ലോകകപ്പ് ടീം പരിശീലകരുടെ സംഗമം
text_fieldsദോഹ: സ്വർണക്കിരീടവുമായി ദോഹയിൽനിന്ന് ബ്വേനസ് എയ്റിസിലേക്ക് വിമാനം കയറിയ അർജന്റീനയുടെ ലയണൽ സ്കലോണി മുതൽ പാതിവഴിയിൽ കണ്ണീരോടെ മടങ്ങിയ ബ്രസീലിന്റെ ടിറ്റെയും പോർചുഗലിന്റെ ഫെർണാണ്ടോ സാന്റോസും ഉൾപ്പെടെ പ്രമുഖരെല്ലാം ദോഹയിൽ വീണ്ടും ഒന്നിച്ചു. കഴിഞ്ഞ നവംബർ-ഡിസംബർ മാസങ്ങളിലായി ദോഹ വേദിയായ ലോകകപ്പിന്റെ അനുഭവങ്ങളും പരിചയങ്ങളും പാഠങ്ങളും പങ്കുവെക്കാനായി ഫിഫ സംഘടിപ്പിച്ച ‘കോച്ചസ് ഫോറ’മായിരുന്നു ലോകകപ്പ് പോർക്കളത്തിൽ ഏറ്റുമുട്ടിയ പരിശീലകരുടെ സംഗമവേദിയായത്. കഴിഞ്ഞദിവസമായിരുന്നു ലോകകപ്പ് അവലോകനത്തിനായി ഫിഫ നേതൃത്വത്തിൽ ദോഹയിൽ കോച്ചസ് ഫോറം സംഘടിപ്പിച്ചത്. കിരീടമണിഞ്ഞവരും അട്ടിമറി കുതിപ്പുകളുമായി എതിരാളികളെ വിറപ്പിച്ചവരും വലിയ സ്വപ്നങ്ങളുമായെത്തി പാതിവഴിയിൽ ഉടഞ്ഞുവീണവരുമെല്ലാം ഒത്തുചേർന്നപ്പോൾ അതൊരു അപൂർവസംഗമമായി.
ടിറ്റെയും സാന്റോസും ഉൾപ്പെടെ പ്രമുഖർക്കെല്ലാം ലോകകപ്പിനു പിന്നാലെ സ്ഥാനം തെറിച്ചെങ്കിലും ഖത്തറിൽ തങ്ങൾ പഠിച്ചതും അനുഭവിച്ചറിഞ്ഞതുമെല്ലാം പങ്കുവെക്കാനായി അവരും ദോഹയിലെത്തി. ലോകകപ്പിന്റെ വിശകലനവും ഒപ്പം ഭാവി ടൂർണമെന്റുകൾക്കാവശ്യമായ തയാറെടുപ്പുമെല്ലാം മുന്നിൽ കണ്ടായിരുന്നു ഫിഫ ഇത്തരത്തിൽ ഒരു ഒത്തുചേരൽ ആദ്യമായി സംഘടിപ്പിച്ചത്. 32 ടീമുകളുടെയും പരിശീലകർ, ടെക്നിക്കൽ ഡയറക്ടർമാർ എന്നിവർ ദോഹയിലെ ഒരു മുറിയിൽ ഒത്തുചേർന്നു. ചരിത്രത്തിലെ മികച്ച ടൂർണമെന്റാക്കി ഖത്തർ ലോകകപ്പിനെ മാറ്റിയ പരിശീലകർക്ക് ഫോറം ഉദ്ഘാടനം നിർവഹിച്ച ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ നന്ദി അറിയിച്ചു. ഫിഫ അംഗ അസോസിയേഷനുകളിലെ മുഖ്യപരിശീലകർക്ക് ഖത്തർ ലോകകപ്പിലെ മത്സരങ്ങളെക്കുറിച്ചും റഫറിയിങ്ങുമായി ബന്ധപ്പെട്ടും വിവരങ്ങളും അനുഭവവും കൈമാറാനുള്ള അവസരമാണ് ഫിഫ കോച്ചസ് ഫോറമെന്ന് അദ്ദേഹം പറഞ്ഞു. ഭാവിയിലെ ടൂർണമെന്റുകൾ മികച്ചതാക്കാൻ ഫിഫ പരിശീലകരുടെ ഫീഡ്ബാക്കുകൾ ഉപയോഗപ്പെടുത്തും.
ഫുട്ബാൾ ഫീൽഡിൽ പരിശീലകരോട് തനിക്കുള്ള ബഹുമാനവും ആരാധനയും എടുത്തുപറഞ്ഞായിരുന്നു ഇൻഫന്റിനോ സംസാരിച്ചത്. ‘സമ്മർദം മനസ്സിലാക്കുന്ന, വികാരങ്ങളെ തിരിച്ചറിയുന്ന, ഫുട്ബാൾ സൃഷ്ടിക്കുന്ന വികാരം മനസ്സിലാക്കുന്ന ആരെങ്കിലുമുണ്ടെങ്കിൽ അത് പരിശീലകരാണ്. വ്യക്തിപരമായി ഞാൻ ഏറെ ഇഷ്ടപ്പെടുന്നവരാണവർ’-ഇൻഫാന്റിനോ അഭിപ്രായപ്പെട്ടു.
രാജ്യങ്ങളെയാണ് നിങ്ങൾ പ്രതിനിധാനംചെയ്യുന്നത്. ജനസംഖ്യയുടെ വികാരങ്ങളെയും പ്രതിനിധാനംചെയ്യുന്നു. പ്രതീക്ഷയും സന്തോഷവും കണ്ണീരും നാം ഇവിടെ കാണുന്നു. നാല് വർഷത്തെ യാത്രയുടെ അവസാനമായി 211 ഫിഫ അംഗരാജ്യങ്ങളിൽനിന്ന് ഒരു ലോകചാമ്പ്യൻ ഉയർന്നുവരും. അതു മനോഹരമാക്കിയത് പരിശീലകനാണ്. കളിയെ സ്നേഹിക്കുന്ന എല്ലാവരുടെയും പേരിൽ നിങ്ങളെ ഞാൻ അഭിനന്ദിക്കുന്നു’-ഇൻഫന്റിനോ പറഞ്ഞു.
2026ൽ കാനഡ, മെക്സികോ, അമേരിക്ക എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന അടുത്ത ഫിഫ ലോകകപ്പിനെക്കുറിച്ച് പരിശീലകർക്ക് സംസാരിക്കാനുള്ള അവസരം കൂടിയാണ് ഈ ഫോറമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇംഗ്ലണ്ട് പരിശീലകൻ ഗാരെത് സൗത്ഗേറ്റ്, ജർമനിയുടെ ദിദിയർ ദെഷാംപ്സ്, നെതർലൻഡ്സ് കോച്ചായിരുന്നു ലൂയി വാൻഗാൽ തുടങ്ങി മുൻനിര പരിശീലകർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.