ലോകകപ്പ് ജീവിതത്തിലെ വഴിത്തിരിവാകും -ഫാതിമ അൽ തമീമി
text_fieldsദോഹ: ഖത്തറിന്‍റെ വിജയകരമായ ലോകകപ്പ് ഒരുക്കങ്ങളിൽ ഒരുപാട് പേരുടെ പങ്കാളിത്തമുണ്ട്. രാവും പകലും ചിന്തയും പ്രയത്നവുമായി ഒരുപിടി പേർ നടത്തിയ അധ്വാനത്തിന്‍റെ ഫലമാണ് ഖത്തറിന്‍റെ ലോകകപ്പ് ഒരുക്കം. അവരിൽ ഒരാളാണ് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി പബ്ലിക് റിലേഷൻ വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥയായ ഫാതിമ മിഹന്ന അൽ തമീമി. ലോകകപ്പിലേക്കുള്ള യാത്രയെ കുറിച്ച് സംസാരിക്കുകയാണ് അവർ. ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറ് ഓരോരുത്തരുടെയും ജീവിതത്തിലെ പ്രധാന വഴിത്തിരിവാകുമെന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു. രാജ്യത്തെ ഓരോ വ്യക്തിയുടെയും ഭാവിജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തും. ഏറ്റവും മികച്ച മാർഗത്തിലൂടെ ഖത്തറിനെ പ്രതിനിധാനം ചെയ്യാനാണ് താൻ ശ്രമിക്കുന്നതെന്നും ലോകകപ്പ് അതിനൊരു മുതൽക്കൂട്ടാകുമെന്നും പൊതു പ്രവർത്തനത്തിനുള്ള അവസരം ലോകകപ്പ് ടൂർണമെൻറിന്റെ രൂപത്തിൽ എത്തുകയായിരുന്നുവെന്നും ഫാതിമ അൽ തമീമി പറഞ്ഞു. ഖത്തർ ശൂറാ കൗൺസിൽ മുൻ അംഗമായിരുന്ന പിതാമഹന്‍റെ പാത പിന്തുടർന്നാണ് അൽ തമീമി പൊതുരംഗത്തെത്തുന്നത്. എല്ലാവർക്കും അഭിമാനിക്കാവുന്ന ഒരു ടൂർണമെൻറാണ് കൈയെത്തും ദൂരത്തെത്തിനിൽക്കുന്നത്. എല്ലാ പൗരന്മാരും അക്ഷമരായി കാത്തിരിക്കുകയാണ്, േലാകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 10 ലക്ഷത്തിലധികം വരുന്ന ഫുട്ബാൾ ആരാധകരെ വരവേൽക്കാനും തങ്ങളുടെ ചരിത്രവും സംസ്കാരവും പകർന്നുനൽകാനും.
സുപ്രീം കമ്മിറ്റിയിലെ അനുഭവം
സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെ ഭാഗമായത് ഖത്തറിന്റെ എല്ലാ ഭാഗത്തും കൂടുതൽ ബന്ധം വളർത്തുന്നതിന് സഹായിച്ചതോടൊപ്പം ഫിഫയിലെ ഉദ്യോഗസ്ഥരുമായും മികച്ച ബന്ധം വളർത്തുന്നതിനും സഹായകമായി. സുപ്രീം കമ്മിറ്റിയിൽ ചേർന്നതുമുതൽ വലിയ പിന്തുണയാണ് എല്ലാവരിൽനിന്നും ലഭിച്ചത്. ഏറ്റവും മികച്ച തൊഴിൽ അന്തരീക്ഷമാണിവിടെ. ലോകകപ്പ് ഫുട്ബാൾ പോലൊരു ടൂർണമെൻറ് ഖത്തറിൽ വരുന്നത് നമ്മുടെ ജീവിതത്തിലെല്ലാം വലിയ മാറ്റങ്ങൾക്ക് കാരണമാകുമെന്നും ടൂർണമെൻറിന് ശേഷവും അതിന്റെ ശേഷിപ്പുകൾ ഭാവിതലമുറക്കുകൂടി പ്രയോജനപ്പെടുത്താൻ വിധത്തിലുള്ള ലെഗസി പദ്ധതികളാണ് പൂർത്തിയായിക്കൊണ്ടിരിക്കുന്നതെന്നും വ്യക്തമാക്കിയ അവർ, ഖത്തറിന് മാത്രമല്ല, ഇത് മേഖലക്ക് തന്നെ ഏറെ പ്രയോജനപ്പെടുമെന്നും സൂചിപ്പിച്ചു.
ടൂർണമെൻറിനെ കുറിച്ച്
ലോകകപ്പിനായി അക്ഷമയോടെ കാത്തിരിക്കുകയാണ്. ഒരു മാസക്കാലം ലോകം ഖത്തറിലേക്ക് ചുരുങ്ങും. കിഴക്കിനും പടിഞ്ഞാറിനും ഇടയിലുള്ള സാംസ്കാരിക വിലങ്ങുകളെ പൊട്ടിച്ച് അവക്കിടയിൽ പുതിയ ബന്ധം സ്ഥാപിക്കുകയാണ് ലക്ഷ്യം –അവർ വ്യക്തമാക്കി. ചരിത്രത്തിൽ അടയാളപ്പെടുത്താനിരിക്കുന്ന ലോകകപ്പിനായി പത്തുലക്ഷത്തിലധികം പേരാണ് ഖത്തറിലെത്തുക. ടൂർണമെൻറിനായി വ്യത്യസ്തമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. മറ്റു ലോകകപ്പുകളിൽനിന്നെല്ലാം വ്യത്യസ്തമാകുന്ന ഫാൻസോണുകളായിരിക്കും ഫുട്ബാൾ ആരാധകർക്കായി തയാറാക്കപ്പെടുക.
ലോകകപ്പിന് ശേഷം
ലോകകപ്പിന് ശേഷം വ്യക്തിപരമായി എന്ത് എന്നത് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത് തുടരാൻ ആഗ്രഹമുണ്ട്. അമേരിക്കയിലും മെക്സിക്കോയിലും കാനഡയിലുമായി നടക്കുന്ന അടുത്ത ടൂർണമെൻറിന്റെ ഭാഗമാകണമെന്നുണ്ട്. 2026ലെ ലോകകപ്പ് ടൂർണമെൻറിനെ ഖത്തർ ലോകകപ്പ് ഏറെ സ്വാധീനിക്കുമെന്ന് വിശ്വാസമുണ്ട്. സുസ്ഥിരതക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ടൂർണമെൻറുകൾ തന്നെയാകും വരാനിരിക്കുന്നത്. ഒരു കാര്യം കൂടി, ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ടൂർണമെൻറിനായിരിക്കും ഖത്തറും അറബ് മിഡിലീസ്റ്റ് മേഖലയും ലോകവും തന്നെ സാക്ഷ്യം വഹിക്കാൻ പോകുന്നത് -ഫാതിമ അൽ തമീമി അവസാനിപ്പിച്ചു.
2019 മുതൽ സുപ്രീം കമ്മിറ്റിയിൽ പബ്ലിക് റിലേഷൻ വകുപ്പിൽ സേവനമനുഷ്ഠിച്ചു വരുന്ന ഫാതിമ അൽ തമീമി സാൻഡിയാഗോ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിൽ നിന്നുമാണ് രാഷ്ട്രമീമാംസയിൽ ബിരുദം നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.