ലോക കപ്പ്: ഏഷ്യൻ യോഗ്യതാ റൗണ്ട് കടന്ന് ദക്ഷിണ കൊറിയയും ഖത്തറിലേക്ക്
text_fieldsദോഹ: ഖത്തറിന്‍റെ മണ്ണിലേക്ക് കളിയുടെ വലിയ പെരുന്നാളിനായി ഏഷ്യൻ കരുത്തരായ ദക്ഷിണ കൊറിയയുമെത്തുന്നു. ഏഷ്യൻ യോഗ്യത മൂന്നാം റൗണ്ടിലെ ഗ്രൂപ്പ് 'എ'യിൽനിന്ന് ഇറാനു പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് ദക്ഷിണ കൊറിയയുടെ വരവ്. കഴിഞ്ഞ രാത്രിയിൽ സിറിയയെ മറുപടിയില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തിയാണ് ടോട്ടൻഹാമിന്‍റെ ഗോളടിതാരം ഹ്യൂങ് മിൻ സണിന്‍റെ കൊറിയൻ പടയുടെ വരവ്. എട്ട് കളി പൂർത്തിയായ ഗ്രൂപ്പിൽനിന്നും 22 പോയന്‍റുമായി ഇറാൻ നേരത്തെ തന്നെ ഖത്തറിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചിരുന്നു. 20 പോയന്‍റാണ് രണ്ടാം സ്ഥാനത്തുള്ള ദക്ഷിണ കൊറിയയുടെ നേട്ടം. എല്ലാ ടീമുകൾക്കും രണ്ട് കളി കൂടി ബാക്കിനിൽക്കെ യു.എ.ഇ, ലെബനാൻ, ഇറാഖ്, സിറിയ ടീമുകൾ അണിനിരന്ന ഗ്രൂപ്പിൽ നിന്നുള്ള ലോകകപ്പ് യോഗ്യരുടെ ചിത്രം തെളിഞ്ഞു.
സീനിയർ താരങ്ങൾക്ക് വിശ്രമം നൽകിയാണ് ദക്ഷിണ കൊറിയ അവസാന മത്സരത്തിനിറങ്ങിയത്. അനായാസ ജയത്തോടെ ലോകകപ്പിന് നേരത്തെ തന്നെ ടിക്കറ്റും ഉറപ്പിച്ചു. 2002 ലോകകപ്പിന് ആതിഥേയരായവരുടെ 11ാം ലോകകപ്പ് പ്രവേശനം കൂടിയാണിത്. സ്വന്തം മണ്ണിൽ സെമിഫൈനലിലെത്തി വിസ്മയിപ്പിച്ച കൊറിയക്കാർ, 2010ൽ പ്രീക്വാർട്ടറിലെത്തിയിരുന്നു. 2006, 2014, 2018 ലോകകപ്പുകളിൽ ഗ്രൂപ്പ് റൗണ്ടുകളിൽ തന്നെ മടങ്ങാനായിരുന്നു യോഗം. ഇനി ഗ്രൂപ് 'ബി'യിൽനിന്ന് ഖത്തറിലേക്ക് യോഗ്യത നേടുന്നവർ ആരെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകലോകം. സൗദി അറേബ്യൻ (19), ജപ്പാൻ (18), ആസ്ട്രേലിയ (15) ടീമുകൾ തമ്മിലാണ് ഗ്രൂപ്പിലെ പോരാട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.