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ ഇന്ത്യക്ക് അവസരമുണ്ടായിരുന്നു. ഇതേസമയത്ത് നടന്ന മറ്റൊരു മത്സരത്തിൽ അഫ്ഗാനിസ്താനെ ഒരു ഗോളിന് തോൽപിച്ച് കുവൈത്ത് ഗ്രൂപ്പിലെ രണ്ടാം സ്ഥാനമുറപ്പിച്ചു. ഖത്തറിന് ആറ് കളികളിൽ അഞ്ച് വിജയവും ഒരു സമനിലയുമായി 16 പോയൻറും കുവൈത്തിന് ആറ് കളിയിൽ രണ്ട് ജയവും മൂന്ന് തോൽവിയും ഒരു സമനിലയുമായി ഏഴ് പോയൻറുമാണുള്ളത്.
ആറ് കളിയിൽ ഒരു ജയവും രണ്ട് സമനിലയും മൂന്ന് തോൽവിയുമായി ഇന്ത്യക്കും അഫ്ഗാനിസ്താനും അഞ്ച് പോയൻറ് വീതമാണുള്ളതെങ്കിലും ഗോൾ ശരാശരിയിൽ ഇന്ത്യ മൂന്നാം സ്ഥാനം കരസ്ഥമാക്കി. മലയാളി താരം തഹ്സിൻ മുഹമ്മദ് ജംഷിദ് ഖത്തർ ടീമിൽ ഇടംപിടിച്ചിരുന്നെങ്കിലും കളത്തിലിറങ്ങാൻ അവസരം ലഭിച്ചില്ല. സൂപ്പർ താരം സുനിൽ ഛേത്രി വിരമിച്ചതിന് ശേഷമുള്ള ആദ്യ മത്സരത്തിൽ ഗോൾകീപ്പർ ഗുർപ്രീത് സന്ധുവിന്റെ നായകത്വത്തിന് കീഴിലാണ് ഇന്ത്യ ബൂട്ടുകെട്ടിയത്.
രാഹുൽ ഭെകെയും അൻവർ അലിയും മെഹ്താബ് സിങ്ങും ജയ് ഗുപ്തയും ചേർന്ന പ്രതിരോധവും സുരേഷ് സിങ് വാങ്ജാം, മൻവിർ സിങ് ബ്രണ്ടൻ ഫെർണാണ്ടസ് എന്നിവരടങ്ങിയ മധ്യനിരയും നന്നായി കളിച്ചു. മുൻനിരയിൽ ഛേത്രിയെ പോലൊരു ഫിനിഷർ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപ്പിച്ച പല സന്ദർഭങ്ങളുമുണ്ടായി. ഖത്തർ ബോക്സിനടുത്തേക്ക് പലവട്ടം പന്തെത്തിയെങ്കിലും റഹീം അലിയെയും ലാൽ ചാങ്തെയെയും ഖത്തർ പ്രതിരോധം പൂട്ടി. നിരവധി മുന്നേറ്റങ്ങൾക്ക് ശേഷമാണ് 37ാം മിനിറ്റിൽ ഗോൾവരൾച്ച അവസാനിച്ചത്. ബോക്സിെൻറ മൂലയിൽനിന്ന് ബ്രണ്ടൻ ഫെർണാണ്ടസ് നൽകിയ പാസ് സ്വീകരിച്ച ചാങ്തെ അനായാസം പന്ത് വലക്കകത്തെത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.