ലോകകപ്പ് യോഗ്യത മത്സരങ്ങൾ: ഇന്ത്യൻ ഫുട്ബാൾ ടീം ദോഹയിൽ; ആദ്യ മത്സരം ജൂൺ മൂന്നിന്
text_fieldsദോഹ: 2022 ലോകകപ്പ് യോഗ്യത റൗണ്ടിലെ അവശേഷിക്കുന്ന മൂന്ന് മത്സരങ്ങൾക്കായി ഇന്ത്യൻ ദേശീയ ഫുട്ബാൾ ടീം ദോഹയിലെത്തി. ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ ആതിഥേയരായ ഖത്തറിനെതിരെ ജൂൺ മൂന്നിനാണ് ഇന്ത്യയുടെ ആദ്യമത്സരം. മലയാളി താരങ്ങളായ ആശിഖ് കുരുണിയനും സഹൽ അബ്ദുൽ സമദും ടീമിനൊപ്പം ഖത്തറിലെത്തിയിട്ടുണ്ട്. അതേസമയം, ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് നിലനിൽക്കുന്ന 10 ദിവസെത്ത ഹോട്ടൽ ക്വാറൻറീൻ വ്യവസ്ഥകൾ ടീമിനായി നീക്കിയ ഖത്തർ അധികാരികൾക്കും ഖത്തർ ഫുട്ബാൾ അസോസിയേഷനും അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ നന്ദി അറിയിച്ചു.
എന്നാലും കോവിഡ്–19 പരിശോധന ഫലം പുറത്തുവരുന്നത് വരെ 28 അംഗ സംഘം ക്വാറൻറീനിൽ കഴിയേണ്ടി വരും. പരിശോധന ഫലം പുറത്തുവരുന്നതോടെ ടീമിന് പരിശീലനത്തിനും ഇറങ്ങാൻ കഴിയും. കോവിഡ്–19 ഉയർത്തിയ പ്രതിസന്ധികൾക്കിടയിലും ഇന്ത്യൻ ടീമിന് ദോഹയിലിറങ്ങാനും പരിശീലന ക്യാമ്പിനുള്ള തയാറെടുപ്പുകൾ നടത്തുന്നതിനും പിന്തുണ നൽകുകയും സഹകരിക്കുകയും ചെയ്ത ഖത്തർ ഫുട്ബാൾ അസോസിയേഷന് നന്ദി അറിയിക്കുകയാണെന്ന് എ.ഐ.ഐ.എഫ് അറിയിച്ചു.
ഏഷ്യൻ മേഖലയിൽനിന്നുള്ള ഗ്രൂപ് ഇ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ബയോ ബബിൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് നടക്കുക. ജൂൺ ഏഴിന് അഫ്ഗാനിസ്താനെതിരെയും ജൂൺ 11ന് ബംഗ്ലാദേശിനെതിരെയുമാണ് ഇന്ത്യയുടെ മറ്റു മത്സരങ്ങൾ. എല്ലാ മത്സരങ്ങൾക്കും അൽ സദ്ദിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയം വേദിയാകും. ഗ്രൂപ് ഇയിൽ ഇന്ത്യക്ക് കേവലം മൂന്ന് പോയൻറ് മാത്രമാണ് സമ്പാദ്യമായുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.