ലോകകപ്പ് ഷോട്ട് ഗൺ ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം
text_fieldsദോഹ: 63 രാജ്യങ്ങളിൽനിന്നും 450ഓളം ഷൂട്ടർമാർ മാറ്റുരക്കുന്ന അന്താരാഷ്ട്ര ഷൂട്ടിങ് ഫെഡറേഷൻ ഷോട്ട് ഗൺ വേൾഡ്കപ്പിന് ശനിയാഴ്ച ഖത്തറിൽ തുടക്കം. ലുസൈൽ ഷൂട്ടിങ് കോംപ്ലക്സിലാണ് മത്സരങ്ങൾ നടക്കുന്നത്. ഇന്റർനാഷനൽ ഷൂട്ടിങ് സ്പോർട്സ് ഫെഡറേഷന്റെ സുപ്രധാന മത്സരങ്ങളിൽ ഒന്നായ ഷോട്ട് ഗൺ വേൾഡ് കപ്പ് ഒളിമ്പിക്സ് യോഗ്യത നേടാനുള്ള റേറ്റിങ് പോയന്റിലും പ്രധാനമാണ്.
ഖത്തർ ഷൂട്ടിങ് ആൻഡ് ആർച്ചറി അസോസിയേഷൻ ആണ് എട്ടു ദിനം നീളുന്ന ടൂർണമെന്റിന്റെ ആതിഥേയർ. 11 രാജ്യങ്ങളിലായാണ് സീസണിലെ 12 ലോകകപ്പ് സീരീസ് നടത്തുന്നത്. ജനുവരിയിൽ മൊറോക്കോയിൽ തുടങ്ങിയ ലോകകപ്പ് സീരീസിൽ ഷോട്ട് ഗൺ മത്സരങ്ങൾക്കാണ് ഖത്തർ വേദിയാവുന്നത്.
ഒളിമ്പിക് ഇനമായ ഷൂട്ടിങ്ങിലെ സുപ്രധാന താരങ്ങൾ മാറ്റുരക്കുന്ന ചാമ്പ്യൻഷിപ്പിന് വേദിയാകാൻ ഖത്തർ പൂർണമായും സജ്ജമായതായി ചാമ്പ്യൻഷിപ് ഡെപ്യൂട്ടി ഡയറക്ടർ ജാസിം ഷഹീൻ അൽ സുലൈതി പറഞ്ഞു. ‘ലുസൈൽ ഷൂട്ടിങ് റേഞ്ച് മത്സരത്തിനായി സജ്ജമായിക്കഴിഞ്ഞു.
കഴിഞ്ഞ മൂന്നു മാസമായി ചാമ്പ്യൻഷിപ്പിന് വേദിയൊരുക്കാനുള്ള ഒരുക്കത്തിലായിരുന്നു. തയാറെടുപ്പ് എന്നനിലയിൽ ഏതാനും ആഴ്ചകൾക്കുമുമ്പ് ഖത്തർ ഓപണിനും വേദിയായിരുന്നു. എല്ലാ അർഥത്തിലും മികച്ച പോരാട്ടത്തിന് ഞങ്ങൾ വേദിയൊരുക്കും’ -അൽ സുലൈതി പറഞ്ഞു. ജനുവരി മുതൽ സെപ്റ്റംബർ വരെ നീണ്ടുനിൽക്കുന്ന 12 സീരീസുകൾ അടങ്ങിയ ചാമ്പ്യൻഷിപ്പിലെ നാലാമത്തെ മത്സരത്തിനാണ് ഖത്തർ വേദിയാകുന്നത്.
ഫൈനൽ ഡിസംബറിൽ നടക്കും. ഓരോ ലോകകപ്പിലെയും സ്വർണ മെഡൽ ജേതാക്കളാകും ഫൈനലിൽ മാറ്റുരക്കുന്നത്. പുരുഷ വനിത വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിൽ ആതിഥേയരായ ഖത്തറിനായി അഞ്ചു താരങ്ങൾ മത്സരിക്കുന്നുണ്ട്. ആറു പേരടങ്ങിയ ഇന്ത്യൻ ടീമും പങ്കെടുക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.