ആത്മവിശ്വാസമുയർത്തിയ വിജയം
text_fieldsദോഹ: ലോകകപ്പ് യോഗ്യത റൗണ്ടിൽ ഖത്തറിന് പുതു പ്രതീക്ഷയായി കിർഗിസ്താനെതിരായ ജയം. ജയമില്ലാത്ത ആദ്യ രണ്ട് മത്സരങ്ങളിലെ നിരാശജനകമായ പ്രകടനത്തിനുശേഷമാണ് അക്രം അഫിഫും അൽ മുഈസ് അലിയും അടങ്ങിയ സംഘം സ്വന്തം മണ്ണിൽ ത്രില്ലർ ജയവുമായി വിലപ്പെട്ട മൂന്ന് പോയന്റ് നേടി ഏഷ്യൻ മേഖലാ തലത്തിലെ മൂന്നാം റൗണ്ടിൽ പ്രതീക്ഷകൾ സജീവമാക്കിയത്.
ആദ്യ ജയത്തോടെ നാല് പോയന്റുമായി ഖത്തർ നാലാം സ്ഥാനത്തേക്ക് കയറി. അതേസമയം, കഴിഞ്ഞ ദിവസം ഗ്രൂപ്പിലെ മറ്റു രണ്ട് മത്സരങ്ങളും സമനിലയിൽ അവസാനിച്ചു. മുൻനിരക്കാരായ ഉസ്ബകിസ്താനും ഇറാനും തമ്മിലെ മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. നിലവിൽ ഏഴ് പോയന്റുമായി ഒന്നും രണ്ടും സ്ഥാനത്താണ് ഉസ്ബകിസ്താനും ഇറാനും.
കിർഗിസ്താനെതിരായ 3-1ന്റെ ജയം 15ന് ദുബൈയിൽ നടക്കുന്ന നിർണായക മത്സരത്തിൽ ഇറാനെതിരെ ടീമിനെ കളത്തിലിറക്കാൻ ഖത്തർ കോച്ച് മാർക്വേസ് ലോപസിന് ആത്മവിശ്വാസമേകും. കിർഗിസ്താനെതിരെ രണ്ടു ഡസനിലേറെ മുന്നേറ്റങ്ങൾ നടത്താനായതും, എതിരാളിയുടെ ആക്രമണം ഫലപ്രദമായി പ്രതിരോധിക്കാൻ കഴിഞ്ഞതും മാർക്വേസ് ലോപസിന് പ്രതീക്ഷ നൽകുന്നതാണ്. ടീമിന്റെ പ്രകടനം തൃപ്തികരമായിരുന്നുവെന്ന് കോച്ച് മത്സരശേഷം പറഞ്ഞു.
കിർഗിസ്താനെതിരായ ജയം ടീം അർഹിച്ചതായിരുന്നുവെന്ന് പറഞ്ഞ അക്രം അഫിഫ്, ഇനി അടുത്ത മത്സരത്തിലാണ് ഞങ്ങളുടെ ശ്രദ്ധയെന്ന വ്യക്തമാക്കി. അൽ തുമാമ സ്റ്റേഡിയത്തെ സജീവമാക്കിയ 25,000ത്തിലേറെ വരുന്ന കാണികൾക്കും അഫിഫ് നന്ദി പറഞ്ഞു. അബ്ദുൽകരീം, ബൗലം ഖൗഖി എന്നിവരുടെ തിരിച്ചുവരവ് ടീം പ്രതിരോധത്തിനും ഉണർവായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.